കിമ്മിനെ വില്ലനായി കാണുന്നവരെല്ലാം ഓർക്കണം, ആ രാജ്യത്തിന്റെ കണ്ണീരും

കൊറോണക്കാലത്തും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഉത്തര കൊറിയയും, ആ രാജ്യത്തെ ഭരണാധികാരി കിം ജോങ് ഉന്നുമാണ്.

അമേരിക്ക ഏറെ ഭയത്തോടെ നോക്കി കണ്ട ഭരണാധികാരിയാണ് കിം ജോങ് ഉന്‍.

1948ലെ ജനനം മുതല്‍ ഇപ്പോള്‍ വരെ, ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ സര്‍വ്വനാശം ആഗ്രഹിച്ച രാജ്യമാണ് അമേരിക്ക.

മുന്‍പ് വിയറ്റ്നാമിനോടും ക്യൂബയോടുമെല്ലാം സ്വീകരിച്ച അതേ നിലപാടാണിത്.

എല്ലാവിധ വെല്ലുവിളികളെയും അതിജീവിച്ചാണ് പരിമിതിക്കുള്ളിലും ഉത്തര കൊറിയ ഇപ്പോഴും മുന്നോട്ട് പോകുന്നത്.

ഈ ചങ്കുറപ്പിന് മുന്നിലാണ് സാക്ഷാല്‍ ഡോണള്‍ഡ് ട്രംപിന് പോലും മുട്ടുമടക്കേണ്ടി വന്നിരുന്നത്.2018 ജൂണ്‍ 12ന് സിംഗപ്പൂരിലെ സെന്‍ഡോസോ ദ്വീപിലും, പിന്നീട് ഉത്തര കൊറിയന്‍ അതിര്‍ത്തിയിലും നാം കണ്ടതും അതാണ്.

ഈ കൊച്ചു രാജ്യത്തെ അനുനയിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് തന്നെ തലകുനിക്കേണ്ടി വന്നത്, വേറിട്ടൊരു കാഴ്ച തന്നെയായിരുന്നു.

ഇറാന്റെ സൈനിക മേധാവിയെ വധിച്ച് പ്രകോപനം സൃഷ്ടിച്ചവര്‍, ഉത്തര കൊറിയക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നത് ശരിക്കും പേടിച്ചിട്ട് തന്നെയാണ്.

ഉത്തര കൊറിയയുടെ ആണവ പോര്‍മുനഘടിപ്പിച്ച മിസൈലാണ് അമേരിക്കയെ ഏറെ ഭയപ്പെടുത്തുന്നത്.

അമേരിക്കന്‍ ഭീഷണിയെ ആണവശക്തി വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് കിം ജോങ് ഉന്‍ നേരിട്ടിരുന്നത്.

അമേരിക്കന്‍ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയയിലും, അലാസ്‌കയിലും വരെ എത്തുന്ന, മിസൈല്‍ ശേഖരവും ഇന്ന് ഉത്തര കൊറിയയുടെ ശേഖരത്തിലുണ്ട്.

അമേരിക്കക്ക് കരുത്തിന്റെ ഭാഷ മാത്രമേ മനസ്സിലാകൂ. അതു കൊണ്ടാണ് ഈ മാര്‍ഗ്ഗം തന്നെ, കിം ജോങ് ഉന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

അമേരിക്കയിലെ ജനങ്ങളും, ശാന്തസമുദ്രത്തിലെ തങ്ങളുടെ കോളനിയായ ഗുവാം, കിഴക്കനേഷ്യയിലെ സഖ്യശക്തികളായ ദക്ഷിണ കൊറിയ, ജപ്പാന്‍ മുതലായ രാജ്യങ്ങളും, ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവഭീഷണിയുടെ നിഴലിലാണെന്ന തിരിച്ചറിവാണ് ട്രംപിനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരുന്നത്. ഒന്നിനുപുറകെ ഒന്നായി പ്രഖ്യാപിച്ച ഉപരോധങ്ങളെയും ഉത്തര കൊറിയ അതിജീവിക്കുമെന്ന് മനസ്സിലായപ്പോഴാണ് ചര്‍ച്ചയുടെ പാത സ്വീകരിക്കാന്‍ അമേരിക്ക സന്നദ്ധമായിരുന്നത്.

