ചുവപ്പിന്റെ ശത്രു ചുവപ്പ് തന്നെയാണ്, കാനത്തിന്റേത് അവസരവാദ നിലപാട്

ടതുപക്ഷത്തിരുന്ന് വലതുപക്ഷത്തിന്റെ സ്വഭാവം കാണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.ഐ.

മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളെ വിളിച്ച് പറഞ്ഞ് പ്രതിപക്ഷത്തിന് പലപ്പോഴും ഊര്‍ജ്ജം നല്‍കിയതും ഈ പാര്‍ട്ടി തന്നെയാണ്.

സ്പ്രിന്‍ക്ലര്‍ വിവാദത്തിലെ സി.പി.ഐയുടെ ഇപ്പോഴത്തെ നിലപാടും അത്തരത്തിലുള്ളതാണ്.

എ.കെ.ജി സെന്ററിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്,സി.പി.എം സംസ്ഥാന സെക്രട്ടറിയെ എപ്പോള്‍ വേണമെങ്കിലും കാണാം. മുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്ന നിലയില്‍ അതിനെ ഒരിക്കലും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുകയുമില്ല.

എന്നാല്‍ സര്‍ക്കാറിനെയും മുന്നണിയെയും പ്രതിക്കൂട്ടിലാക്കാനായി പോയ ഇപ്പോഴത്തെ യാത്ര, തികച്ചും ദുരുദ്ദേശപരമാണ്. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത നടപടിയാണിത്.

കൊറോണ ഭീഷണി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.സി.പി.ഐ മന്ത്രിമാര്‍ കയ്യാളുന്ന റവന്യൂ, കൃഷി വകുപ്പുകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്. മുഖ്യമന്ത്രി നടത്തുന്ന പ്രതിദിന ബ്രീഫിങ്ങില്‍, റവന്യൂ മന്ത്രിയെയും പിണറായി ഒപ്പം കൂട്ടാറുണ്ട്. സാമാന്യ മര്യാദ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ തല തിരിഞ്ഞ സമീപനമാണ് സി.പി.ഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിനാണ് വളമാകുന്നത്.ഭരണത്തില്‍ പങ്കാളിയായി തന്നെ, പ്രതിപക്ഷ നിലപാട് സ്വീകരിക്കുന്ന ഏര്‍പ്പാടാണിത്.

സ്പ്രിന്‍ക്ലര്‍ കരാര്‍ വിവാദം ഹൈക്കോടതിയുടെ പരിഗണനയിലാണ് നിലവിലുള്ളത്. കോടതിയുടെ പരിഗണനയിലിരിക്കെ, ഭരണപക്ഷത്ത് തന്നെ ഈ വിഷയത്തില്‍ ‘ഭിന്നത’ എന്ന വാര്‍ത്ത വരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നതും സിപിഐ ഓര്‍ക്കണം.

കോടിയേരിയെ പ്രതിഷേധ മറിയിച്ചത് മാധ്യമങ്ങളെ അറിയിക്കണമെന്ന നിര്‍ബന്ധം സി.പി.ഐക്കുണ്ടായിരുന്നു.അതു കൊണ്ടാണ് എഴുതിയ തിരക്കഥ പോലെ കാര്യങ്ങള്‍ നടന്നിരിക്കുന്നത്.

