പത്ത് വിദേശയാത്രകളിലായി 16 രാജ്യങ്ങള്‍ ; മോദിയേയും കടത്തിവെട്ടി വി. മുരളീധരന്‍

v-muralidaran

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശ യാത്രകളില്‍ ഒന്നാമത് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം വി. മുരളീധരന്‍ പത്ത് വിദേശയാത്രകളിലായി 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലോക്‌സഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വി. മുരളീധരനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വിദേശയാത്രകള്‍ നടത്തിയെന്നും ഒമ്പത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഭൂട്ടാന്‍, ഫ്രാന്‍സ്, യുഎഇ, ബഹ്‌റിന്‍, റഷ്യ, യുഎസ്, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അമേരിക്കൻ പര്യടനത്തിനിടെ സെപ്തംബർ 22ന് നടന്ന ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത് അമേരിക്കൻ സംഘടനയായ ടെക്സാസ് ഇന്ത്യ ഫോറം ആണെന്നും മുരളീധരൻ സഭയിൽ മറുപടി നൽകി. കേന്ദ്രഗവൺമെന്റിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് സന്ദര്‍ശിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 13 വിദേശ പര്യടനങ്ങളിലായി 16 രാജ്യങ്ങൾ സന്ദർശിച്ചു. മൂന്ന് മസത്തിനിടെ 14 വിദേശ നേതാക്കൾ ഇന്ത്യയിലെത്തിയതായും മന്ത്രി സഭയെ അറിയിച്ചു.

Top