സംസ്ഥാനത്ത് അതീവ ജാഗ്രത; 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുള്ളത്. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശമുണ്ട്. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറന്‍ ഭാഗം നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തും മണ്‍സൂണ്‍ പാത്തിയുടെ കിഴക്കന്‍ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

Top