എഫ്.എ കപ്പ് പോരാട്ടത്തില്‍ ലിവര്‍പൂളിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍: എഫ്.എ കപ്പിലെ ക്ലാസിക്ക് പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ലിവര്‍പൂളിനെ പരാജയപ്പെടുത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഇതോടെ യുണൈറ്റഡ് അഞ്ചാം റൗണ്ടിലേക്ക് കടന്നു. സ്വന്തം തട്ടകമായ ഓള്‍ഡ്ട്രാഫഡില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി. ആദ്യ ഇലവനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ഫ്രെഡ്, ഡിഹിയ എന്നിവരില്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. ലിവര്‍പൂളാകട്ടെ സാദിയോ മാനെ ഇല്ലാതെയും. 18-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. ഫിര്‍മിനോ നല്‍കിയ പാസ് സ്വീകരിച്ച സലാ പന്ത് ഹെന്‍ഡേഴ്‌സന്റെ തലയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണിട്ടും പതറാതെ കളിച്ച യുണൈറ്റഡ് 26-ാം മിനിറ്റില്‍ ഒപ്പമെത്തി. പോഗ്ബയും വാന്‍ഡെബീക്കും ചേര്‍ന്നൊരുക്കിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പാസ് കിട്ടിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് അത് ഗ്രീന്‍വുഡിന് നീട്ടിനല്‍കി. താരത്തിന്റെ ഷോട്ട് വലയില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡ് ലീഡെടുത്തു. 48-ാം മിനിറ്റില്‍ ഗ്രീന്‍വുഡിന്റെ പാസില്‍ നിന്നായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോള്‍. പക്ഷേ 58-ാം മിനിറ്റില്‍ സലാ വീണ്ടും ചെമ്പടയെ ഒപ്പമെത്തിച്ചു. ഇത്തവണയും ഫിര്‍മിനോ തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ 62-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മാനെയേയും യുണൈറ്റഡ് 66-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെയും കളത്തിലിറക്കി. 78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ വിജയ ഗോള്‍ കുറിച്ചു.

Top