അമേരിക്കയുടെ കിരാത നടപടികളാല്‍ ആണവപാത തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായ, ഒരു രാജ്യത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കാനുള്ള ആദ്യത്തെ നീക്കങ്ങളായിരുന്നു ഇത്.

ഈ ചര്‍ച്ചകള്‍ പോലും പ്രഹസനമാക്കിയ, അമേരിക്കയുടെ നിലപാടുകളാണ് വീണ്ടും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കൊറോണകാല്ലത്തും മിസൈല്‍ പരീക്ഷണം നടത്താന്‍, ഉത്തര കൊറിയയെ പ്രേരിപ്പിച്ചതും ഈ അവഗണന തന്നെയാണ്.

ഏതുരാജ്യത്തെയുംപോലെ നിലനില്‍പ്പും, സുരക്ഷയും, വികസനവും ഉത്തര കൊറിയയുടെയും ജന്മാവകാശമാണ്. ഉത്തര കൊറിയ രൂപീകൃതമായ കാലംമുതല്‍ അതിനെ എങ്ങനെയും അട്ടിമറിക്കാന്‍, അമേരിക്കയും സഖ്യശക്തികളും നടത്തിയ ഹീനശ്രമങ്ങളും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്.

ലോകത്തിലെതന്നെ ഏറ്റവും നാശമുണ്ടാക്കിയ യുദ്ധങ്ങളിലൊന്നാണ് 1950-53കളിലെ കൊറിയന്‍യുദ്ധം. ‘പരിമിതയുദ്ധം’ എന്ന് അമേരിക്ക വിളിച്ച കൊറിയന്‍യുദ്ധം, ഉത്തര കൊറിയയില്‍ വിതച്ചത് കൊടിയ വിനാശമാണ്. ഈ അനുഭവമാണ് പിന്നീടവരെ ആണവവല്‍ക്കരണത്തിലേക്ക് നയിച്ചിരുന്നത്. ഇക്കാര്യം വിമര്‍ശകര്‍ ബോധപൂര്‍വ്വം മറക്കുകയാണ്. ലക്ഷക്കണക്കായ ജനങ്ങളെയും ,വ്യവസായശാലകളെയും, സ്‌കൂളുകളെയും ആകാശാക്രമണങ്ങളിലൂടെ ഇല്ലാതാക്കുകമാത്രമല്ല, എപ്പോള്‍വേണമെങ്കിലും അമേരിക്കയുടെ നേതൃത്വത്തില്‍ സംഭവിക്കാവുന്ന ഒരു ആണവാക്രമണം എന്ന ഭീതിയും വിതച്ചുകൊണ്ടാണ്, അമേരിക്ക യുദ്ധം അവസാനിപ്പിച്ചിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനില്‍ ഉണ്ടാക്കിയ നാശനഷ്ടത്തേക്കാള്‍ വലുതായിരുന്നു ഉത്തര കൊറിയയില്‍ സാമ്രാജത്വ ‘കഴുകന്‍’ നടത്തിയിരുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ 5,03,000 ടണ്‍ ബോംബാണ് ജപ്പാനില്‍ വിക്ഷേപിച്ചതെങ്കില്‍, 32,500 ടണ്‍ നാപാം ബോംബുകളുള്‍പ്പെടെ 6,35,000 ടണ്‍ ബോംബാണ് ഉത്തര കൊറിയയെ തകര്‍ക്കാന്‍ അമേരിക്ക വിക്ഷേപിച്ചിരുന്നത്. യുദ്ധത്തില്‍ മരിച്ച 30 ലക്ഷം ആളുകളില്‍ മഹാഭൂരിപക്ഷവും ഉത്തര കൊറിയക്കാരാണ്.

1948ല്‍ ഉത്തര കൊറിയയുടെ രൂപീകരണത്തിനുശേഷം, കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് ഉത്തരകൊറിയ മാറിയതാണ് അമേരിക്കയുടെ പകയ്ക്ക് അടിസ്ഥാനം.

