ഇനി മനസ്സ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം; ഉപകരണവുമായി ഫേസ്ബുക്ക്

പയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ മനസ്സ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാവുന്ന ഉപകരണത്തിന്റെ നിര്‍മാണത്തിലാണ് തങ്ങളെന്ന് ഫേസ്ബുക്ക്. തങ്ങള്‍ നിര്‍മിച്ചേക്കാവുന്ന എആര്‍ കണ്ണട ധരിച്ചാല്‍ ചിന്തകളെ ടൈപ്പു ചെയ്തെടുക്കാനായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വ്യക്തികളിലേക്ക് കടന്നു കയറ്റം നടത്താത്ത ഉപകരണമാണ് നിര്‍മ്മിക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു.

2017ലെ തങ്ങളുടെ എഫ് 8 (F8) ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ തങ്ങളൊരു ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് പ്രോഗ്രാം (Brain-Computer Interface (BCI) തുടങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ആളുകളിലേക്ക് കടന്നുകയറാത്ത (non-invasive), എന്നാല്‍ തങ്ങള്‍ സംസാരിക്കുന്നുവെന്നു ചിന്തിച്ചാല്‍ അതു ടൈപ്പ് ചെയ്തെടുക്കാവുന്ന, ധരിക്കാന്‍ സാധിക്കുന്ന ഒരു ഉപകരണം നിര്‍മിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഫെയ്സ്ബുക് പറഞ്ഞിരുന്നു. ഇതിനായി കമ്പനി യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരുകൂട്ടം ഗവേഷകരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

കുറച്ചു വാക്കുകളും മറ്റും തത്സമയം തിരിച്ചറിഞ്ഞ് അക്ഷരങ്ങളും വാക്കുകളുമാക്കി മാറ്റിക്കൊണ്ടാണ് ഗവേഷകരുടെ ടീം ഗവേഷണ പുരോഗതി സമര്‍ത്ഥിച്ചത്. മനുഷ്യരിലേക്ക് ഒട്ടും കടന്നുകയറാതെ, നിശബ്ദ ഇന്റര്‍ഫെയ്സിലൂടെ മനുഷ്യര്‍ക്ക് ചിന്തയിലൂടെ ടൈപ്പ് ചെയ്യാനാകുന്ന ഒരു ഉപകരണമാണ് ഫെയ്സ്ബുക് റിയാലിറ്റി ലാബ്സ് വികസിപ്പിക്കാനാഗ്രഹിക്കുന്നത്.

Top