ഇന്റര്‍നെറ്റ് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണവുമായി ഫേസ്ബുക്കും ഗൂഗിളും

facebook

ന്യൂയോര്‍ക്ക്: യുഎസ് സര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കും ഗൂഗിളും ഇന്റര്‍നെറ്റ് രാഷ്ടീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നു.

ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട റഷ്യയില്‍ നിന്നുള്ള പരസ്യങ്ങള്‍ യുഎസ് തിരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തിയെന്ന വിമര്‍ശനങ്ങളാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍ ചൂണ്ടിക്കാണിക്കുന്നു.

നിയന്ത്രണം കൊണ്ടുവരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും സ്വയം നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് രാഷ്ട്രീയ പരസ്യങ്ങളുടെ കണ്‍സള്‍ട്ടന്റ് ബ്രെന്‍ഡ് മക്‌ഗോള്‍ഡ്‌റിക് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ അഡ്വര്‍ടൈസിംഗ് വീക്ക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള വ്യാജ പ്രാചരണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

മാത്രമല്ല, തന്റെ സമൂഹ മാധ്യമത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും റഷ്യ വാങ്ങിയിട്ടുള്ള 100,000 ഡോളറിന്റെ പരസ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ 3,000 രാഷ്ട്രീയ പരസ്യങ്ങള്‍ ഹിലറി ക്ലിന്റന് മുസ്‌ളീം സ്ത്രീകള്‍ക്കിടയിലുള്ള പിന്തുണയെ പ്രത്യേകം എടുത്തുകാണിക്കുന്നതായിരുന്നു. ബാക്കിയുള്ളവ യുഎസിലെ സാമൂഹിക വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടുന്നതാണെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേസ്ബുക്കില്‍ വരുത്തുന്ന മാറ്റങ്ങളും സുക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

പരസ്യം ആരെ ലക്ഷ്യമിടുന്നു എന്നതിനപ്പുറം എല്ലാ ഉപയോക്താക്കള്‍ക്കും ഇത്തരം ഉള്ളടക്കങ്ങള്‍ കാണാനാകുന്ന വിധം ക്രമീകരിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

എന്നാല്‍ ഫേസ്ബുക്കില്‍ കണ്ടെത്തിയതുപോലുള്ള റഷ്യയില്‍ നിന്ന് പ്രത്യേക അജണ്ടയുള്ള പരസ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയതിന് തെളിവില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്.

Top