അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌;വ്യാജവാര്‍ത്തകള്‍ തടയാന്‍ കടുത്ത നയങ്ങളുമായി ഫെയ്‌സ്ബുക്ക്

facebook

കാലിഫോര്‍ണിയ: അമേരിക്കയുടെ മിഡ് ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ തടയുമെന്ന് ഫെയ്‌സ്ബുക്ക്. വോട്ടിംഗ്, ഏറ്റുമുട്ടലുകള്‍, മറ്റ് അക്രമണ സംഭവങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പുറത്തു വരുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫെയ്‌സ്ബുക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കാണ്‌ ഫെയ്‌സ്ബുക്ക്. 1.5 ബില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ പ്രതിരോധ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്.

2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഫെയ്‌സ്ബുക്കിലൂടെ ഉണ്ടായ വ്യാജ പ്രചരണങ്ങള്‍ വോട്ടിംഗിനെ സ്വാധീനിച്ചു എന്ന് ഫെയ്‌സ് ബുക്കിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനു പിന്നില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ അതിശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം.

നതാനിയല്‍ ഗ്ലേഷിയറാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ സുരക്ഷാ നയത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ചില ഹോക്‌സ് വാര്‍ത്തകള്‍ തെരഞ്ഞെടുപ്പിലെ വിശദാംശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആധികാരികതയുള്ള പ്രൊഫൈലുകളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍, അത് വ്യജമാണെങ്കില്‍ കൂടി നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കില്ല. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കും.

റഷ്യയില്‍ നിന്നുള്ള ഇടപെടലുകള്‍ വരുന്നു എന്ന ആരോപണത്തെ തുടര്‍ന്നുള്ള തെരച്ചിലില്‍ 32 പേജുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. അമേരിക്കയ്ക്ക് പുറത്തു നിന്നുള്ളവയായിരുന്നു ഇത്. റഷ്യ പല അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പല വിവരങ്ങളും ചോര്‍ത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ പരസ്യങ്ങള്‍ ഇല്ലാതാക്കണമെന്ന കാര്യത്തില്‍ ഫെയ്‌സ് ബുക്ക് എക്‌സിക്യൂട്ടീവ് തന്നെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. 5 ശതമാനത്തില്‍ താഴെ മാത്രമേ ഇത്തരം പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ എന്നായിരുന്നു കണക്ക്.

വോട്ടിംഗ് പ്രക്രിയയെക്കുറിച്ചും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കടുത്ത നയങ്ങളാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് മുന്നോട്ട് വയ്ക്കുന്നത്.

Top