ആകാശഗംഗക്ക് പുറത്ത് ആദ്യ ഗ്രഹം? ജിജ്ഞാസയിൽ ശാസ്ത്രലോകം

ജ്യോതിശാസ്ത്ര പഠനത്തില്‍ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ഭൂമി ഉള്‍പ്പെടുന്ന ഗാലക്‌സിയായ ആകാശഗംഗക്ക് (ക്ഷീരപഥം-Milkyway)പുറത്ത് ഒരു ഗ്യാലക്‌സിയില്‍ നക്ഷത്രത്തെ വലംവെക്കുന്ന ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനകളാണ് ലഭിച്ചത്. നാസയുടെ ചന്ദ്ര എക്‌സ്-റേ ഒബ്‌സര്‍വേറ്ററിയാണ് ആകാശഗംഗക്ക് പുറത്തെ ഗ്രഹത്തെ കുറിച്ചുള്ള വിവരം നല്‍കിയിരിക്കുന്നത്.

എം-51 എന്നറിയപ്പെടുന്ന വേള്‍പൂള്‍ ഗാലക്‌സിയിലാണ് പുതിയ ഗ്രഹത്തിന്റെ സൂചനകള്‍ കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് 28 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ് വേള്‍പൂള്‍ ഗാലക്‌സി സ്ഥിതിചെയ്യുന്നത്. അതായത്, പ്രകാശം 28 ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് സഞ്ചരിക്കുന്ന അത്രയും ദൂരം അകലെ. സൂര്യനും, ചുറ്റുമുള്ള ഗ്രഹങ്ങളും ഉള്‍പ്പെടുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍ എക്‌സോപ്ലാനെറ്റ്‌സ് (Exoplanets) എന്നാണ് അറിയപ്പെടുന്നത്.  ഇതുവരെയായി കണ്ടെത്തിയ 4000ത്തോളം എക്‌സോപ്ലാനെറ്റുകളെല്ലാം തന്നെ സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്‌സിയായ ആകാശഗംഗക്കുള്ളിലാണ്. ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്‌സിയില്‍ ഗ്രഹത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

എം.51-യു.എല്‍.എസ്1 എന്നാണ് പുതിയ ഗ്രഹം ഉള്‍ക്കൊള്ളുന്ന വ്യവസ്ഥക്ക് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ഇതിന് ശനിയുടെ വലിപ്പമുണ്ടാകുമെന്നാണ് അനുമാനം. നമ്മുടെ ഗാലക്‌സിക്ക് പുറത്തായതിനാല്‍ ‘എക്‌സ്‌ട്രോപ്ലാനെറ്റ്’ എന്നാണ് ഈ ഗ്രഹത്തെ വിശേഷിപ്പിക്കുക. എം.51-യു.എല്‍.എസ്1ല്‍ നിന്നുള്ള എക്‌സ്-റേ വിശകലനത്തിലൂടെയാണ് പുതിയ ഗ്രഹത്തെ കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. അതേസമയം, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഗ്രഹം തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ശാസ്ത്ര ജേണലായ നേച്ചര്‍ ആസ്‌ട്രോണമിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് പുതിയ കണ്ടെത്തല്‍ പുറത്തുവിട്ടത്.(സാങ്കൽപ്പിക ചിത്രം ഒപ്പം)

Top