ഈ കമ്യൂണിസ്റ്റുവിരുദ്ധ സംഹാരതാണ്ഡവം ഉത്തര കൊറിയയെ ശവപ്പറമ്പായാണ് മാറ്റിയിരുന്നത്. യുദ്ധത്തിന്റെ ആദ്യവര്‍ഷത്തില്‍ത്തന്നെ ഉത്തര കൊറിയയിലെ 8700 ഫാക്ടറിയും, 5000 സ്‌കൂളും, 1000 ആശുപത്രിയും, ആറുലക്ഷം വീടും അമേരിക്ക തവിടുപൊടിയാക്കിയിരുന്നു. 1952 ആയപ്പോഴേക്കും ബോംബാക്രമണത്തിന് ലക്ഷ്യംവയ്ക്കാന്‍ പ്രാധാന്യമുള്ള സ്ഥലങ്ങളൊന്നുമില്ലാതായി മാറുകയാണുണ്ടായത്.

പിന്നീട് അവര്‍ യാലു നദിയുമായി ബന്ധിപ്പിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കായി നിര്‍മിച്ചിരുന്ന, ജലസംഭരണികളാണ് തകര്‍ത്തിരുന്നത്. ഇതോടെ, ആയിരക്കണക്കിനു ഹെക്ടര്‍ നെല്‍പ്പാടമാണ് വെള്ളപ്പൊക്കത്തില്‍പ്പെട്ട് നാമാവശേഷമായിരുന്നത്. ഉത്തര കൊറിയയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയെയും, ആ അവസ്ഥയിലും അവരുടെ പരിമിതമായ സമ്പത്തുപയോഗിച്ച് ആണവായുധീകരണത്തിലേക്ക് പോകുന്നതിനെയും വിമര്‍ശിക്കുന്നവര്‍, കണ്ണടയ്ക്കുന്നതും ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെയാണ്.

അമേരിക്ക തകര്‍ത്തെറിഞ്ഞ ഭൗതികസാഹചര്യങ്ങളെയും, അവര്‍ ഉത്തര കൊറിയയിലെ ജനങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതബോധത്തെയും, ആരും മറന്നു പോകരുത്.

1945ല്‍ കൊറിയയുടെ അയല്‍രാജ്യമായ ജപ്പാനിലെ ഹിരോഷിമയിലും ,നാഗസാക്കിയിലും അമേരിക്ക നടത്തിയ ആണവാക്രമണങ്ങളുടെ ഭീകരത, ഒരു നടുക്കുന്ന ദുരന്തക്കാഴ്ചയായി നില്‍ക്കുമ്പോഴാണ്, 1950ല്‍ കൊറിയന്‍യുദ്ധവും ആരംഭിച്ചിരുന്നത്. മനുഷ്യത്വരഹിതമായ ബോംബാക്രമണം നടക്കുന്നവേളയില്‍, ഉത്തര കൊറിയക്കാര്‍ ഏറെ ഭയന്നിരുന്നത് മറ്റൊരു ആണവാക്രമണത്തെയാണ്.

1953ല്‍ യുദ്ധം അവസാനിച്ചതിനുശേഷവും, അമേരിക്കയില്‍നിന്ന് ആണവായുധ ആക്രമണഭീഷണി ഉണ്ടായേക്കാമെന്നും അവര്‍ ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം സുരക്ഷയ്ക്കായി ഉത്തര കൊറിയ ആണവ ശേഖരം നടത്തിയിരുന്നത്.

ഏതു രാജ്യത്തിന്റെയും പ്രഥമവും പ്രധാനവുമായ ലക്ഷ്യം, ആ രാജ്യത്തിന്റെ സുരക്ഷയാണ്. അത് സംരക്ഷിക്കാനുള്ള ഉദ്യമംമാത്രമാണ്, ആണവവല്‍ക്കരണത്തിലൂടെ ഉത്തര കൊറിയയും നടത്തിയിരിക്കുന്നത്. ഇനി കിം ജോങ് ഉന്നല്ല അദ്ദേഹത്തിന്റെ സഹോദരിയായാലും, മറ്റാര് തന്നെ അധികാരത്തില്‍ വന്നാലും, ഉത്തരകൊറിയയെ അമേരിക്കക്ക് ഇനിയും ഏറെ ഭയക്കേണ്ടി തന്നെ വരും.

Express View

Top