അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍: വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണ്ടി വരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്.

സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചത് വ്യാജ വാര്‍ത്തയായിരുന്നെന്നും സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്.

ഇന്ത്യന്‍ ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ‘ആധാറിലുള്ള പോലെ’ ഉപയോക്താക്കളുടെ പേര് ചോദിച്ചത് വെറുമൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

‘ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളില്‍ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്. നിലവില്‍ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല.’ ഫേസ്ബുക്ക് ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

പുതിയ അക്കൗണ്ടു തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ അനുസരിച്ചുള്ള പേര് ഫേസ്ബുക്ക് ചോദിച്ചുവെന്നും ഇത് ആധാര്‍ വിവരങ്ങളില്‍ അധിഷ്ഠിതമായ ഫേസ്ബുക്കിന്റെ പുതിയ അക്കൗണ്ട് വെരിഫിക്കേഷന്‍ ഫീച്ചറിന്റെ പരീക്ഷണമാണ് എന്നുള്ള തരത്തിലാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ അതൊന്നും ശരിയല്ലെന്നും ആധാര്‍ പ്രകാരമുള്ള പേര് നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നത് കൊണ്ടാണ് ആവശ്യപ്പെട്ടതെന്നും ഫേസ്ബുക്ക് പറയുന്നു.

ഇത് അക്കൗണ്ടില്‍ യഥാര്‍ത്ഥ നാമം നല്‍കാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായുള്ളതാണ്. ഇനി ഇത്തരത്തില്‍ ആധാര്‍ സംബന്ധമായുള്ള വിവരങ്ങള്‍ ചോദിക്കില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

Top