പൊലീസ് ഫേസ്ബുക്ക് പേജിലെ സ്ത്രീ വിരുദ്ധ പോസ്റ്റ്; പ്രതിഷേധത്തെ തുടർന്ന് നീക്കി

കൊച്ചി : സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേജില്‍ സ്ത്രീ വിരുദ്ധ ഡയലോഗിനൊപ്പം വീഡിയോ പോസ്റ്റ് ചെയ്തത് നീക്കി. ആലുവയില്‍ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയ സ്ത്രീയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റാണ് വിവാദമായതിനെ തുടര്‍ന്ന് നീക്കിയത്.

മാഡത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ വീഡിയോയാണ് പങ്കുവെച്ചത്. ഇതിനൊപ്പം ദി കിംഗ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗും ചേര്‍ത്തിരുന്നു. മേലിരൊരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെയീ കൈയ്യ് – എന്ന ഡയലോഗാണ് ചേര്‍ത്തിരുന്നത്.

ഇതിനെതിരെ ലിംഗ വിവേചനം പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന നിലവാരം കുറഞ്ഞ ട്രോളായിപ്പോയി എന്ന ആക്ഷേപം ശക്തമായതോടെയാണ് വീഡിയോ നീക്കം ചെയ്തത്.

ചൊവ്വാഴ്ചയാണ് ആലുവ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനെ യുവതി കൈയ്യേറ്റം ചെയ്തത്. യുവതി എത്തിയ സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതയായി ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാറ്റി വച്ചതറിഞ്ഞ് അക്രമസക്തയാകുകയായിരുന്നു.

Top