കൊറോണ ദുരിതത്തില്‍ ദുരന്തമായ് കേന്ദ്ര സര്‍ക്കാര്‍, ട്രംപും അപമാനിച്ചു

കൊലയാളി വൈറസ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണക്കാര്‍ കേന്ദ്ര സര്‍ക്കാറാണ്, ഉത്തരവാദി പ്രധാനമന്ത്രി മോദിയുമാണ്.

ദുരന്തം ഉണ്ടായിട്ട് നേരിടുന്നതിലല്ല, ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് ജനങ്ങളെ സംരക്ഷിക്കുന്നതിലാണ് ഒരു ഭരണാധികാരി മിടുക്ക് കാട്ടേണ്ടത്.

കൊറോണ വൈറസ് ആദ്യമായി രാജ്യത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമായിരുന്നു.എന്നാല്‍ അതുണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാന താവളങ്ങളില്‍ നിന്നും വൈറസ് വാഹകര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞതും, തുടര്‍ന്ന് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമായതും ഈ ഉള്‍ക്കാഴ്ച ഇല്ലാത്ത നിലപാട് മൂലമാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടറാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ടീച്ചറായ ശൈലജ, കേരളത്തില്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ നാലയലത്ത് വരില്ല കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനം. കേരളത്തെ കണ്ട് പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളെ ഉപദേശിക്കേണ്ട ഗതികേടിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.

തീര്‍ന്നില്ല, ലോകത്തിന് മുന്നിലും രാജ്യത്തെ ഇപ്പോള്‍ നാണം, കെടുത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍.മരുന്നിനായി ഇന്ത്യയെ അമേരിക്കന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര നടപടി രാജ്യത്തിന് തന്നെ അപമാനകരമാണ്.

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതിയുടെ വിലക്കാണിപ്പോള്‍ രാജ്യം നീക്കിയിരിക്കുന്നത്. അതും അമേരിക്കയെ പേടിച്ചാണെന്നതും ഓര്‍ക്കണം.

ഗുജറാത്തില്‍ മോദി ഒരുക്കിയ നമസ്‌തേ ട്രംപ് പരിപാടിയുടെ ‘നന്ദി പ്രകടനമാണോ’, ട്രംപിന്റെ ഭീഷണിയെന്ന ചോദ്യത്തിന് മോദിയാണ് ഇനി മറുപടി പറയേണ്ടത്.

‘കക്ഷത്തിലുള്ളതും പോയി ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല’ എന്ന അവസ്ഥയിലാണിപ്പോള്‍ മോദി സര്‍ക്കാര്‍.

ആകെ നാണം കെട്ട അവസ്ഥയാണിത്, വിശ്വസ്ത പങ്കാളിയായ റഷ്യയല്ല, അമേരിക്കയെന്ന യാഥാര്‍ത്ഥ്യം മോദി വൈകിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്.

ട്രംപിന്റെ കഴിവു കേടിനും ധിക്കാരതയ്ക്കുമാണ് ആ രാജ്യമിപ്പോള്‍ അനുഭവിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ വലിയ ഭീതിയിലാണ് അവിടെ കഴിയുന്നത്. അമേരിക്കയെ മാത്രമല്ല, ദുരിതം അനുഭവിക്കുന്ന എല്ലാ രാജ്യത്തെയും ഇന്ത്യ സഹായിക്കുക തന്നെ വേണം, അതു പക്ഷേ ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് വേണ്ടത്.

ചൈനയില്‍ പൊട്ടി പുറപ്പെട്ട വൈറസ് ഇന്ത്യയില്‍ പെട്ടെന്ന് എത്തുമെന്നത് മുന്നില്‍ കാണാതിരുന്നിടത്താണ് കേന്ദ്രത്തിന് വീഴ്ച പറ്റിയിരിക്കുന്നത്. ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പോലും വേണ്ടത്ര ഗൗരവം അതിന് കേന്ദ്രം കൊടുത്തിരുന്നില്ല.

പിടിവിട്ട് പോകുന്ന സാഹചര്യത്തില്‍ മാത്രമാണ് ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നത്.

അതേസമയം, മരണത്തെ ഭയന്ന് രാജ്യം പകച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തിലും ഏക ഛത്രപതിയാകാനാണ് മോദി ശ്രമിക്കുന്നത്.
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് നിര്‍ത്തലാക്കി എല്ലാം കേന്ദ്ര സര്‍ക്കാര്‍ വഴിയാക്കണമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് കോവിഡിന്റെ പേരില്‍ മോഡിയിപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ, കോവിഡ് രോഗം സ്ഥിരീകരിച്ചത് 2020 ജനുവരി 30തിന് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അന്നുമുതല്‍ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് അളക്കുകയും കോവിഡ് പരിശോധന ഫലപ്രദമാക്കുകയും ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ കോവിഡ് ഭീതിയില്‍ നിന്നും രക്ഷിക്കാമായിരുന്നു.

