അറബികടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം, ഉച്ചയോടെ ചുഴലിക്കാറ്റാകും; ജാഗ്രതപാലിക്കുക

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസര്‍ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാകും വേഗത.

അര്‍ധരാത്രിയോടെ നിസര്‍ഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ കാറ്റ് തീരം തൊടും. 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സംസ്ഥാനങ്ങള്‍ മത്സ്യബന്ധനം വിലക്കി ബോട്ടുകള്‍ തിരികെ വിളിച്ചു. തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാല്‍ഖര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

Top