ഐ ഡ്രോപ്‌സ്‌ കലര്‍ത്തിയ മദ്യം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയ്ക്ക് തടവ്‌

സൗത്ത് കാരലൈന: കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സിന് 25 വര്‍ഷം തടവുശിക്ഷ. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ് മുന്‍ നഴ്‌സുമായ ലെന സ്യൂ ക്ലേറ്റനാ(53)ണ് ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റ(64)നെ കൊലപ്പെടുത്തിയത്.

മനഃപൂര്‍വമല്ലാതെയുള്ള നരഹത്യയ്ക്കും ഭക്ഷണത്തിലോ മരുന്നിലോ മായം കലര്‍ത്തിയതിനും ഉള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവരെ ശിക്ഷിച്ചത്. 2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റനു കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തി മൂന്നു ദിവസം കുടിക്കാന്‍ കൊടുക്കുകയായിരുന്നു.

ഭര്‍ത്താവ് തന്നോടു മോശമായി പെരുമാറുന്നതു സഹിക്കാനാവാതെയാണു തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തിയത്. ഭര്‍ത്താവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തെ അസ്വസ്ഥനാക്കുക മാത്രമേ ലക്ഷ്യമിട്ടുള്ളൂവെന്നും ലെന കോടതിയില്‍ പറഞ്ഞു. ഗോവണിപ്പടിയില്‍നിന്ന് വീണ് മരിച്ചു എന്നായിരുന്നു ആദ്യവിവരം. പന്നീട് തുള്ളിമരുന്നിലെ പൊതുഘടകമായ രാസവസ്തുവിന്റെ സാന്നിധ്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്.

ഫ്‌ലോറിഡയിലെ മുന്‍ ബിസിനസുകാരനായ സ്റ്റീവന്‍ ക്ലേറ്റനു ഒരു മില്യനിലേറെ മൂല്യമുള്ള സമ്പത്ത് പലഭാഗങ്ങളിലായുണ്ട്. ഭര്‍ത്താവിന്റെ പൈതൃക സ്വത്ത് കൈക്കലാക്കാനും വില്‍പത്രം നശിപ്പിക്കാനുമാണു ലെന കുറ്റകൃത്യം ചെയ്തതെന്നാണ് അധികൃതരുടെ വാദം.

Top