ഉത്തരേന്ത്യയെ മരവിപ്പിച്ച് അതിശൈത്യം, മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ 23 ട്രെയിനുകള്‍ വൈകി

ഡല്‍ഹി: ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിച്ചതോടെ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 23 ട്രെയിനുകളാണ് വൈകിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളിലെല്ലാം മൂടല്‍മഞ്ഞ് ശക്തമാണ്.

ഡല്‍ഹിയിലെ പാലം നിരീക്ഷണ കേന്ദ്രത്തിനടുത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ സര്‍വേ അനുസരിച്ച് പൂജ്യം മുതല്‍ 50 മീറ്റര്‍ വരെയാണ് ദൃശ്യതയെങ്കില്‍ മൂടല്‍മഞ്ഞിന്റെ സാന്ദ്രത കൂടുതലായിരിക്കും. 51 മുതല്‍ 200 മീറ്ററിന് ഇടയിലാണെങ്കില്‍ കനത്ത മൂടല്‍മഞ്ഞും 201-500 മീറ്ററിനിടയിലാണെങ്കില്‍ മിതമായ മൂടല്‍മഞ്ഞും 501 മുതല്‍ 1000 മീറ്ററിനിടയിലുള്ള ദൃശ്യതയാണെങ്കില്‍ മൂടല്‍മഞ്ഞ് കുറവുമായിരിക്കും.

ഉത്തരേന്ത്യയില്‍ 2023 ഡിസംബര്‍ 30-ന് തുടങ്ങിയ അതിശൈത്യം ഇപ്പോഴും തുടരുകയാണ്. ശക്തമായ മൂടല്‍മഞ്ഞ് തിങ്കളാഴ്ചവരെ തുടരുമെന്നും അതിനുശേഷം ക്രമേണ കുറയുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Top