വിവരചോര്‍ച്ചയില്‍ മൊഴിയെടുപ്പ്; ഫേസ്ബുക്ക് സിഇഒ യുഎസ് കോണ്‍ഗ്രസ്സിന് മുന്നിലേക്ക് . .

zuckerberg

വാഷിങ്ടണ്‍: വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് യുഎസ് കോണ്‍ഗ്രസ്സിന് മുന്നില്‍ ഹാജരാകും. ഏപ്രില്‍ 10,11 തിയതികളിലായി രണ്ട് തവണയായാകും മൊഴിയെടുപ്പ്.

ജുഡീഷ്യറി, വ്യാപാരം, കമ്മിറ്റി, ശാസ്ത്രം, ഗതാഗതം, ഊര്‍ജം എന്നീ സെനറ്റ് കമ്മിറ്റികളാണ് വാദം കേള്‍ക്കുക. ഫേസ്ബുക്കിലെ സ്വകാര്യത, വിവരച്ചോര്‍ച്ച എന്നിവ സംബന്ധിച്ച വാദമാണ് ഏപ്രില്‍ 10ന് നടക്കുക. സുതാര്യത സംബന്ധിച്ച വാദം ഏപ്രില്‍ 11ന് നടക്കും.

87 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കക്ക് ചോര്‍ത്തിനല്‍കിയതുമായി ബന്ധപ്പെട്ട് യുഎസിലും യുകെയിലും ഫേസ്ബുക്കിനെതിരെ പ്രതിഷേധം ശക്തമാണ്. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്.

2015ല്‍ കേംബ്രിജ് അനലിറ്റിക്ക ചോര്‍ച്ച ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഉപഭോക്താക്കളെ അറിയിച്ചില്ലെന്നും ചോദ്യമുയരുന്നുണ്ട്. ഫേസ്ബുക്ക് നേരിടുന്ന എല്ലാ ആരോപണങ്ങള്‍ക്കും സുക്കര്‍ബര്‍ഗ് വിശദീകരണം നല്‍കേണ്ടിവരും.

Top