എന്നാല്‍ അത്തരത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. രാജ്യത്തെ ആദ്യ കോവിഡ് മരണം മാര്‍ച്ച് 10ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് കേന്ദ്രം ഉണര്‍ന്നത്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29തിന് മടങ്ങിയെത്തിയ കല്‍ബുര്‍ഗി സ്വദേശിയായ 76കാരന്‍ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് കോവിഡ് ബാധിച്ച് മരണപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍. അന്ന് 78 പേര്‍ മാത്രമായിരുന്നു രാജ്യത്ത് കോവിഡ് ബാധിച്ചവര്‍. 61 ഇന്ത്യക്കാര്‍ക്കും 17 വിദേശികള്‍ക്കുമായിരുന്നു രോഗ ബാധ. പൊതുവെ പടരുന്ന സ്ഥിതിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും വിശദീകരിച്ചിരുന്നത്. കോവിഡ് ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ മെല്ലെപോക്കെന്നതും ഓര്‍ക്കണം.

ഇതിനിടെ പ്രധാനമന്ത്രി നോട്ട് നിരോധനം പോലെ നാടകീയമായി മാര്‍ച്ച് 21ന് രാജ്യമാകെ 14 മണിക്കൂര്‍ നിശ്ചലമാകുന്ന ജനത കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ 14 മണിക്കൂര്‍ രാജ്യം നിശ്ചലമായി.

ഇതിനു പിന്നാലെ 24ന് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ വീടിനു മുന്നില്‍ പാത്രം കൊട്ടുകയും മണിയടിക്കുകയും ചെയ്യുന്ന കലാപരിപാടികള്‍ക്കും ആഹ്വാനമുണ്ടായി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് ഒമ്പത് മിനുറ്റു നേരം വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കുന്ന അവസ്ഥയും ഉണ്ടായി.

പ്രധാനമന്ത്രിയുടെ വാക്കുകളെ പ്രതിയോഗികളെക്കൊണ്ടുപോലും അനുസരിപ്പിക്കുന്ന സമര്‍ത്ഥമായ നീക്കമാണ് മോഡി ഇവിടെയും നടത്തിയിരിക്കുന്നത്. പാത്രം കൊട്ടിയതുകൊണ്ടോ വെളിച്ചം തെളിച്ചതുകൊണ്ടോ കൊറോണ പോകില്ലെന്നറിയാമായിരുന്നിട്ടും രാജ്യം മുഴുവന്‍ ഈ പ്രകടനം ജനങ്ങളെകൊണ്ട് നടത്തിക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ഭയത്തെ മുതലെടുക്കുന്ന വില കുറഞ്ഞ രാഷ്ട്രീയമാണിത്.

കോവിഡ് പരിശോധന ഏറ്റവും കുറവ് നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 136 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രതിദിനം കേവലം 18000 കോവിഡ് പരിശോധനാ ടെസ്റ്റുകള്‍ മാത്രമാണ് നിലവില്‍ നടത്തുന്നത്. അതിനാല്‍ കോവിഡ് വ്യാപനവുമായി ഇപ്പോള്‍ പുറത്തുവിടുന്ന കണക്കുകള്‍ യഥാര്‍ത്ഥ രോഗികളുടെ എണ്ണം വെളിപ്പെടുത്തുന്നതല്ല. ഈ ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പങ്കുവെയ്ക്കുന്നുമുണ്ട്.

മുംബൈ പോലെ ചിലയിടങ്ങളില്‍ കോവിഡിന്റെ സാമൂഹിക വ്യാപനം ഭയപ്പെടുത്തുന്നതാണ്. ലോക്ഡൗണിലും ഇന്ത്യയില്‍ കോവിഡ് രോഗം വ്യാപകമാവുകയാണ്. ആകെ രോഗികള്‍ അയ്യായിരത്തിനടുത്ത് എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കോവിഡ് ഹോട്ട് സ്പോട്ടായി നിസാമുദ്ദീനെ മാറ്റിയതും മോഡി ഭരണകൂടത്തിന്റെ പിടിപ്പുകേട് മൂലമാണ്. നിസാമുദ്ദീനിലെ മര്‍ക്കസിലെ തബ്ലീഗ് സമ്മേളനം തടയാന്‍ കഴിയാത്ത മോഡിയുടെയും അമിത്ഷായുടെയും പിടിപ്പുകേടാണ് കൊറോണ ഇന്ത്യയില്‍ വ്യപകമാക്കാന്‍ കാരണമായിരിക്കുന്നത്.