നിലവില്‍ സ്പ്രിംക്ലര്‍ കരാറിലെ നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മുന്‍ വ്യോമയാന സെക്രട്ടറിയും ഐ.ടി വിദഗ്ദനുമായ മാധവന്‍ നമ്പ്യാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജനങ്ങളുടെ ഡേറ്റ കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും സമിതിയുടെ പരിശോധനയില്‍ ഉള്‍പ്പെടുന്ന കാര്യമാണ്.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്പ്രിന്‍ക്ലറില്‍ വിവര ചോര്‍ച്ച ഉണ്ടാകില്ലെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത് 80 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ ഉണ്ടാവാന്‍ ഇടയുണ്ടെന്ന വിദഗ്ദ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധൃതഗതിയില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്. സിഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലാണ് ഡാറ്റ ശേഖരിച്ചു വയ്ക്കുന്നതെന്നും, ഇവ ചോരുന്നില്ലന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനാ സംവിധാനമുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ആമസോണ്‍ ക്ലൗഡ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ക്ലൗഡ് സ്റ്റോറേജാണ്. കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വകുപ്പിന്റെ ഏജന്‍സി ഈ ക്ലൗഡുകളില്‍ ഓഡിറ്റിംഗ് നടത്തുന്നുമുണ്ട്. ‘ഡാറ്റാ ചോരുന്നുണ്ടെങ്കില്‍ മനസ്സിലാക്കാനാവുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഉടന്‍ നടപടി എടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാരിന്റെ വിശദീകരണ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യ വാണിജ്യ വിനിമയ കരാറായതിനാല്‍ ഐ ടി വകുപ്പിന് നിയമവകുപ്പിന്റെ അംഗീകാരം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡാറ്റ സംരക്ഷണത്തിന് ഉറപ്പു നല്‍കുന്ന വ്യവസ്ഥകളും നിബന്ധനകളുമാണ് പര്‍ച്ചേസ് ഓര്‍ഡറില്‍ ഉള്ളത്. ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുന്ന അടിയന്തിര സാഹചര്യത്തില്‍ വ്യക്തിസ്വകാര്യത വഴിമാറേണ്ടതുണ്ട്. വിവരം നല്‍കുന്ന വ്യക്തിയുടെ തന്നെ സംരക്ഷണത്തിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്തുരോഗമാണ് നിലവില്‍ ഉള്ളതെന്നല്ലാതെ രോഗത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ വ്യക്തിയുടെ അനുമതി നിയമപരമായി ആവശ്യവുമില്ല. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ സര്‍ക്കാരിന് ശേഖരിക്കാന്‍ കേന്ദ്ര വ്യക്തി ഡാറ്റ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ടന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ വിവര ശേഖരണത്തിന് നിരവധി ഐ.ടി കമ്പനികള്‍ ഉണ്ടെങ്കിലും, മാസ് ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ തന്നെ മറ്റൊരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിനെ പരിഗണിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വിവരങ്ങള്‍ നേരിട്ട് ഐ.ടി സെക്രട്ടറി തന്നെ സി.പി.ഐ സെക്രട്ടറിയെയും അറിയിച്ചിരുന്നു. എന്നാല്‍ ഇതുപോലും മുഖവിലക്കെടുക്കാതെയാണ് കാനം ഇപ്പോള്‍ പ്രതിഷേധിച്ചിരിക്കുന്നത്. പരസ്യ പ്രസ്താവന ഒഴിവാക്കിയെങ്കിലും സി.പി.ഐ ഉദ്യേശിച്ച കാര്യം എന്തായാലും മാധ്യമങ്ങളിലൂടെ വരുത്തി കഴിഞ്ഞിട്ടുണ്ട്.

മരണം വാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, സാങ്കേതികമായി എല്ലാ അനുമതികളും വാങ്ങുക എന്നത് നടപ്പുള്ള കാര്യമൊന്നുമല്ല. അത് വലിയ വീഴ്ചയായി കൊട്ടിഘോഷിക്കുന്നതും ഈ ഘട്ടത്തില്‍ ശരിയായ നടപടിയല്ല.

സര്‍ക്കാറിന് ഒരു രൂപ ചിലവില്ലാത്ത കരാറാണിത്. തികച്ചും സൗജന്യമായ സേവനം. കൊറോണ ‘കൊണ്ടു പോയില്ലങ്കില്‍’ നമുക്ക് കരാറില്‍ നിന്നും പിന്‍മാറാനും, ഭേദഗതി വരുത്താനും ഇനിയും സാവകാശമുണ്ട്.

ഇക്കാര്യങ്ങളാണ് പ്രതിപക്ഷത്തെ പോലെ സി.പി.ഐയും മുഖവിലക്കെടുക്കാതിരിക്കുന്നത്.

ജനങ്ങള്‍ ഉണ്ടെങ്കിലേ സര്‍ക്കാറും കരാറും ഒക്കെ ഉണ്ടാകുകയൊള്ളൂ. ലോകത്ത് ഏപ്രില്‍ 22 വരെ മാത്രം രോഗബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു കഴിഞ്ഞു. ഇതുവരെ 1,84,219 പേരാണ് മരിച്ചത്. ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 26,37,681 ആയി. 56,674 പേരുടെ നില ആശങ്കാജനകവുമാണ്.

