ലോക് ഡൗണ്‍ ദിനങ്ങള്‍ ആനന്ദകരമാക്കാം; മെസ്സഞ്ചര്‍ ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പുമായി ഫേസ്ബുക്ക്

കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വീട്ടില്‍ കഴിയുന്ന ആളുകളെ പരസ്പരം ബന്ധപ്പെടാന്‍ സഹായിക്കുന്നതിനായി മെസ്സഞ്ചര്‍ ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് പുറത്തിറക്കി ഫേസ്ബുക്ക്.വിന്‍ഡോസ് കമ്പ്യൂട്ടറുകളിലും മാക് ഓഎസ് കമ്പ്യൂട്ടറുകളിലുമാണ് ഈ സംവിധാനം ലഭ്യമാകുന്നത്.

ഈ ആപ്പ് വഴി വീഡിയോ കോളിങ് സാധ്യമാണ്. സന്ദേശങ്ങളയക്കാനും ഗ്രൂപ്പ് വീഡിയോകോള്‍ ചെയ്യാനും ഇതുവഴി സാധിക്കും. ഡെസ്‌ക്ടോപ്പിലെയും മൊബൈലിലെയും ചാറ്റുകള്‍ ഒരുമിച്ച് ഉപയോഗിക്കാനും കഴിയും.

കഴിഞ്ഞ ഒരു മാസമായി ബ്രൗസറുകള്‍ വഴി മെസ്സഞ്ചര്‍ ഉപയോഗിച്ച് വീഡിയോ, ഓഡിയോ കോളിങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ ചുഡ്നോവ്സ്‌കി പറയുന്നത്.സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇത് എളുപ്പമാക്കിത്തീര്‍ക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്നും മാക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Top