ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദില്ലി: ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സോറോസിനെ പഴഞ്ചനായ, നിർബന്ധബുദ്ധിയായ സമ്പന്നൻ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെ അദ്ദേഹം പരിഹസിച്ചത്. ” സോറോസ് ന്യൂയോർക്കിലുള്ള പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധിയുള്ള ഒരു വ്യക്തിയാണ്. ലോകം മുഴുവൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നത് എന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു. കഥകളുണ്ടാക്കാൻ മാത്രമാണ് ഇത്തരക്കാർ തങ്ങളുടെ വിഭവശേഷി ഉപയോ​ഗിക്കുന്നത്”. ജയശങ്കർ അഭിപ്രായപ്പെട്ടു.

വികലമായ ജനാധിപത്യം, തുറന്ന കാഴ്ച്ചപ്പാടുള്ള സമൂഹം തുടങ്ങിയ സോറോസിന്റെ ആശയത്തെയും ജയശങ്കർ പരിഹസിച്ചു. ഇത്തരക്കാർ വിചാരിക്കുന്നത് അവർക്കിഷ്ടമുള്ള വ്യക്തി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് നല്ല തെരഞ്ഞെടുപ്പാണെന്നും അല്ലാത്തപക്ഷം അത് വികലമായ ജനാധിപത്യമാണ് എന്നുമാണ്. ഏറ്റവും രസകരമായ കാര്യം ഇതെല്ലാം ഇവർ ചെയ്യുന്നത് തുറന്ന കാഴ്ച്ചപ്പാടുള്ള സമൂഹത്തിന്റെ വക്താക്കൾ എന്ന വ്യാജേനയാണ് എന്നതാണ് എന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രവർത്തനക്രമത്തിൽ ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്റെ സ്വന്തം ജനാധിപത്യത്തിലേക്ക് നോക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. നിർണായകമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് അവിടെ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ആരും ചോദ്യം ചെയ്യാറില്ല. തെരഞ്ഞെടുപ്പിന് ശേഷം മധ്യസ്ഥത തേടി കോടതിയെ സമീപിക്കേണ്ട കാര്യവും ഉണ്ടാവാറില്ല. അദ്ദേഹം പറഞ്ഞു. ജനാധിപത്യവാദിയാണോ എന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്ത സോറോസിന്റെ നടപടിയെയും ജയശങ്കർ വിമർശിച്ചു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി ജനാധിപത്യവാദിയാണെന്ന് താൻ ചിന്തിക്കുന്നില്ല എന്നുമാണ് സോറോസ് പറഞ്ഞത്. നിരവധി മുസ്ലീങ്ങളെ പൗരത്വം റദ്ദാക്കി പുറത്താക്കാൻ ശ്രമിക്കുന്നെന്ന ആരോപണവും സോറോസ് നേരത്തെ തങ്ങൾക്കെതിരെ ഉയർത്തിയിട്ടുണ്ട്. അതൊരിക്കലും സംഭവിച്ചതേയില്ലല്ലോ. അതൊരു വിഡ്ഢിത്തം നിറഞ്ഞ അഭിപ്രായമായിരുന്നു എന്നും ജയശങ്കർ പരിഹസിച്ചു.

സോറോസ് ഭയത്തിന്റെയും മനോവിഭ്രാന്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രി വിമർശിച്ചു. അദാനി സ്റ്റോക്ക് കൃത്രിമത്വം നടത്തുകയാണെന്നും അദ്ദേഹത്തിന്റെ സ്റ്റോക്ക് ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും സോറോസ് അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ മോദി നിശബ്ദനാണ്. എന്നാൽ വിദേശ നിക്ഷേപകരുടെയും പാർലമെന്റിന്റെയും ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് ഉത്തരം നൽകേണ്ടിവരും. മോദിയും അദാനിയും അടുപ്പമുള്ള സഖ്യകക്ഷികളാണ്. ഇത് മോ​ദിയെ ദുർബലപ്പെടുത്തുകയും രാജ്യത്ത് പുനസംഘടന ചിന്ത സജീവമാക്കുകയും ചെയ്യുമെന്നും 2023 ലെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പരാമർശത്തിൽ സോറോസ് പറഞ്ഞിരുന്നു.

Top