സ്പ്രിംഗ്ലർ വിവാദത്തിലെ രാഷ്ട്രീയവും കേരളം തിരിച്ചറിയുക തന്നെ വേണം

പൊളിറ്റിക്‌സ് എന്നത് ബിസി നാലാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടില്‍ എഴുതിയ ഒരു പുസ്തകമാണ്.

ഒരു രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്യുന്നത് എന്താണോ, അതാണ് രാഷ്ട്രീയമെന്ന ഒരു വ്യാഖ്യാനം കൂടി രാഷ്ട്രിയത്തിനുണ്ട്.

അധികാരത്തിനു വേണ്ടി പരസ്പരം ചെളിവാരി എറിയുന്ന കക്ഷിരാഷ്ട്രീയക്കാര്‍ മറക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

നല്ല രാഷ്ട്രീയത്തിനു മാത്രമേ ഈ ലോകത്ത് നിലനില്‍പ്പൊള്ളൂ. അല്ലാത്തത്, കാലത്തിന്റെ ചവറ്റുകൊട്ടയിലേക്കാണ് വലിച്ചെറിയപ്പെടുക.

ഇത് മനസ്സിലാക്കണമെങ്കില്‍ ആദ്യം ‘സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റിയും വേണം’.

കരാറുകളുടെ സാങ്കേതികത്വങ്ങള്‍ക്കും അപ്പുറമാണ് മനുഷ്യരുടെ ജീവന്‍.

\

സ്പ്രിംഗ്ലര്‍ വിവാദങ്ങളിലൂടെ രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നവര്‍, ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും.

പ്രമുഖ സൈബര്‍ ഡാറ്റാ എക്‌സ്‌പേര്‍ട്ട് കൂടിയായ നാസര്‍ ഹുസൈന്റെ പ്രതികരണം, ഈ ഘട്ടത്തില്‍ നാം മുഖവിലക്കെടുക്കേണ്ടതുണ്ട്.

അദ്ദേഹം ജോലി ചെയ്യുന്ന സ്വിസ് ബാങ്കിന്റെ രഹസ്യവിവരങ്ങള്‍ മൈക്രോസോഫ്റ്റുമായാണ് കരാറായിരുന്നത്. സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മൈക്രോസോഫ്റ്റുമായുള്ള കരാറില്‍ എത്താന്‍, ഒരു വര്‍ഷത്തിലേറെ സമയമാണ് എടുത്തിരുന്നത്. ഈ നീണ്ട കാലയളവ് കൊറോണക്കാലത്ത് നമുക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുന്നതല്ല.

ക്‌ളൗഡ് പ്രോജക്ടില്‍ മുന്‍പ് ജോലി ചെയ്തവര്‍ക്ക് ഇതിന്റെ സാധ്യതയും എളുപ്പത്തില്‍ മനസ്സിലാകുമെന്നാണ് നാസര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കുള്ള പരിമിതിയെയാണ്, പ്രതിപക്ഷം കേരളത്തില്‍ ചൂഷണം ചെയ്യുന്നത്.

എല്ലാവരുടെയും സമ്മതപത്രം വാങ്ങി നടപ്പാക്കാന്‍, ഇത് അഭിപ്രായ വോട്ടെടുപ്പൊന്നുമല്ല. യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട സേവനമാണിത്.

തികച്ചും സൗജന്യമായി നല്‍കുന്ന ഈ സേവനത്തിന്, ഒരു കരാറിന്റെയും ആവശ്യമില്ല. 15,000 ല്‍ താഴെയുള്ള എന്ത് കരാറിലും ഒപ്പിടാന്‍, ഒരു മന്ത്രിസഭയുടെയും അനുമതി കേരളത്തിന് ആവശ്യമില്ല.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഇത്തരമൊരു നിയമം നടപ്പാക്കിയിരുന്നത്. സ്പ്രിംഗ്‌ളര്‍ കരാര്‍ സീറോ രൂപയുടെ കരാറാണ്. നിലവിലെ നിയമപ്രകാരം വകുപ്പ് മന്ത്രി പോലും കാണേണ്ട ആവശ്യം ഈ കരാറിനില്ല.

വ്യക്തമായി പറഞ്ഞാല്‍ 21.06.2013ലാണ് ഇതുസംബന്ധമായ ഉത്തരവിറങ്ങിയിരുന്നത്.

