വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യ-യുഎസ് സൗഹൃദം കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്നും മോദി പറഞ്ഞു.

‘വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേത്. ഇന്ത്യ-യുഎസ് സൗഹൃദം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ഊട്ടിഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഇന്ത്യയും യുഎസും. വിശാലമായ വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം സഹകരിച്ച് വരുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്‍മാരില്‍ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും’ മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക. ട്രംപിന്റെ ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അമേരിക്കന്‍, ഇന്ത്യന്‍ ജനതകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരി 16 ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍
വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്.

Top