എഐ ചിത്രങ്ങള്‍ക്ക് പ്രത്യേകം ലേബല്‍ നല്‍കാനൊരുങ്ങി ഫേസ് ബുക്ക്

ഫേസ്ബുക്ക് ഇനിമുതല്‍ മറ്റ് കമ്പനികള്‍ നിര്‍മിക്കുന്ന എഐ ചിത്രങ്ങള്‍ കണ്ടെത്തി പ്രത്യേകം ലേബല്‍ നല്‍കും. എഐ നിര്‍മിത ചിത്രങ്ങളിലുള്ള അദൃശ്യമായ മാര്‍ക്കറുകള്‍ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പായി ലേബല്‍ നല്‍കുകയും ചെയ്യും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്ന എഐ ചിത്രങ്ങള്‍ക്കാണ് ലേബല്‍ നല്‍കുകയെന്ന് കമ്പനിയുടെ ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ സ്വന്തം എഐ പ്ലാറ്റ്ഫോമുകള്‍ നിര്‍മിക്കുന്ന ഉള്ളടക്കള്‍ക്ക് ഇതിനകം കമ്പനി ലേബല്‍ നല്‍കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ്, ഡോബി, മിഡ്ജേണി, ഷട്ടര്‍സ്റ്റോക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ എഐ സേവനങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കും മെറ്റ പ്ലാറ്റ്ഫോമുകളില്‍ ലേബല്‍ നല്‍കുമെന്ന് ക്ലെഗ് പറഞ്ഞു. ജനറേറ്റീവ് എഐ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതിക വിദ്യാ രംഗം സ്വീകരിക്കുന്ന ആദ്യ നടപടികളിലൊന്നുകൂടിയാണിത്. രാഷ്ട്രീയത്തില്‍ ഉള്‍പ്പടെ എഐ ഉള്ളടക്കങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുള്ളതിനാല്‍ അവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ട ഉത്തരവാദിത്വം കമ്പനികള്‍ക്കുണ്ട്.

കുട്ടികളെ ചൂഷണം ചെയ്യുന്നതും, അക്രമാസക്തവുമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പടെ നിരോധിത ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനും അവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി സ്വീകരിച്ച നടപടികള്‍ക്ക് സമാനമായിരിക്കും ഇത്. എഐ നിര്‍മിത ചിത്രങ്ങളില്‍ അദൃശ്യ മാര്‍ക്കറുകള്‍ നല്‍കുന്നത് കമ്പനികള്‍ക്ക് സാധ്യമാണെങ്കിലും വീഡിയോയിലും ഓഡിയോയിലും എഐ നിര്‍മിതമാണെന്ന് കാണിക്കുന്ന മാര്‍ക്കറുകള്‍ നല്‍കുന്നത് സങ്കീര്‍ണമാണ്. അതിനുള്ള സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ എഐ നിര്‍മിതമായ ഓഡിയോ വീഡിയോ ഉള്ളടക്കങ്ങളില്‍ ലേബല്‍ നല്‍കാന്‍ ഉപഭോക്താക്കളോട് തന്നെ ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം പിഴ ചുമത്തുമെന്നും ക്ലെഗ് പറയുന്നു. കൂടാതെ ചാറ്റ് ജിപിടി പോലുള്ള ടൂളുകള്‍ സൃഷ്ടിക്കുന്ന എഐ നിര്‍മിത എഴുത്തുകള്‍ തിരിച്ചറിയാനും ലേബല്‍ ചെയ്യാനുമുള്ള സംവിധാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ക്രിപ്റ്റഡ് സേവനമായ വാട്സാപ്പില്‍ പുതിയ ലേബലിങ് സംവിധാനം അവതരിപ്പിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Top