വിദേശ പ്രതിനിധികളടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നായി 8000ത്തിലധികം പ്രതിനിധികളാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരാണ് കോറോണ സാമൂഹിക വ്യാപനത്തിന് വഴിയൊരുക്കിയത്. മാര്‍ച്ച് 20നാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യ സ്വദേശിക്ക് തെലങ്കാനയില്‍ വച്ച് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. അപ്പോള്‍ തന്നെ ഗൗരവമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലടക്കം സ്ഥലത്തെത്തി മര്‍ക്കസ് ഒഴിപ്പിച്ചത്. അപ്പോഴേക്കും മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് വിവിധ സംസ്ഥാനങ്ങളിലേക്ക് പടര്‍ത്തിയിരുന്നു.

രാജ്യത്ത് കോവിഡ് ബാധിതരില്‍ മൂന്നില്‍ ഒന്നും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം പിഴവുകളും പിടിപ്പുകേടുകളും മറച്ച് വെയ്ക്കാന്‍, കോവിഡ് പ്രതിരോധത്തിനായി മണിയടിച്ചും തപ്പുകൊട്ടിയും വിളക്ക് തെളിയിച്ചുമാണ് മോഡിയിപ്പോള്‍ രാഷ്ട്രീയം കളിക്കുന്നത്.

എം.പി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എം.പിമാര്‍ക്ക് ഇനി നേരിട്ട് പണം ചെലവഴിക്കാനുമാവില്ല. ഇതോടെ എം.പിമാരുടെ ഗ്ലാമറും നഷ്ടമാകും. പകരം അധികാരവും വികസനവുമെല്ലാം കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കുകയും ചെയ്യും.

ഒരു വര്‍ഷം അഞ്ചു കോടി രൂപയാണ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട്. 20 ലോക്സഭാംഗങ്ങളും ഒമ്പത് രാജ്യസഭാംഗങ്ങളുമടക്കം 29 എം.പിമാരുടെ 290 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മാത്രം നഷ്ടമാകുന്നത്. കേരളത്തിലെ എം.പിമാര്‍ എം.പി ഫണ്ടിന്റെ സിംഹഭാഗവും ചെലവിടുന്നത് ഇപ്പോള്‍ കോവിഡ് ടെസ്റ്റുകള്‍ക്കും വെന്റിലേറ്ററടക്കമുള്ള ചികിത്സാ സൗകര്യങ്ങളൊരുക്കാനുമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി കോവിഡ് പ്രതിരോധത്തെയും താളം തെറ്റിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനില്‍ക്കെ, പി.എം കെയേഴ്സ് എന്ന പേരില്‍ കോവിഡ് ഫണ്ട് രൂപീകരിക്കുന്നതും, സഹായങ്ങളെല്ലാം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 3800 കോടി ചെലവഴിക്കാതെ കിടക്കുമ്പോഴാണ് കോവിഡ് ഫണ്ടുണ്ടാക്കുന്നതെന്നതാണ് വിചിത്രം.

കോവിഡ് പ്രതിരോധത്തിന് സാമ്പത്തിക ശേഷിയില്ലാതെ പല സംസ്ഥാനങ്ങളും വലയുമ്പോഴും മതിയായ സാമ്പത്തിക പാക്കേജ് അനുവദിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങള്‍ക്കായി ഒരു ലക്ഷം കോടിയുടെ പ്രത്യേക പാക്കേജെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിലവില്‍ ജി.എസ്.ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടുന്ന 48,000 കോടി രൂപ പോലും കേന്ദ്രം വിതരണം ചെയ്തിട്ടില്ല. മറ്റു വഴികളില്ലാതെ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. മഹാരാഷ്ട്ര, തെലുങ്കാന സര്‍ക്കാരുകള്‍ ജീവനക്കാരുടെ ശമ്പളം 50 മുതല്‍ 75 ശതമാനം വരെ വെട്ടിക്കുറച്ചപ്പോള്‍ കേരളം ഒരു മാസത്തെ ശമ്പളമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ഡൗണോടെ രാജ്യത്തിന്റെ സര്‍വമേഖലകളും നിശ്ചലമായിക്കഴിഞ്ഞു. വരുമാനമില്ലാതെ ജനങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുകയാണ്.
ഇതിനിടയിലും അധികാരവും വികസനവും പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന തന്ത്രപരമായ നീക്കമാണ് മോഡി ഇപ്പോള്‍ നടത്തിവരുന്നത്.

Express view

Top