കണ്ടെന്റ് മോഡറേറ്റര്‍മാര്‍ നല്‍കിയ പരാതിയില്‍ ഫെയ്‌സ്ബുക്കിന് നഷ്ടം 400 കോടി രൂപ

ഫെയ്‌സ്ബുക്കിനെതിരെ അവരുടെ തന്നെ കണ്ടെന്റ് മോഡറേറ്റര്‍മാര്‍ തന്നെ ചേര്‍ന്ന് കൊടുത്ത കേസില്‍ ഫെയ്‌സ്ബുക്കിന് നഷ്ടമാകുന്നത് 52 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 400 കോടിയോളം രൂപ. 2018 -ലാണ് ഫെയ്‌സ്ബുക്കിനെതിരെ കണ്ടെന്റ് മോഡറേറ്റര്‍മാര്‍ പരാതി നല്‍കിയത്.

ഫെയ്‌സ്ബുക്കിലെ നേരിട്ടുള്ള ശമ്പളക്കാര്‍ അല്ലായിരുന്നു ഇവര്‍. തേര്‍ഡ് പാര്‍ട്ടി കോണ്‍ട്രാക്ടര്‍മാര്‍ ആയിരുന്നു. ഇങ്ങനെ ഫെയ്‌സ്ബുക്കിനുവേണ്ടി, ജോലിയുടെ ഭാഗമായി അക്രമത്തിന്റെയും, ശിശുപീഡനത്തിന്റെയും മറ്റും ഭയാനക ദൃശ്യങ്ങള്‍ ദിവസേന ഇരുന്നു കാണുന്നതുവഴി തങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസികമായ തകരാറുകളെപ്പറ്റിയും, മറ്റു പ്രശ്‌നങ്ങളെപ്പറ്റിയും തങ്ങളെ ബോധവാന്മാരാക്കുകയോ, അങ്ങനെ തകരാറുണ്ടാകുന്നതില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുകയോ ഫെയ്‌സ്ബുക്ക് ചെയ്തില്ല എന്നതാണ് ഇവരുടെ ആക്ഷേപം.

ഈ കേസ് ഒത്തുതീര്‍ക്കാന്‍ തയ്യാറായ ഫെയ്‌സ്ബുക്ക് ഈ ക്ളാസ് ആക്ഷന്‍ ലോ സ്യൂട്ടിന്റെ ഭാഗമായ ഓരോരുത്തര്‍ക്കും 1000ഡോളര്‍ (ഏകദേശം 70,000 വീതം) നല്‍കിയാണ് ഒത്തുതീര്‍പ്പാക്കുന്നത്. ഇവരില്‍ തന്നെ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനുമായി 50,000 ഡോളര്‍ വേറെയും.

സാന്‍ മാറ്റിയോ കൗണ്ടിക്കുവേണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ഓഫ് കാലിഫോര്‍ണിയയില്‍ സമര്‍പ്പിച്ച പ്രാഥമിക ഒത്തുതീര്‍പ്പ് ഹര്‍ജിയിലാണ് ഫെയ്‌സ്ബുക്ക് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

Top