ന്യൂഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അധികൃതര്‍ ദില്ലി നിയമസഭ സമിതിക്ക് മുന്നില്‍ ഹാജറാകണമെന്ന് സുപ്രീംകോടതി. ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയെ വിളിച്ചുവരുത്താന്‍ ദില്ലി അസംബ്ലി ഉത്തരവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ കേസിലായിരുന്നു കോടതിയുടെ നിര്‍ദേശം. തലസ്ഥാനമായ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ അരങ്ങേറിയ കലാപം ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എസ്‌കെ കൌള്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഹൃഷികേശ് റോയി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ഫേസ്ബുക്കിന്റെ ഗുണവശങ്ങളെ അംഗീകരിച്ച സുപ്രീംകോടതി വിഘടനവാദപരമായ സന്ദേശങ്ങളും, ശബ്ദങ്ങളും, പ്രത്യയശാസ്ത്രങ്ങളും ഈ സമൂഹ മാധ്യമ വെബ്സൈറ്റ് വഴി പ്രചരിക്കുന്നത് കാണാതിരിക്കാനാവില്ലെന്നും നിരീക്ഷിച്ചു. ഫെയ്സ്ബുക്കില്‍ വരുന്ന ഉള്ളടക്കം തങ്ങളുടേതല്ലെന്ന കമ്പനിയുടെ വാദം അംഗീകരിക്കാതെയാണ് അസംബ്ലി സമിതിക്ക് മുന്നില്‍ ഹാജറാകുവാന്‍ സുപ്രീംകോടതി വിധിച്ചത്.
മൊത്തം യൂറോപ്പിലുമുള്ളതിനേക്കാള്‍ വൈവിധ്യം നിറഞ്ഞ രാജ്യമാകാം ഇന്ത്യ എന്നു കോടതി നിരീക്ഷിച്ചു. ഈ വൈവിധ്യം തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന അവകാശവാദമുയര്‍ത്തി ഫേസ്ബുക്കിന് നശിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയില്‍ 270 കോടി അക്കൗണ്ടുകളാണ് കമ്പനിക്കുള്ളത്. ഇതുവഴി കമ്പനിക്ക് ധാരാളം നിയന്ത്രണശക്തി ലഭിക്കുന്നു. കമ്പനിയെ വിശ്വസിക്കുന്നവരോട് ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. ഇത്തരം കമ്പനികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ചും പരമോന്നത കോടതി നിരീക്ഷിച്ചു.