ഭീകരതയ്ക്കെതിരെ ഇന്ത്യയുമായി സഹകരിക്കും: സൗദി, പാക്കിസ്ഥാനെക്കുറിച്ച് പരാമര്‍ശിച്ചില്ല

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. അതേസമയം, പാക്കിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല.

ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളികളാകാന്‍ സൗദിയെ ഇന്ത്യ ക്ഷണിച്ചു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Top