വീണ്ടും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

ന്യൂയോര്‍ക്ക്: മെറ്റയില്‍ കൂട്ടപിരിച്ചുവിടലുകള്‍ തുടരുന്നു. മൂന്നാം റൗണ്ട് പിരിച്ചുവിടല്‍ അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിടല്‍ ആയിരക്കണക്കിന് ജീവനക്കാരെ ബാധിച്ചേക്കും.
പിരിച്ചുവിടല്‍ ടീമുകളിലെ എല്ലാവരെയും ബാധിക്കും മെറ്റാ ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. എന്നിരുന്നാലും, പുറത്തു പോകുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല, ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ 11,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു മെറ്റ. മെയ് അവസാനത്തോടെ 10,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ശേഷം ഏകദേശം 4000ത്തോളം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടു.

നവംബറില്‍ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കില്‍ ഏകദേശം 11,000 ജോലികള്‍ വെട്ടികുറച്ചതിനൊപ്പം ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കുകയും ചെയ്തു.

മെറ്റയുടെ ഓഹരികള്‍ ഈ വര്‍ഷം ഏകദേശം 80% ഉയര്‍ന്നു,മിഡില്‍ മാനേജര്‍മാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേല്‍നോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പരസ്യ വരുമാനത്തില്‍ ഇടിവ് നേരിട്ട കമ്പനി 2022-ല്‍ വാര്‍ഷിക വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. സക്കര്‍ബര്‍ഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേര്‍സിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ മാറ്റങ്ങളുടെ ഫലമായി, മെറ്റാ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ നവംബറില്‍ തന്നെ കമ്പനി ജോലികള്‍ വെട്ടി കുറയ്ക്കാന്‍ തുടങ്ങി, 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്. എത്ര തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറുന്ന വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ കാര്യക്ഷമവും ചടുലവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്.

Top