പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയും പുഞ്ചിരിയോടെ നേരിടണം; ആരാധകര്‍ക്ക് ഉപദേശവുമായി വിജയ്

ളപതിയുടെ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും പാര്‍ട്ടി പ്രഖ്യാപനവും ഏതാനും ദിവസങ്ങളായി തെന്നിന്ത്യയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ്. ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടന്നത്. കഴിഞ്ഞ ദിവസം വിജയ് രസികര്‍ മണ്‍ട്രം ചെന്നൈയില്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. ഇപ്പോഴിതാ യോഗത്തില്‍ തന്റെ ഫാന്‍ ക്ലബ് അംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ് ചര്‍ച്ചയാകുന്നത്.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം നടന്‍ ആരാധകരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗത്തില്‍ പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയും പുഞ്ചിരിയോടെ നേരിടാന്‍ ആരാധകരെ ഉപദേശിച്ചിരിക്കുകയാണ് വിജയ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ട നടന്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ അറിയപ്പെടണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാന്‍ ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് പറഞ്ഞു.

ഏറെനാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല, മാത്രമല്ല ഈ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Top