ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് ഹാക്കര്‍

വാഷിങ്ടണ്‍: 50 കോടി ഫേസ് ബുക്ക് ഉപയോകതാക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ വില്‍പനയ്ക്കു വച്ച് ഹാക്കര്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഹാക്കര്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന ഫേസ്ബുക്കുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇവയിലുമുള്ളതെന്നാണ് വിദഗധരുടെ നിഗമനം.

അത്ര പ്രധാനമല്ലാത്തതും സ്വാകാര്യമല്ലാത്തതുമായതിനാല്‍ ചെറിയ സംഖ്യയ്ക്കാണ് ഹാക്കര്‍ വിവരങ്ങള്‍ നല്‍കുന്നതെന്ന് അറിയിച്ചതെന്ന് കരുതുന്നു. അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശനത്തിന്റെ ഭാഗമാണെന്നുമാണ് ഫേസ്ബുക്ക് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

എന്നാല്‍, വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബര്‍ കുറ്റകൃത്യ സ്ഥാപനവും ഇസ്രായേല്‍ സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയുമായ ഹഡ്‌സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ ആലണ്‍ ഗാല്‍ മുന്നറിയിപ്പ് നല്‍കി. വിവരങ്ങള്‍ പൂര്‍ണമായും പരിശോധിക്കാനായിട്ടില്ലെന്നും എന്നാല്‍ ചിലരുടെയെങ്കിലും ആധികാരികത പരിശോധിച്ചതായും ഗാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തനിക്കറിയാവുന്ന ആളുകളുടെ ഫോണ്‍ നമ്പറുകളുമായി താരതമ്യപ്പെടുത്തി നോക്കിയപ്പോള്‍ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

Top