ഇന്ത്യയില്‍ കേരളം മികച്ച പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും, സ്ഥിതി സങ്കീര്‍ണ്ണം തന്നെയാണ്. കൊലയാളി വൈറസ് നമുക്ക് ചുറ്റും തന്നെയുണ്ട്. പ്രവാസികള്‍ തിരിച്ചു വരുന്നതിലൂടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകാനും സാധ്യതയുണ്ട്. കണ്ണൂരിലെ
അവസ്ഥയും ഒട്ടും ആശ്വാസമല്ല. അത്തരം ഘട്ടത്തില്‍ രോഗ വ്യാപനം ഉണ്ടായാല്‍ സ്പ്രിന്‍ക്ലറിന്റെ സഹായം കൂടിയേ തീരൂ.

രമേശ് ചെന്നിത്തലയും കാനം രാജേന്ദ്രനുമൊന്നും, ഒരു ഡേറ്റയും ഈ ഘട്ടത്തില്‍ കൊണ്ടു തരാന്‍ പോകുന്നില്ല. ഇക്കാര്യം പൊതു സമൂഹമെങ്കിലും തിരിച്ചറിയണം. വൈറസ് ഭീഷണി അതിജീവിച്ച ശേഷം നമുക്ക് എല്ലാ വശവും ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ ആവശ്യം ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈറസിനെ മാടി വിളിക്കുന്ന ഏര്‍പ്പാടാണിത്.

എരിതീയില്‍ എണ്ണ ഒഴിക്കുന്ന സി.പി.ഐ നിലപാടും തിരുത്തപ്പെടേണ്ടതുണ്ട്. അതല്ലങ്കില്‍ മുന്നണിയില്‍ നിന്നും പുറത്ത് പോയാണ് അവര്‍ പ്രതികരിക്കേണ്ടത്.

ഒറ്റക്ക് മത്സരിച്ചാല്‍ കേരളത്തില്‍ ഒരു പഞ്ചായത്ത് ഭരണം പോലും പിടിക്കാന്‍ ശേഷി ഇല്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ.

ഇപ്പോള്‍ വിജയിച്ച എം.എല്‍.എമാരും ലഭിച്ച മന്ത്രി സ്ഥാനങ്ങളും സി.പി.എമ്മിന്റെ ഔദാര്യത്തില്‍ മാത്രമാണ്.

ഇടതുപക്ഷത്ത്, സി.പി.എം അല്ലാതെ ജനപിന്തുണയുള്ള ഒരു പാര്‍ട്ടിയെയും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

ഒരു ജീപ്പില്‍ കയറ്റാന്‍ പോലും അണികള്‍ ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് പോലും മന്ത്രി സ്ഥാനം കൊടുത്ത പാര്‍ട്ടിയാണ് സി.പി.എം.

എന്നാല്‍, യു.ഡി.എഫിന്റെ സ്ഥിതി അതല്ല ആ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസ്സിനും അവരുടെ മേഖലകളില്‍ സ്വാധീനമുണ്ട്.പ്രത്യേകിച്ച് വടക്കന്‍ മേഖലകളിലും മധ്യമേഖലയിലും ഇത്
വ്യക്തമാണ്. ഈ ഘടകകക്ഷികള്‍ ഇല്ലാതെ കോണ്‍ഗ്രസ്സിന് ഒരടി പോലും മുന്നോട്ട് നീങ്ങാന്‍ കഴിയുകയുമില്ല.

ഇവിടെയാണ് സി.പി.എം, ഘടകകക്ഷികള്‍ക്ക് നല്‍കുന്ന പരിഗണനയുടെ വലുപ്പം നാം തിരിച്ചറിയേണ്ടത്.

എത്ര പദവികള്‍ ലഭിച്ചാലും കുളം കലക്കുന്ന സ്വഭാവമുള്ളവര്‍ അതിന് വീണ്ടും
ശ്രമിക്കുക തന്നെ ചെയ്യും. അതാണിപ്പോള്‍ സി.പി.ഐയും ചെയ്ത് കൊണ്ടിരിക്കുന്നത്.കുത്തക മാധ്യമങ്ങളാണ് ചുവപ്പിലെ ഇത്തരം വൈറസുകള്‍ക്ക് ഇന്ധനം നല്‍കുന്നത്. സ്വയം കുഴിതോണ്ടുന്ന ഏര്‍പ്പാടാണിത്. ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.
Express View

Top