ഇതിലെ കണ്ടീഷന്‍ പാലിച്ചോ എന്ന് ചോദിച്ചാല്‍, അതെല്ലാം ഇവിടെ പാലിച്ചിട്ടുമുണ്ട്. സേവനം സീറോ രൂപയാണ് എന്നത് മാത്രമല്ല, അത് നല്‍കുന്നത് ഡിസാസ്റ്റര്‍ സിറ്റുവേഷനിലുമാണ്.

19.3.2020ല്‍ തന്നെ കോവിഡിനെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ ആയി റീനോട്ടിഫൈ ചെയ്തിട്ടുണ്ട്.

ടെന്‍ഡര്‍ ഇല്ലന്നതും, ഐ.ടി സെക്രട്ടറിയുടെ അതിരു കടന്ന അധികാരപ്രയോഗമെന്ന വാദവുമാണ് ഇതോടെ പൊളിയുന്നത്.

സ്പ്രിംഗ്‌ളറിന്റെ കാര്യത്തില്‍ ഇനിയും ആശങ്ക ഉണ്ടെങ്കില്‍ പ്രതിപക്ഷം കോടതിയെയാണ് സമീപിക്കേണ്ടത്. കോടതി പറയട്ടെ സത്യമെന്താണെന്ന്. അതുവരെ കാത്തിരിക്കുക തന്നെവേണം.

ഇവിടെ താന്‍ എടുത്ത തീരുമാനമാണിതെന്ന് ഐ.ടി സെക്രട്ടറി തന്നെ വ്യക്തമാക്കി കഴിഞ്ഞു.അതിന് അദ്ദേഹത്തിന് അവസരം നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നിയമം തന്നെയാണ്. ഇനി കരാറില്‍ മറ്റെന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ അതും തിരുത്തുക തന്നെ വേണം. അതിനു പക്ഷേ, വളഞ്ഞിട്ട്, ദുരിത കാലത്ത് ഇങ്ങനെ വേട്ടയാടരുത്. ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ മനോവീര്യം തകര്‍ന്നാല്‍ ഈ സിസ്റ്റമാണ് തകരാറിലാകുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെയാണ് അത് ബാധിക്കുക.

മഹാമാരി സമൂഹത്തിന് മുന്നില്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ എല്ലാ സാങ്കേതികത്വവും പരിഹരിച്ച് മുന്നോട്ട് പോകുവാന്‍ ഒരു സര്‍ക്കാരുകള്‍ക്കും കഴിയുകയില്ല.

അതിന് ഭരണകൂടത്തെ കുരിശിലേറ്റിയിട്ട് ഒരു കാര്യവുമില്ല.ഇന്ത്യയില്‍ ഐ.ടി നിയമം ശക്തമല്ലന്നതും പരസ്യമായ രഹസ്യമാണ്.2019 ഡിസംബറില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം ഉണ്ടാക്കിയെങ്കിലും, അതിന്റെ ചട്ടം ഇപ്പോഴും ചുവപ്പ് നാടയില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്.

ചട്ടം വരുന്നത് വരെ വൈറസ് കാത്തിരിക്കില്ലന്നതും, വിമര്‍ശകര്‍ ഓര്‍ക്കേണ്ടതുണ്ട്.

ഒരു ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്പനിയുടെ വിശ്വാസ്യത തന്നെ ഡാറ്റ സംരക്ഷിക്കുക എന്നതാണ്. അതില്ലങ്കില്‍ ആ കമ്പനി തന്നെ നിലനില്‍ക്കുകയില്ല. അമേരിക്കയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം അനുസരിച്ച് കടുത്ത ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും.

ഇന്ത്യയില്‍ ഏത് നിയമമുണ്ടാക്കി കരാറിലേര്‍പ്പെട്ടാല്‍ പോലും, നമ്മള്‍ കേസ് നടത്തേണ്ടി വരുന്നതും അമേരിക്കയിലായിരിക്കും. അവിടെ പരിഗണിക്കപ്പെടുക അമേരിക്കന്‍ നിയമങ്ങളുമായിരിക്കും. ചെന്നിത്തലമാര്‍ ബോധപൂര്‍വ്വം മറക്കുന്ന യാഥാര്‍ത്ഥ്യമാണിത്.

കോവിഡ് രോഗബാധിതര്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന ഘട്ടത്തിലണ്, സ്പ്രിംഗ്‌ളറുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന നടപടിക്രമമാണിത്. മനുഷ്യന്റെ ജീവന് പ്രാധാന്യം കൊടുക്കുന്ന ഏതൊരു സര്‍ക്കാറും സ്വീകരിക്കേണ്ട നടപടിയാണിത്.

