ഈ വര്‍ഷം മുഴുവന്‍ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ അനുവദിച്ച് ഫെയ്‌സ്ബുക്കും ഗൂഗിളും

ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഈ വര്‍ഷം മുഴുവന്‍ തുടരാന്‍ തീരുമാനിച്ച് ഫെയ്‌സ്ബുക്കും ഗൂഗിളും. കൊവിഡ് 19 വ്യാപനത്തിന് പിന്നാലെയാണ് ടെക് ഭീമന്‍മാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാന്‍ തീരുമാനിച്ചത്. വര്‍ക്ക് ഫ്രം ഹോം പോളിസ് ജൂണ്‍ 1 വരെയാണ് നിലവിലുള്ളതെങ്കിലും അത് ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്ന് ഗൂഗിള്‍ വിശദമാക്കിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് ഓഫീസിലേക്ക് തിരികെ എത്തേണ്ട ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ അവസരമൊരുങ്ങുമെന്നാണ് ഗൂഗിള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ വിശദമാക്കി. എന്നാല്‍ വീടുകളില്‍ തുടര്‍ന്നുകൊണ്ട് ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം അത് തുടരാനാവുമെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിന് പിന്നാലെ ജൂലൈ 6ന് ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്‌സ്ബുക്ക് വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്ന് ഫെയ്‌സ്ബുക്കും വിശദമാക്കി.

വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടെന്നും ഈ വര്‍ഷം എവിടെ നിന്നാണ് ജോലി ചെയ്യേണ്ടതെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. കൊവിഡ് 19 മൂലം മറ്റ് പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചപ്പോള്‍ വന്‍തുക വീട്ടിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് നല്‍കി ഫെയ്‌സ്ബുക്ക് പ്രശംസ നേടിയിരുന്നു.

Top