യുവതികളെ ശബരിമലയിൽ എത്തിക്കാൻ നടത്തുന്ന നീക്കം അപകടകരം . .

ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെടുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇത് ശരിയാണെങ്കില്‍ അത് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായിരിക്കും.

ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ അയ്യപ്പദര്‍ശനം സാധ്യമാക്കണമോ എന്നത് ദര്‍ശനത്തിന്റെ സംഘാടകരായ ഫെയ്‌സ് ബുക്ക് കൂട്ടായ്മ ചിന്തിക്കേണ്ടതാണ്.

രാജ്യത്തെ കോടതികള്‍ക്ക് ഇവിടെ നിലനില്‍ക്കുന്ന നിയമ പ്രകാരമുള്ള ഉത്തരവുകള്‍ മാത്രമേ പുറപ്പെടുവിക്കാന്‍ കഴിയൂ. യുവതീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവും അതു പ്രകാരം തന്നെയാണ്. എന്നാല്‍ നിലവിലെ സാമൂഹിക പശ്ചാത്തലം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ സംയമനത്തോടെ കാര്യങ്ങള്‍ വിലയിരുത്തേണ്ട ബാധ്യത യുവതികളുമായി എത്തുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മക്കുണ്ട്.

ഏതെങ്കിലും കൂട്ടായ്മയോ, കമ്മറ്റിയോ രൂപീകരിച്ചും പ്ലാന്‍ ചെയ്തും സംഘടിച്ചും ഏത് ആരാധനാലയത്തിലും ആര് ദര്‍ശനത്തിന് തുനിഞ്ഞാലും അതിന്റെ ഉദ്ദേശം ദുരുദ്ദേശപരമായി തന്നെയേ കാണാന്‍ പറ്റൂ.

ശബരിമല യാത്രക്ക് തയാറായിട്ടുള്ള യുവതികളും സന്നദ്ധ പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പദ്ധതി തയ്യാറാക്കുമെന്നുമാണ് ഈ കൂട്ടായ്മയുടെ പേജില്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നതിനു മുന്‍പ് തന്നെ ഇത്തരം സംഘടിത ശ്രമങ്ങള്‍ നടത്തുന്നത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനേ വഴിവയ്ക്കൂ.

ഏതെങ്കിലും കൂട്ടായ്മയുടെ വാശി തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമല. ഞങ്ങള്‍ അത് സാധിച്ചു എന്നും പറഞ്ഞ് പതിനെട്ടാം പടിയില്‍ നിന്നും സെല്‍ഫിയെടുത്ത് ഫെയ്‌സ് ബുക്കില്‍ ഇടാന്‍ മാത്രമാണ് ഉദ്ദേശമെങ്കില്‍ അതിന് വലിയ വില തന്നെ കൊടുക്കേണ്ടി വന്നേക്കും.

ഭക്തരായ യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് ആത്മാര്‍ത്ഥമായി താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ പോകട്ടെ. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങള്‍ക്കും, വികാരങ്ങള്‍ക്കും, സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമാണ് തങ്ങളുടെ നിലപാടെന്ന് തോന്നുന്നവരോട് മറ്റൊന്നും തന്നെ പറയാനില്ല.

പ്രതിഷേധങ്ങള്‍ ഇത്രയും കത്തിപ്പടര്‍ന്നിട്ടും അത് വകവയ്ക്കാതെ ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന യുവതികള്‍ എന്തായാലും ധൈര്യശാലികള്‍ ആയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംഘടിച്ച് പോവുന്നത് പക്ഷേ ഭീരുത്വമാണ്.

പ്രതിഷേധക്കാര്‍ക്ക് സംഘടിച്ച് തടയാന്‍ അവസരം ഉണ്ടാക്കി പോകുന്ന ഈ ഏര്‍പ്പാട് തന്നെ സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ. രാജ്യം മുഴുവന്‍ ലഭിക്കുന്ന പബ്ലിസിറ്റിയാണ് ഉദ്യേശമെങ്കില്‍ അതു തുറന്ന് പറയണമെന്നില്ല.