ലോകത്ത് തന്നെ ഏറ്റവും മികച്ച ട്രാക്കിങ് സോഫ്റ്റ് വെയറുള്ള കമ്പനിയാണ് സ്പ്രിംഗ്‌ളര്‍.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചില പ്രോജക്ടുകളോട് സഹകരിക്കുന്നതും ഈ കമ്പനി തന്നെയാണ്.

ഇതിനു പുറമെ ആമസോണ്‍, അഡോബ്, സിസ്‌കോ, എത്തിസലാത്ത്, ഈസിജെറ്റ്, യൂറോസ്റ്റാര്‍,ഫിറ്റ്ബിറ്റ്, ഗോഡാഡി,എച്ച്.പി, ഹയാത്ത്,ഐബിഎം, കൂഡോ, ലെനോവോ,ലോറിയല്‍,മൈക്രോസോഫ്റ്റ്, ഒഎല്‍എക്സ്,നിസാന്‍, സാംസങ്, സാപ്, സോണോസ്, വാല്‍മാര്‍ട്ട്,വെബ്എംഡി തുടങ്ങി അനവധി കമ്പനികളുടെ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതും സ്പ്രിംഗ്‌ളറാണ്.

ഈ വന്‍കിട കമ്പനികളെയെല്ലാം ഒഴിവാക്കി സ്പ്രിംഗ്ലര്‍ മുതലാളി കേരളത്തിലെ ഡാറ്റ, ഏത് റിച്ചാര്‍ഡ് സായിപ്പിനാണ് വില്‍ക്കുക ? സാമാന്യ യുക്തിക്ക് നിരക്കാത്ത വാദങ്ങളാണ് പ്രതിപക്ഷം ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്.

മലയാളിയായ രാഗി തോമസാണ് ഈ കമ്പനിയുടെ തലപ്പത്ത് എന്നതിനാല്‍ മാത്രം, അവരില്‍ മറ്റു താല്‍പര്യങ്ങള്‍ കാണുന്നത് എന്തായാലും ശരിയായ നടപടിയല്ല.

സ്വന്തം മാതാപിതാക്കള്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ട സംസ്ഥാനത്തിന് അവര്‍ നല്‍കുന്ന സൗജന്യ സേവനമാണിത്. ആ അര്‍ത്ഥത്തില്‍ ഇക്കാര്യം വിലയിരുത്തപ്പെടാത്തതും കഷ്ടമാണ്.

രാഷ്ട്രീയ ആരോപണങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും പറ്റിയ സമയമല്ല ഇതെന്ന് ഇനിയെങ്കിലും പ്രതിപക്ഷം മനസ്സിലാക്കണം.

കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി ഇപ്പോഴും ശക്തമായി തന്നെ കേരളത്തിലും തുടരുകയാണ്.

അല്പം ആശ്വാസം ഈ നാടിന് കിട്ടിയിട്ടുണ്ടെങ്കില്‍, അത് സംസ്ഥാന സര്‍ക്കാറിന്റെ മികവ് കൊണ്ടു തന്നെയാണ്. കൊറോണ വൈറസിനെ ലോകത്ത് തന്നെ ഫലപ്രദമായി പ്രതിരോധിച്ച നാടു കൂടിയാണ് നമ്മുടെ കേരളം.

വിദേശത്തുള്ള മലയാളികള്‍ തിരിച്ചെത്തുന്നതോടെ, വീണ്ടും വലിയ വെല്ലുവിളിയെയാണ് നാം ഇനി നേരിടേണ്ടി വരിക. ആയിരങ്ങളല്ല, 20 ലക്ഷത്തോളം മലയാളികളാണ് ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്നത്.

അവസരം ലഭിച്ചാല്‍ വരാന്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും റെഡിയായി നില്‍ക്കുകയാണ്.

50 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുകയും, അതില്‍ രണ്ട് ലക്ഷം പേര്‍ക്ക് കോവിഡ് പിടിപെടുകയും ചെയ്താല്‍, എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ ? ഓര്‍ക്കുമ്പോള്‍ തന്നെ ബോധക്ഷയം വരുന്ന കാര്യമാണിത്.

