ഭരണകൂട സഹായത്താല്‍ പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് നടത്തിയ വേട്ടയാണ് ദില്ലി വംശീയഹത്യയെന്ന്

കൊച്ചി : ഭരണകൂട സഹായത്താല്‍ ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് നടത്തിയ വേട്ടയാണ് ദില്ലി വംശീയഹത്യയെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ദില്ലി വംശീയഹത്യ;ഇരകള്‍ക്ക് നീതി നല്‍കൂ …’

2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്നത്
വര്‍ഗീയ കലാപമായിരുന്നില്ല;വംശീയഹത്യയായിരുന്നു…

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വംശീയഹത്യ….

ഭരണകൂട സഹായത്താല്‍ ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് നടത്തിയ വേട്ട….

വേട്ടക്കാര്‍ക്ക് പലയിടങ്ങളിലും സംരക്ഷണവലയം തീര്‍ത്തത് സര്‍ക്കാരും പോലീസുമായിരുന്നു…

അക്രമികള്‍ക്ക് പിന്തുണയേകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത് ബിജെപി നേതാക്കള്‍ മാത്രമായിരുന്നില്ല.
കേന്ദ്രമന്ത്രിമാരും വിദ്വേഷ പ്രചാരകരായിരുന്നു!

ആ ഘട്ടത്തില്‍ ദില്ലിയിലെ ആശുപത്രിയില്‍ പോയി പരിക്ക് പറ്റിയവരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തപ്പോള്‍ ലഭ്യമായ പലവിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു.
സെക്കുലര്‍ ഇന്ത്യയായിരുന്നു അവിടെ ആക്രമിക്കപ്പെട്ടത്.
പരിക്കേറ്റതും കൊല്ലപ്പെട്ടിട്ടും ജീവിക്കുവാന്‍ പൊരുതുന്നതും സെക്കുലറിസം തന്നെ.

ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത
വംശീയഹത്യയാണെന്ന് അന്ന് ഞങ്ങള്‍ പറഞ്ഞത് ശരിവെക്കുന്നതാണ് ദില്ലി ന്യൂനപക്ഷ കമ്മീഷന്റെ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്.
130 പേജുള്ള റിപ്പോര്‍ട്ട് ജൂലൈ 16ന് വ്യാഴാഴ്ച
കമ്മീഷന്‍ പുറത്തുവിട്ടിരിക്കുകയാണ്.

കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ബിജെപി നേതാക്കളെയും ദില്ലി പോലീസിനെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്ന
12 കാരണങ്ങള്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്.
അവ ചുവടെ കൊടുക്കുന്നു.

1. 2019 ഡിസംബറിനും 2020 ഫെബ്രുവരി മാസത്തിനുമിടയില്‍, ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും തെരഞ്ഞെടുപ്പിനിടയിലും, ബി. ജെ. പി. നേതാക്കള്‍ സി.എ. എ. വിരുദ്ധ പ്രതിഷേധകര്‍ക്കെതിരെ ജനവികാരമുയര്‍ത്തുന്ന പരസ്യ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.സി. എ. എ. വിരുദ്ധ സമര പോരാളികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും, അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുറത്താക്കണമെന്നും ആഹ്വാനം ചെയ്തിട്ടുമുണ്ട്.

2. ഫെബ്രുവരി 23ന് ബി.ജെ.പി. നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ (സി. എ. എ. വിരുദ്ധ) പ്രതിഷേധക്കാരോട് സമരപന്തല്‍ വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. അന്ന് രാത്രിയിലാണ് പുറത്ത് നിന്നെത്തിയ ആള്‍ക്കാരും തദ്ദേശ നിവാസികളുമടങ്ങുന്ന സംഘം അക്രമം അഴിച്ചുവിടുന്നത്. മിശ്രയുടെ പ്രസംഗ വേദിയില്‍ ഡി.സി.പി.യായ വി. പി. സൂര്യ യും പങ്കെടുത്തിരുന്നു.

3. ആള്‍കൂട്ടമുയര്‍ത്തിയ അക്രമിസംഘം മുദ്രാവാക്യങ്ങള്‍ അവരുടെ രാഷ്ട്രീയ ബന്ധം മറച്ചുപിടിക്കുന്നവയായിരുന്നില്ല. ‘ഹര്‍ ഹര്‍ മോദി’, ‘ശ്രീ രാമന്‍ വിജയിക്കട്ടെ’, ‘ഈ മുല്ലകളെ കൊന്നൊടുക്കൂ’ എന്നിങ്ങനെ അര്‍ത്ഥം വരുന്നവയായിരുന്നു അവയില്‍ ചിലത്.

4. മുസ്ലിം മതസ്ഥരുടെ ഉടമസ്ഥതയിലുള്ള കടകള്‍, വീടുകള്‍ മറ്റു വസ്തുക്കള്‍ എന്നിവ ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. എന്നാല്‍ ഹിന്ദു നാമധാരികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ മുസ്ലിം മതവിഭാഗത്തിലുള്ളവരുടെ കടകള്‍ മാത്രമാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്.

