Facebook post goes viral-Not afraid of ABVP-says Kargil martyr’s daughter

ന്യൂഡൽഹി: രാംജാസ് കോളേജിന് മുന്നിൽ വെച്ച് ജെഎൻയുവിലെ എസ്എഫ്ഐക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ മർദ്ദിച്ച സംഘപരിവാർ വിദ്യാർത്ഥി സംഘടനക്കെതിരെ ശക്തമായ പ്രതിഷേധവുമായ് കാർഗിൽ രക്തസാക്ഷിയുടെ മകൾ.

രാംജാസ് കോളേജിന് മുന്നിൽ എബിവിപി പ്രവർത്തകർ വിദ്യാർഥി സംഘങ്ങൾക്ക് നേരെ അഴിച്ചു വിട്ട ആക്രമണമാണ് ഈ ഇരുപതുകാരിയെ ചൊടിപ്പിച്ചത്.

‘ഞാൻ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. പക്ഷെ എബിവിപിയെ ഞാൻ ഭയക്കുന്നില്ല, ഞാൻ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ മുഴുവൻ വിദ്യാർത്ഥികളും എനിക്ക് പിറകിലുണ്ട്’ എന്ന പ്ലക്കാർഡ് ഉയർത്തി നിൽക്കുന്ന ഗുർമെഹർ കൗർ എന്ന വിദ്യാർത്ഥിനിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ
വൈറല്‍ ആയിട്ടുണ്ട്.

സംസാരശേഷിയില്ലാത്ത ഗുർമെഹർ കാർ യുദ്ധത്തെ എതിർത്ത് യൂട്യൂബിൽ പോസ്റ്റു ചെയ്ത വീഡിയോ മുൻപ് വലിയ ചർച്ചയായിരുന്നു.

1999ലെ കാർഗിൽ യുദ്ധത്തിലാണ് ഗുർമെഹറിന് തന്റെ അച്ഛനെ നഷ്ടപ്പെടുന്നത്. അന്ന് രണ്ട് വയസ്സായിരുന്നു. പാകിസ്താനെ വെറുത്തു കൊണ്ടാണ് അവൾ വളർന്നത്. ബുർഖയിട്ട സ്ത്രീയെ കുത്തിപരിക്കേല്പിക്കുന്നതിലേക്ക് വരെ ആ വിദ്വേഷം വളർന്നു. പക്ഷെ പാകിസ്താനല്ല പകരം യുദ്ധമാണ് തന്റെ അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്ന് അവൾ തിരിച്ചറിയുന്നത് അമ്മയിലൂടെയാണ്. വിഷയങ്ങളെ സാമാന്യവത്കരിക്കാതെ സമീപിക്കാൻ ഗുർമെഹർ പഠിച്ചിരിക്കുന്നു. അതു കൊണ്ടാണ് ഗുർമോഹറിന്റെ വാക്കുകളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

ബുധനാഴ്ച്ച് എസ്എഫ്ഐ, എഐഎസ്എ വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ എബിവിപി വിദ്യാർത്ഥികൾ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റിരുന്നു. സ്റ്റുഡന്റ്സ് എഗെയ്ന്സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗിൽ ഈ സംഭവത്തിന് നേരെ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്.

രാംജാസ് കോളേജിലെ ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി നടക്കാനിരുന്ന സെമിനാറിൽ നിന്ന് ജെഎന്യു വിദ്യാർത്ഥികളെ കോളേജ് വിലക്കിയിരുന്നു.

സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ജെഎന്യു ഗവേഷണ വിദ്യാർത്ഥികളായ ഉമർ ഖാലിദിനും ഷെഹ്ല റാഷിദിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ എബിവിപി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇവരെ സെമിനാറിൽ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് കോളേജ് അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇതേ തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനെയാണ് ഒരു സംഘം എബിവിപിക്കാർ ആക്രമിച്ചത്.

പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണമല്ല, പകരം ഇന്ത്യക്കാരുടെ ഓരോ ഹൃദയമിടിപ്പിലും തുടിയ്ക്കുന്ന ജനാധിപത്യത്തിനേറ്റ പ്രഹരമാണ് ആ ആക്രമണമെന്നാണ് ഗുർമെഹർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘രാജ്യത്ത് ജനിച്ച് ഓരോ വ്യക്തിയുടെയും ആശയങ്ങൾക്കും ധാർമ്മികതയ്ക്കും സ്വാതന്ത്രയത്തിനും നേരെയുള്ള ആക്രമണമാണിത്’,സാഹിത്യ ബിരുദ വിദ്യാർത്ഥിയായ ഗുർമെഹർ പറയുന്നു.

‘നിങ്ങൾ എറിഞ്ഞ കല്ലുകൾ ഞങ്ങളുടെ ശരീരത്തിൽ പതിച്ചു, പക്ഷെ ഞങ്ങൾ മുറുകെ പിടിക്കുന്ന ആശയങ്ങളെ ആ കല്ല് കൊണ്ട് മുറിവേല്പിക്കാനാവില്ലെന്നും’
അവൾ പറയുന്നു. തുടർന്ന് താൻ ഫെയ്സ്ബുക്കിൽ ഇട്ടത് പോലെയൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് എബിവിപിക്കെതിരെ ക്യാമ്പയിനിനു ആഹ്വാനം ചെയ്തിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.

Top