ബലാത്സംഗകേസില്‍ കര്‍ണാടക ഹൈകോടതിയുടെ അസാധാരണ നിരീക്ഷണം

ബംഗളൂരു: ബലാത്സംഗം ചെയ്ത ശേഷം ക്ഷീണിച്ചുറങ്ങുന്നത് ഭാരതസ്ത്രീകള്‍ക്ക് ചേര്‍ന്നതല്ലെന്ന് കര്‍ണാടക ഹൈകോടതിയുടെ വിമര്‍ശനം. ബലാത്സംഗക്കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ അസാധാരണ നിരീക്ഷണം. ബംഗളൂരുവിലെ സ്ഥാപന ഉടമ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി 42 കാരി നല്‍കിയ പരാതിയില്‍ രാജരാജേശ്വരി നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

വിചാരണ കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കൃത്യം നടന്ന ദിവസം രാത്രി എന്തിനാണ് പ്രതിയുടെ ഓഫിസില്‍ പോയതെന്ന് യുവതിക്ക് തെളിയിക്കാനായിട്ടില്ല. ഇരുവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയും ഒപ്പം മദ്യപിക്കുകയും ചെയ്തു. ഒന്നിച്ച് കാറിലും സഞ്ചരിച്ചു. പുലര്‍ച്ചവരെ ഒന്നിച്ചുകഴിഞ്ഞു.

ഇതെല്ലാം ചൂണ്ടിക്കാട്ടിയ ശേഷമാണ് ഭാരത സ്ത്രീകള്‍ ഇങ്ങനെയല്ല പ്രതികരിക്കുകയെന്ന് നിരീക്ഷിച്ചത്. ഒത്തുതീര്‍പ്പിന് തയാറാണെന്ന് യുവതി മുമ്പ് അറിയിച്ചത് പരാമര്‍ശിച്ച കോടതി, ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാന്‍ വൈകിയതെന്താണെന്നും ചോദിച്ചു.

Top