കളക്ടറെ ‘കടത്തിവെട്ടി’ഐ.പി.എസ്, കണ്ണൂരിൽ യതീഷ്ചന്ദ്ര വേറെ മാതിരി

.എ.എസ് – ഐ.പി.എസ് പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അതിന് സിവില്‍ സര്‍വ്വീസോളം നീണ്ട ഒരു ചരിത്രം തന്നെയുണ്ട്.

ഐ.പി.എസ് പവറിനോളം വരില്ല ഐ.എ.എസ് എന്ന്, വിശ്വസിക്കുന്നവരാണ് കാക്കിപ്പട. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളും നിരത്താനുണ്ട്.

ഐ.എ.എസുകാരനായാലും മന്ത്രിമാരായാലും അവര്‍, അഴിമതി നടത്തിയാലും ക്രൈം നടത്തിയാലും അറസ്റ്റ് ചെയ്യാന്‍ ചുമതലപ്പെട്ടവര്‍ പൊലീസാണ്. വീരശുരാ പരാക്രമികളായ എത്രയോ ഐ.എ.എസുകാര്‍ ഐ.പി.എസുകാരുടെ ചോദ്യം ചെയ്യലിനു മുന്നില്‍ മുട്ട് വിറച്ച് നിന്നതും രാജ്യം പല തവണ കണ്ടിട്ടുള്ളതാണ്.

സ്റ്റേറ്റ് പൊലീസില്‍ മാത്രമല്ല, സി.ബി.ഐയിലും ഐ.ബിയിലും റോയിലും വരെ നീളുന്നതാണ് ഐ.പി.എസ് പവര്‍.

ഇത്രയും കാര്യങ്ങള്‍ ഇവിടെ വ്യക്തമായി പറയേണ്ടി വന്നത് കണ്ണൂര്‍ കളക്ടറെ ചിലത് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്.

കൊറോണക്കാലത്താകരുത് നിങ്ങളുടെ പ്രൊഫഷണല്‍ ഈഗോ പ്രകടിപ്പിക്കേണ്ടത്.

സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. കളക്ടര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ജില്ലയാണ് കണ്ണൂര്‍.

ഇവിടെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍, അത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും വൈറസ് പടരാതിരിക്കാനുമാണ്. റോഡുകള്‍ അനുമതിയില്ലാതെ പൊലീസ് അടച്ചതാണ് ജില്ലാ കളക്ടറെ പ്രകോപിപ്പിച്ചിരിക്കുന്നത്. എസ്.പി യതീശ് ചന്ദ്രയ്‌ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അപക്വമായ നിലപാടാണിത്.

കളക്ടറുടെ സമ്മതപത്രം വാങ്ങി റോഡ് അടക്കുവാന്‍ ഇത് കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ചൊന്നുമല്ല.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടമാണ് നാട്ടില്‍ നടക്കുന്നത്. റോഡുകള്‍ അടച്ചിടുക സ്വഭാവികവുമാണ്.

ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത മേഖലകളില്‍, പൊലീസ് റോഡ് അടച്ചത് തുറക്കണമെന്നാണ് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം എസ്.പി യതീഷ് ചന്ദ്ര തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. അടച്ച റോഡുകള്‍ തല്‍ക്കാലം അടഞ്ഞ് തന്നെ കിടക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കളക്ടറുടെ നിലപാടിനേറ്റ ശക്തമായ പ്രഹരമാണിത്. ഇക്കാര്യത്തില്‍ പൊലീസിന്റെ നിലപാടിനൊപ്പമാണ് മുഖ്യമന്ത്രിയും നിലയുറപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും സ്വന്തം ജില്ലയാണ് കണ്ണൂര്‍. ഇവിടുത്തെ ജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ അവര്‍ക്കും സ്വാഭാവികമായും ഉണ്ടാകും.സംസ്ഥാന സര്‍ക്കാറിന് ബോധ്യപ്പെടാത്തത് കളക്ടര്‍ ഒരിക്കലും ഈ ഘട്ടത്തില്‍, നടപ്പാക്കാന്‍ ശ്രമിക്കരുത്. കാസര്‍ഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ പോകേണ്ടി വന്നത് അവിടുത്തെ ജില്ലാ കളക്ടര്‍ക്ക് തന്നെയാണ്. ഇതും ഓര്‍മ്മ വേണം.

ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പ്രധാന പോംവഴി. അതിന് കണ്ണൂര്‍ എസ്.പി റോഡുകള്‍ അടക്കാന്‍ നിര്‍ദ്ദേശിച്ചെങ്കില്‍ അത് അടഞ്ഞ് തന്നെ കിടക്കണം.

ഇതില്‍ കലിപൂണ്ട് എസ്.പിക്കെതിരെ കളക്ടര്‍ ഉറഞ്ഞ് തുള്ളിയിട്ട് ഒരു കാര്യവുമില്ല.