ഇപ്പോള്‍ മൊത്തം സര്‍ക്കാര്‍ സംവിധാനത്തെ മുള്ളിന്‍മേല്‍ നിര്‍ത്തിച്ച് കഷ്ടപ്പെടുത്തിയാണെങ്കിലും, സര്‍ക്കാരിന് ഡേറ്റ മാനേജ് ചെയ്യാന്‍ പറ്റുന്നത് എണ്ണം പതിനായിരങ്ങളില്‍ നില്‍ക്കുന്നതുകൊണ്ട് മാത്രമാണ്. ഗൂഗിള്‍ ഷീറ്റും, എക്‌സെലും വച്ച് ഇരുപതുലക്ഷം പേരെ ട്രാക് ചെയ്യുന്ന മാജിക്കിനും പരിമിതിയേറെയുണ്ട്. ഇവിടെയാണ് സ്പ്രിംഗ്ലറിന്റെ പ്രസ്‌ക്തി.

എവിടെ നിന്ന് ആളുകള്‍ വന്നു? അത് ഏതൊക്കെ വിമാനങ്ങളില്‍? മറ്റ് മാര്‍ഗ്ഗങ്ങളില്‍ എത്തിയവര്‍ എത്ര? അവരില്‍ എത്രപേര്‍ പോസിറ്റീവ് ആണ്? ആരൊക്കെ ആരുടെയൊക്കെ അടുത്താണ് ഇരുന്നിരുന്നത്? അവരൊക്കെ ഏതൊക്കെ നാടുകളിലേക്ക് പോയി? എത്രപേര്‍ക്ക് പിന്നീട് രോഗം വന്നു? വന്നവരുടെ കോണ്‍ടാക്റ്റുകള്‍ ആരൊക്കെയാണ്? അവര്‍ ഇപ്പോള്‍ എവിടെയൊക്കെ ഉണ്ട്? ആശുപത്രികളില്‍ എത്രത്തോളം ഒഴിവുണ്ട്? ഏതൊക്കെ സ്‌പെഷ്യലിസ്റ്റുകളെ ആവശ്യമുണ്ട്? ഭാവിയിലെ ആവശ്യത്തെ ഡേറ്റാ പാറ്റേണുകള്‍ വച്ച് എങ്ങനെ പ്രവചിക്കാം? ഏതൊക്കെ മരുന്നുകളാണ് പ്രത്യേക ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ഫലപ്രദമാവുന്നത്? ഏതൊക്കെ ഭൂപ്രകൃതികളിലാണ് രോഗം കൂടുതല്‍ പകരുന്നത്? തുടങ്ങി ആയിരക്കണക്കിന് കാര്യങ്ങളാണ് പരിശോധിക്കേണ്ടി വരുന്നത്.

എന്നിട്ടുവേണം ബദല്‍ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന് സ്വീകരിക്കുവാന്‍.ഇതിനായി ഡേറ്റയും അനലിറ്റിക്‌സ് സംവിധാനങ്ങളും അനിവാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരനാണ് സ്പ്രിംഗ്ലറുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതാണിപ്പോള്‍ പ്രതിപക്ഷം വിവാദമാക്കി ആഘോഷിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാങ്കേതിക പശ്ചാത്തലം ഒരുക്കുന്നത് വിദേശ-സ്വകാര്യ, കുത്തക കമ്പനികളാണ്. രാജസ്ഥാനില്‍ സര്‍ക്കാര്‍ പദ്ധതി ജനങ്ങളില്‍ എത്തിക്കുന്നത് അമേരിക്കന്‍ ഐടി സ്ഥാപനമായ ടാബ്ലോയാണ്. പഞ്ചാബിലാകട്ടെ, ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ കുത്തകയായ ഒലയുമായാണ് സഹകരണം. കാര്‍ഷികോത്പന്നങ്ങളുടെ ചരക്ക് നീക്കത്തിനും നിരീക്ഷണത്തിനും ഒല പ്ലാറ്റ്‌ഫോമാണ് പഞ്ചാബ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.മഹാരാഷ്ട്രയില്‍, ആരോഗ്യ സംരക്ഷണ രംഗത്ത് വിദേശകമ്പനിയായ മക്കിന്‍സിയുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ഇതെല്ലാം മറച്ച് വെച്ചാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വമിപ്പോള്‍ പുകമറ സൃഷ്ടിക്കുന്നത്.

ഡേറ്റാ പ്രൈവസിയൊക്കെ പ്രധാനം തന്നെയാണ്. പക്ഷേ അതൊരിക്കലും മനുഷ്യരുടെ ജീവന്‍വെച്ച് പന്താടിയാവരുത്. മനുഷ്യനുണ്ടെങ്കിലേ പ്രൈവസിയുമുള്ളൂ. ഇക്കാര്യം ആരോപണം ഉന്നയിക്കുന്നവരും മറന്ന് പോകരുത്.
express view

Top