വരും ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ് ഉള്ളതിനാല്‍ എല്ലാ ജില്ലകളിലും പോലീസിന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സേവനം തേടിയിട്ടുണ്ട്.

നദികള്‍ക്ക് സമീപം താമസിക്കുന്നവരും ചെരിഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍ പൂന്തുറയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പ, അച്ചന്‍ കോവിലാര്‍ എന്നിവയിലെ ജലനിരപ്പ് ഉയരുകയാണ്. പ്രധാന ഡാമുകളിലെ ജല നിരപ്പില്‍ ആശങ്ക ഇല്ലെന്നും സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

47 വീടുകള്‍ തിരുവനന്തപുരത്ത് ഭാഗികമായി തകര്‍ന്നു. രണ്ട് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലത്ത് 125 ലേറെ വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കുന്നത്തൂരില്‍ നാശം കൂടുതല്‍. അപകട മേഖലയില്‍ കഴിയുന്നവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജില്ലാ കളക്ട്രേറ്റിലും താലൂക്ക് ഓഫീസിലും കണ്‍ട്രോള്‍ റൂം ഒരുക്കി.

കോട്ടയത്ത് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. എറണാകുളത്ത് തീരപ്രദേശങ്ങളില്‍ കടലേറ്റം ശക്തം. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാംപുകള്‍ തുറന്നു. ചെല്ലാനത്ത് നീരൊഴുക്ക് സുഗമമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടല്‍വെള്ളം കയറുന്ന മേഖലകളില്‍ നിന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റും. സൗദി പള്ളിയുടെ സമീപത്ത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പെരിയാറിന്റെ തീരത്ത് കഴിയുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു.

Top