മുസ്ലീം വിരുദ്ധത: നെതന്യാഹുവിന്റെ മകനെ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു

ജറുസലേം : ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ മകനെ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് നെതന്യാഹുവിന്റെ മൂത്തമകന്‍ യയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഫെസ്ബുക്ക് തന്നെ 24 മണിക്കൂറേക്ക് ബ്ലോക്ക് ചെയ്തുവെന്ന വിവരം യയിര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

സമീപകാലത്തുണ്ടായ പാലസ്തീന്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റുകളാണ് സംഭവത്തിനാധാരം. ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിന് ഏകാധിപത്യം എന്നു വിമര്‍ശിച്ചു കൊണ്ടായിരുന്നു യയിറിന്റെ പ്രതികരണം. ‘ലോകത്ത് എവിടെയാണ് ആക്രമണങ്ങളില്ലാത്തതെന്ന് അറിയുമോ? അത് ജപ്പാനിലും ഐസ്ലന്‍ഡിലുമാണ്. യാദൃശ്ചികത എന്താണെന്നു വച്ചാല്‍ ഈ രണ്ടിടത്തും മുസ്ലീങ്ങളില്ല’ എന്നായിരുന്നു യയിറിന്റെ ഒരു പോസ്റ്റ്.

സമാധാനത്തിന് സാധ്യമായ രണ്ട് വഴികളാണുള്ളത്. ഒന്ന് എല്ലാ ജൂതന്‍മാരും ഇസ്രായേല്‍ ഉപേക്ഷിക്കുക.. അല്ലെങ്കില്‍ എല്ലാ മുസ്ലീങ്ങളും. ഇതില്‍ രണ്ടാമത്തെ മാര്‍ഗമാണ് താന്‍ നിര്‍ദേശിക്കുക’ എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് യെയിറിനെ ബ്ലോക്ക് ചെയ്തത്. തുടര്‍ന്നാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഇയാള്‍ ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയത്. നെതന്യാഹുവിന്റെ വിമര്‍ശകരുടെ സ്ഥിരം ഇരയാണ് 27കാരനായ യയിര്‍.

Top