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന വാദവും യുക്തിക്ക് നിരക്കുന്നതല്ല. കളക്ടറുടെ അനുമതി വാങ്ങി നടത്തേണ്ട ഒന്നല്ല പൊലീസിങ്ങ്.

എസ്.പി യതീഷ് ചന്ദ്ര, ജില്ലയുടെ ചുമതലയുള്ള രണ്ട് ഐ.ജിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതിന് അദ്ദേഹത്തിന് ബാധ്യതയുമുണ്ട്. കളക്ടറുടെ റാങ്കിനും എത്രയോ മുകളിലാണ് ഐ.ജി റാങ്ക് എന്നതും, ജില്ലാ കളക്ടര്‍ മറന്നു പോകരുത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൊലീസ് പൊലീസിന്റെ പണിയെടുക്കും, കളക്ടര്‍ കളക്ടറുടെ പണി മാത്രം എടുക്കുന്നതാണ് ഉചിതം.

കണ്ണൂരില്‍ രോഗ വ്യാപനം ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് ജില്ലാ കളക്ടര്‍ കൂടി ഉത്തരവാദിയാണ്. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല കളക്ടര്‍ക്കാണ്.അത് ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടോ എന്നതാണ് കളക്ടര്‍ സ്വയം പരിശോധിക്കേണ്ടത്.

സംഭവം കൈവിട്ട് പോകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പൊലീസ് ഇവിടെ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയവരെ എസ്.പി ഏത്തമിടുവിച്ചതും, വൈറസിന്റെ ഗൗരവം ഉള്‍കൊണ്ടാണ്. അന്നത്തെ ആ നടപടിയെ എതിര്‍ത്തവര്‍ക്ക് പോലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയുകയില്ല.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും, ആശങ്ക പരക്കെയുണ്ട്.

പ്രവാസികള്‍ ഏറ്റവും കൂടുതല്‍ തിരിച്ചെത്തുന്ന ജില്ലകളില്‍ ഒന്നു കൂടിയാണ് കണ്ണൂര്‍.

ജാഗ്രത പൊലീസിനു മാത്രമല്ല, ജനങ്ങള്‍ക്കും വേണമെന്ന് വ്യക്തം.

ഇത്തരമൊരു സാഹചര്യത്തില്‍ ഈഗോ ഒഴിവാക്കി, എസ്.പിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് കളക്ടര്‍ തയ്യാറാവേണ്ടത്.

ജില്ലയിലെ പൊലീസിനെ ആകെ നിയന്ത്രിക്കേണ്ട എസ്.പിക്ക് എപ്പോഴും കളക്ടറുടെ യോഗത്തിന് എത്താന്‍ കഴിയണമെന്നില്ല.അതിനാണ് മറ്റു ഉദ്യോഗസ്ഥരെ എസ്.പി നിയോഗിക്കുന്നത്. ഇതൊരു ഈഗോ പ്രശ്‌നമായി എടുത്താല്‍ ജില്ലാ ഭരണമാണ് സ്തംഭിച്ചു പോവുക.

എ.സി റൂമിലിരുന്ന് കളക്ടര്‍ നടത്തുന്ന ഭരണമല്ല, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന എസ്.പി അടക്കമുള്ള പൊലീസുകാര്‍ക്കുള്ളത്.

വലിയ റിസ്‌ക്ക് ഈ ഐ.പി.എസ് ഉദ്യോഗസ്ഥനും എടുക്കുന്നുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട വിഭാഗമാണ് പൊലീസ്.ഇക്കാര്യം ഓര്‍ത്തിട്ടു വേണം കണ്ണൂര്‍ കളക്ടര്‍ വിവാദങ്ങള്‍ പടച്ചുവിടാന്‍.

കൊറോണക്കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന നിരവധി ഐ.എ.എസുകാര്‍ കേരളത്തിലുണ്ട്. എറണാകുളം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് കളക്ടര്‍മാര്‍ ഇതിന് ഉദാഹരണങ്ങളാണ്.ഇവരാരും തന്നെ പൊലീസുമായി ഏറ്റുമുട്ടാന്‍ പോയിട്ടില്ല, ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. അതിന്റെ റിസള്‍ട്ട് ഈ ജില്ലകളില്‍ തന്നെ വ്യക്തവുമാണ്.

ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ കാക്കിയെ വിശ്വാസത്തിലെടുക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കാനുമാണ് ഏതൊരു കളക്ടറും ശ്രമിക്കേണ്ടത്. അപ്പോള്‍ മാത്രമേ അതിന്റെ റിസള്‍ട്ടും ഉണ്ടാവുകയുള്ളു.

ക്രമസമാധാന രംഗത്ത് അന്നും, ഇന്നും ഐ.എ.എസ് പവറിനും മീതെ തന്നെയാണ് ഐ.പി.എസ് പവര്‍. കളക്ടറുടെ വാഹനത്തില്‍ നിന്നും തെറിച്ച ബീക്കണ്‍ ലൈറ്റ് ഇപ്പോഴും എസ്.പിയുടെ വാഹനത്തിലിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

Express View

Top