5. പുറത്തുനിന്നുള്ള ആളുകളുടെ സാന്നിധ്യം, അവര്‍ കരുതിയിരുന്ന ആയുധങ്ങള്‍, അവരെ തടയുന്നതിനുള്ള പോലീസിന്റെ അനാസ്ഥ എന്നിവ വിരല്‍ചൂണ്ടുന്നത് കൃത്യമായി ഗൂഢാലോചനയിലേക്കാണ്. പെട്ടന്നുണ്ടായ കലാപമാണ് എന്ന വാദം തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണ് ഗൂഢാലോചന സംബന്ധിച്ച ഈ വിവരങ്ങള്‍.

6. ആ പ്രദേശത്തുള്ള പതിനൊന്നു മുസ്ലിം പള്ളികള്‍, അഞ്ച് മദ്രസ്സകള്‍, ദേവാലയം, മുസ്ലിം മതസ്ഥരുടെ ശ്മാശാനഭൂമി എന്നിവ നശിപ്പിക്കുകയും മതഗ്രന്ഥത്തെ അപമാനിക്കുകയും ചെയ്തു.

7. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്നടക്കം അനേകം മുസ്ലിം മതസ്ഥര്‍ക്ക് മാറി പാര്‍ക്കേണ്ടി (displaced) വന്നു.

8. സഹായാഭ്യര്‍ത്ഥനയുടെ ഭാഗമായുള്ള ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കിയില്ല, നിയമപരമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പേരില്‍ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല, ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ വേണ്ട നടപടികള്‍ എടുത്തില്ല, എഫ്.ഐ. ആര്‍. ചുമത്തിയില്ല എന്നീ വസ്തുതകള്‍ ചൂണ്ടികാണിക്കുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

9. പലയിടങ്ങളിലും ആക്രമി സംഘങ്ങളെ പിന്തുണച്ചും പ്രേരിപ്പിച്ചും ഡല്‍ഹി പോലീസ് അവരോട് അനുനയപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10. കലാപത്തിനിരയായ മുസ്ലിം ജനവിഭാഗങ്ങളില്‍ പലര്‍ക്കും പോലീസ് അതിക്രമങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവരും, വാഗ്വാദങ്ങളിള്‍ ഏര്‍പ്പെട്ടവരും പരാതി നല്‍കിയവരും ശാരീരികമായ മര്‍ദ്ദനമേല്‍ക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

11. മുസ്ലിം സ്ത്രീകളെ വര്‍ഗ്ഗീയവും ലൈംഗീകവുമായ കുത്തുവാക്കുകള്‍ ഉപയോഗിച്ച് പോലീസ് അധിക്ഷേപിച്ചു.
സ്ത്രീകള്‍ക്കുനേരെ രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുറ്റാരോപിതനായ സംഭവവും കമ്മിറ്റി രേഖപ്പെടുത്തുന്നു.

12. ആക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ച ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ കമ്മിറ്റി നിരാശ പ്രകടിപ്പിച്ചു. ഇരയായവര്‍ക്ക് വളരെ കുറഞ്ഞ തുക നല്‍കുകയും, നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്തു. നേര്‍ വിപരീതമായി, കലാപത്തില്‍ ഇരയായ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മതിയായ നഷ്ടപരിഹാരം പെട്ടെന്ന് തന്നെ നല്‍കുകയും ചെയ്തു.

ഈ റിപ്പോര്‍ട്ട് DYFI ഇറക്കിയതല്ല.
മത ന്യൂനപക്ഷ വര്‍ഗീയവാദികളുടേതുമല്ല.

ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ (Delhi minorities കമ്മീഷന്‍) ആണ് ഈ റിപ്പോര്‍ട്ട് വിശദമായ അന്വേഷണത്തിന് ശേഷം ഇറക്കിയത്.
1999 ല്‍ ദില്ലി നിയമസഭ പാസാക്കിയ നിയമത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ് ദില്ലി ന്യൂനപക്ഷ കമ്മീഷന്‍.
രാജ്യതലസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ ,ജൈന്‍, പാഴ്‌സിസ് എന്നീ മത ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടന നല്‍കിയ അവകാശങ്ങളുടെയും താല്‍പര്യങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ കൂടി രൂപം കൊണ്ടതാണ് ദില്ലി ന്യൂനപക്ഷകമ്മീഷന്‍.പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, പണ്ഡിതര്‍, എഴുത്തുകാര്‍ എന്നിവര്‍ ചെയര്‍മാനും അംഗങ്ങളുമായി ഉള്ളതാണ് ന്യൂനപക്ഷ കമ്മീഷന്‍.

കേന്ദ്ര സര്‍ക്കാരുള്‍പ്പെടുന്ന ഭരണകൂടമാകെ സ്‌പോണ്‍സര്‍ ചെയ്ത വംശീയഹത്യയായിരുന്നു രാജ്യ തലസ്ഥാനത്ത് നടന്നത്.നിരവധി മനുഷ്യ ജീവനെടുത്ത ഈ ക്രൂരകൃത്യത്തിനു നേതൃത്വം നല്‍കിയ കാപാലികരെ തുറങ്കലില്‍ അടക്കണം.
അടച്ചേ മതിയാകൂ….

‘If you are neutral in situations of injustice,
you have chosen the side of the oppressor.
If an elephant has its foot on the tail of a mouse and you say that you are neutral, the mouse will not appreciate your neutrality.’

-പി എ മുഹമ്മദ് റിയാസ്-

Top