സ്വകാര്യത നയങ്ങളിൽ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

ലണ്ടൻ: മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവർക്ക് സ്വകാര്യതാ നയത്തിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിൻറെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എളുപ്പം മനസ്സിലാക്കുന്നതിനായുള്ള മാറ്റങ്ങൾ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റാ പറയുന്നത്.

നേരത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിൻറെ പേരിൽ വലിയ വിമർശനം ഏറ്റുവാങ്ങിയവരാണ് മെറ്റ. ഇത് തിരുത്താനുള്ള ശ്രമമാണ് പുതിയ നീക്കം. എന്നാൽ മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പിന് പുതിയ അപ്ഡേറ്റ് ലഭ്യമല്ല.

പുതിയ രീതിയിൽ ഉപയോക്താവിൻറെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. എന്നാൽ ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നത് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ രണ്ട് മാറ്റങ്ങൾ മെറ്റ വരുത്തുന്നുണ്ട്.

ഒരു പുതിയ ക്രമീകരണം ആളുകൾക്ക് ഡിഫോൾട്ടായി അവരുടെ പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നതിൽ കൂടുതൽ നിയന്ത്രണം നൽകും.ഒപ്പം ഉപയോക്താക്കൾക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരൊറ്റ ഇന്റർഫേസിലേക്ക് ഏകീകരിച്ചിരിക്കുന്നു.

‘ഞങ്ങൾക്ക് ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് നന്നായി വിശദീകരിക്കാൻ സാധിച്ചിട്ടുണ്ട് പുതിയ അപ്ഡേറ്റിലൂടെ” മെറ്റയുടെ ചീഫ് പ്രൈവസി ഓഫീസർ മൈക്കൽ പ്രോട്ടി പ്രൈവസി അപ്ഡേറ്റ് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

കമ്പനി ഏതെങ്കിലും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന അവസരത്തിൽ, ആ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മെറ്റനൽകും എന്നും ബ്ലോഗ് പോസ്റ്റ് പറയുന്നു. ഒപ്പം മെറ്റ വിവരങ്ങൾ പങ്കിടുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം കക്ഷികളെക്കുറിച്ചു. ഒരോ പ്ലാറ്റ്ഫോമിലും ഡാറ്റ എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും മെറ്റാ പറയുന്നു.

മെറ്റാ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ പുതിയ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നു എന്നൊന്നും ഉപയോക്താവ് പറയേണ്ടതില്ല. എന്നാൽ മാറ്റങ്ങൾ അംഗീകരിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് “ഞങ്ങളുടെ സേവനങ്ങൾ ഉപേക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ട്” എന്ന് കമ്പനി പറയുന്നു.

ജൂലൈ 26 മുതൽ പുതിയ അപ്ഡേറ്റുകൾ നിലവിൽ വരും. ഇത് അവതരിപ്പിക്കുന്ന സങ്കീർണ്ണത കുറയ്ക്കാനാണ് മെറ്റയുടെ പുതിയ നോട്ടിഫിക്കേഷൻ. അതേസമയം യൂറോപ്യൻ യൂണിയനിൽ അടക്കം സർക്കാർ ഏജൻസികൾ സ്വകാര്യ നയങ്ങൾ ശക്തമാക്കുന്നതോടെ ഈ പുതിയ അപ്ഡേറ്റുകൾ മാത്രം മതിയാകില്ല എന്നതാണ് മെറ്റ നേരിടുന്ന വെല്ലുവിളി. ഒപ്പം തന്നെ റെഗുലേറ്റർമാരിൽ നിന്നും ഉപയോക്തൃ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യുന്നു, സംരക്ഷിക്കുന്നു എന്നതിൽ മെറ്റയ്ക്ക് മുകളിലുള്ള നിരീക്ഷണം ശക്തമാകുന്നുണ്ട്.

Top