പിറന്നാൾ ആശംസയോടൊപ്പം വോട്ടവകാശവും ഓര്‍മ്മപ്പെടുത്തി ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ പ്രകാരം വോട്ടവകാശം ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്.

എങ്കിലും പലരും അത്രയും പ്രാധാന്യം വോട്ട് രേഖപ്പെടുത്തലിനു നല്‍കുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

എന്നാല്‍ 18 വയസ്സ് തികഞ്ഞവരെ വോട്ട് ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുകയാണ് ഫെയ്‌സ്ബുക്ക്.

18 വയസ്സ് പൂര്‍ത്തിയായവരുടെ പേര് വോട്ടര്‍പട്ടികയില്‍ പട്ടികയില്‍ ചേര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

ഇതിനായി ഫെയ്‌സ്ബുക്ക് വഴി നോട്ടിഫിക്കേഷന്‍ അയയ്ക്കും. ഇന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തീയതിക്കുള്ളില്‍ 18 തികയുന്നവര്‍ക്കും പിറന്നാള്‍ ആശംസയോടൊപ്പം നോട്ടിഫിക്കേഷനുകളും ലഭിക്കും.

ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒറിയ എന്നീ 13 ഭാഷകളില്‍ സന്ദേശം ലഭിക്കും.

സന്ദേശങ്ങളില്‍ ‘റജിസ്റ്റര്‍ നൗ’ ബട്ടനും ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടര്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലേക്കാകും പോകുക.

ഫെയ്‌സ്ബുക്കും തിരഞ്ഞെടുപ്പ് കമ്മീഷനും സഹകരിച്ചാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഇക്കാര്യം വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Top