അസാധാരണമായ സിനിമയാണ്;ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാള്‍ മികച്ചത്:അനുരാഗ് കശ്യപ്

ഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. അസാധാരണമായ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നും ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാള്‍ മികച്ചതാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു. ഇത്തരം ആശയങ്ങളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മലയാളം സിനിമകള്‍ക്ക് മുന്നില്‍ ഹിന്ദി സിനിമ ഏറെ പിന്നിലേക്ക് പോവുകയാണെന്നും അദ്ദേഹം കുറിച്ചു.

ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നൂറുകോടിയും കടന്നു ജൈത്ര യാത്ര തുടരുകയാണ്. തമിഴ്നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. കമല്‍ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘അസാധാരണമായ നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചില്‍. ഈ ആശയത്തെ എങ്ങനെ ഒരു നിര്‍മാതാവിന് മുന്നിലെത്തിച്ചു എന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. ഹിന്ദിയില്‍ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്,’ അനുരാഗ് കശ്യപ് പറഞ്ഞു.

Top