അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം നീട്ടുന്നത് ചര്‍ച്ചയാകും; ജി-7 രാജ്യങ്ങളുടെ യോഗം ഇന്ന്

കാബൂള്‍: അഫ്ഗാനിസ്താന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങള്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും. സേനാ പിന്മാറ്റം ആഗസ്റ്റ് 31ന് അപ്പുറത്തേക്കു നീട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വിദേശ സേനകളുടെ പിന്‍മാറ്റം നീണ്ടാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കക്ക് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദീര്‍ഘിപ്പിക്കുമോ എന്ന കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റ തീയ്യതി ദീര്‍ഘിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനില്‍ നിന്ന് വിദേശ സേന പൂര്‍ണമായും പിന്‍വലിക്കാന്‍ വെറും ഏഴു ദിവസമാണ് അവശേഷിക്കുന്നത്.

അഫ്ഗാനില്‍നിന്നുള്ള രക്ഷാദൗത്യം സുഗമമാക്കുന്നതിനും താലിബാനോടുള്ള നിലപാട് രൂപീകരിക്കുന്നതിനുമാണ് ജി-7 രാജ്യങ്ങള്‍ ഇന്ന് യോഗം വിളിച്ചത്. വെര്‍ച്വലായാണ് യോഗം നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് നിലവില്‍ ജി-7 ഗ്രൂപ്പിന്റെ അധ്യക്ഷന്‍. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ എന്നിവരാണ് മറ്റു അംഗരാജ്യങ്ങള്‍. അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ താത്പര്യമുള്ള എല്ലാവരും രക്ഷപ്പെടുന്നത് വരെ യുഎസ് സൈന്യം അഫ്ഗാനില്‍ തുടരാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും എന്നാണ് സൂചന.

Top