കമീഷണര്‍ക്കെതിരെ ആളാവാന്‍ ശ്രമിച്ച പൊലീസുകാരന് എട്ടിന്റെ ‘പണി’

കോഴിക്കോട്: ശബരിമല കര്‍മസമിതി ആഘ്വാനം ചെയ്ത ഹര്‍ത്താല്‍ നേരിടുന്നതില്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് വീഴ്ചപറ്റിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ചിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനെ എസ്.പി ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കൂടി പരിഗണിച്ചാണ് നടപടി. എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവാണ് സസ്‌പെന്‍ഷനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഉമേഷില്‍ നിന്ന് ഉണ്ടായത് സേനക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഗുരുതര അച്ചടക്ക ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ വിഷയത്തില്‍ സിറ്റി പൊലീസ് മേധാവിയായിരുന്ന എസ്. കാളിരാജ് മഹേഷ് കുമാറിന്റെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനാത്മകമായ കുറിപ്പാണ് ഉമേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ പോസ്റ്റ് ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്തു.

അതേസമയം ശബരിമല കര്‍മസമിതി ആഘ്വാനം ചെയ്ത ഹര്‍ത്താലില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Top