ഈ മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളില്‍ എത്ര പേര്‍ യുവതീ പ്രവേശനത്തിന് അനുകൂലമായിരിക്കും എന്ന് കൂടി ഇവരെ ശബരിമലയിലേക്ക് ആനയിക്കുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ ചിന്തിക്കണം.

ഇവര്‍ക്കിടയിലൂടെ നിങ്ങള്‍ എങ്ങനെയാണ് ദര്‍ശനം സാധ്യമാക്കാന്‍ പോവുന്നത്.. എത്ര പൊലീസുകാര്‍ സുരക്ഷ നല്‍കിയാലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകണമെന്നില്ല എന്ന് കൂടി ഓര്‍ക്കുക. ഒരു കൊടിയുടെയും പിന്‍ബലമില്ലാതെ വരുന്ന മഹാ ഭൂരിപക്ഷം ഭക്തരും ശബരിമലയില്‍ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ല, ആര് നിഷേധിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണ്.

മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങളിലേക്ക് ഇത്തരത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ച് പോകാന്‍ ധൈര്യമുണ്ടോ എന്നു കൂടി മല കയറുന്നതിനു മുന്‍പ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ വ്യക്തമാക്കണം.

കാരണം നിങ്ങള്‍ സന്നിധാനത്ത് എത്തിയാലും പാതി വഴിയില്‍ മടങ്ങേണ്ടി വന്നാലും ഈ ചോദ്യം ശക്തമായി തന്നെ ഇവിടെ പൊതു സമൂഹത്തിനിടയില്‍ ഉയരും.

ഏത് മത വിഭാഗത്തിന്റെ ആരാധനാലയമായാലും ബഹു ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ തകര്‍ത്ത് ആര് കടന്നു ചെല്ലാന്‍ നോക്കിയാലും അത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നുള്ള തിരിച്ചറിവും ഉണ്ടാകുന്നത് നല്ലതാണ്.

മനസ്സിന് സമാധാനം ലഭിക്കാന്‍ പോയി നാടിന്റെ സമാധാനം തകര്‍ത്ത് മടങ്ങേണ്ടി വരുന്ന സാഹചര്യം എന്ത് സന്തോഷമാണ് അഭിനവ ഭക്തര്‍ക്ക് ഉണ്ടാക്കുക ? ശബരിമല ദര്‍ശനത്തിന് വാശി പിടിക്കുന്ന ആക്ടീവിസ്റ്റുകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇതിന് മറുപടി നല്‍കേണ്ടതുണ്ട്.

കാവിക്കൊടികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ക്കും അപ്പുറം എരിയുന്ന കനല്‍ തന്നയാണ് യുവതീ പ്രവേശന വാര്‍ത്തകള്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളുടെയും മനസ്സില്‍ തീര്‍ക്കുന്നത്. യുവതിപ്രവേശനം ശബരിമല സന്നിധാനത്ത് സാധ്യമായാല്‍ അത് ആളിക്കത്താനാണ് സാധ്യത.

രഹന ഫാത്തിമയെ പോലെയുള്ള ആക്ടീവിസ്റ്റുകളുടെ മലകയറ്റത്തെ ഒരിക്കലും ഒരു വിശ്വാസിയുടെ പ്രവര്‍ത്തിയായി ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. അതു കൊണ്ടു തന്നെയാണ് അവര്‍ ജാമ്യം പോലും ലഭിക്കാതെ ഇപ്പോഴും അകത്ത് തന്നെ കിടക്കുന്നത്. ആര്‍ക്കെങ്കിലും വാശി കാണിക്കാനോ ചരിത്രം തിരുത്തി എഴുതിയതായി പ്രഖ്യാപിക്കാനോ ഉള്ള മത്സര കളമല്ല ശബരിമല എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.

Top