കേന്ദ്ര സർക്കാർ കണ്ടു പഠിക്കണം, മറ്റു രാജ്യങ്ങളുടെ കരുതൽ എന്തെന്ന്

പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയില്‍ കുടുങ്ങിയ പൗരന്‍മാരെ, വിദേശ രാജ്യങ്ങള്‍ മടക്കികൊണ്ട് പോകുമ്പോള്‍, വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ കൈവിടുന്ന ഇന്ത്യന്‍ നിലപാട് കണ്ണീരായി മാറുന്നു.

ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുള്ള ആവശ്യത്തിനെതിരെ സുപ്രീംകോടതി നിലപാട് സ്വീകരിച്ചത് പ്രവാസി സമൂഹത്തെയാകെ ആശങ്കപ്പെട്ടുത്തിയിരിക്കുകയാണ്. പുറത്തുനിന്നും ആളുകളെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഇത്തരം ഒരു നിലപാട് കോടതിയും സ്വീകരിച്ചിരിക്കുന്നത്.യാത്രാ വിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ച വിധി തന്നെയാണ് സുപ്രീംകോടതിയില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വന്തം പൗരന്‍മാരെ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളുമായുള്ള തൊഴില്‍ബന്ധങ്ങള്‍ പുന:പരിശോധിക്കേണ്ടിവരുമെന്ന, യു.എ.ഇയുടെ താക്കീതുപോലും ഇതോടെ ഇന്ത്യ ഇനി അവഗണിക്കും. ലോക്ക്ഡൗണ്‍ കഴിയാതെ വിദേശ ഇന്ത്യക്കാരെ രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോടതി കൂടി ഇത് ശരിവെച്ചതോടെ പ്രവാസികള്‍ക്ക് മുന്നിലുള്ള വഴികളെല്ലാം അടയുകയാണ്.

മറ്റ് രാജ്യങ്ങള്‍ സ്വന്തം രാജ്യങ്ങളിലേയ്ക്ക് പൗരന്മാരെ കരുതലോടെ കൊണ്ടു പോകുമ്പോള്‍, അന്തംവിട്ട് നോക്കിനില്‍ക്കുകയാണിപ്പോള്‍ വിദേശ ഇന്ത്യക്കാര്‍.

ലോക്ക്ഡൗണില്‍ രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് വിലക്കുണ്ടെന്ന ഇന്ത്യയുടെ വാദത്തെപ്പോലും തള്ളിക്കളഞ്ഞാണ് വിദേശ പൗരന്‍മാരെ കൊണ്ടുപോകാന്‍ ആ രാജ്യങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തിയിരിക്കുന്നത്.

ഗള്‍ഫ് പ്രവാസികളെ തിരിച്ചെത്തിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് കണ്ണീരിലാഴ്ത്തുന്നത് ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന മലയാളി കുടുംബങ്ങളെയാണ്. കേരളത്തില്‍ നിന്നും 25 ലക്ഷത്തോളം പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികള്‍ പ്രതിവര്‍ഷം അയക്കുന്നത് 85,092 കോടി രൂപയെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ കുഴല്‍പ്പണമടക്കമുള്ള സമാന്തര മാര്‍ഗങ്ങളിലടക്കം ഒരു ലക്ഷം കോടിയിലേറെ രൂപയാണ് പ്രവാസി മലയാളികള്‍ വഴി കേരളത്തിലെത്തുന്നത്. ഇതൊരു യാഥാര്‍ത്ഥ്യവുമാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് ഗള്‍ഫ് പണമാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകളെല്ലാം ഗള്‍ഫ് പണത്തെ മാത്രം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

പ്രളയമടക്കം കേരളത്തിന്റെ പ്രതിസന്ധികളിലെല്ലാം താങ്ങും തണലുമായത് പ്രവാസികളാണ്. നാട്ടിന്‍പുറങ്ങളിലെ പാവങ്ങളുടെ ചികിത്സാസഹായമടക്കം എല്ലാ നല്ലകാര്യങ്ങളിലും പ്രവാസികളുടെ സാമ്പത്തിക സഹായമാണ് തണലായിരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മതസംഘടനകളുമെല്ലാം പ്രവാസി പണം കൊണ്ടാണ് പടര്‍ന്നു പന്തലിക്കുന്നത്. ഒരു കാലത്തും അനുഭവിക്കാത്ത നരകയാതനയാണ് പ്രവാസി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളിലും ഒറ്റ മുറി ഫ്‌ളാറ്റുകളിലും മറ്റും തട്ടുകളടിച്ച് കഴിയുന്ന സാധാരണ തൊഴിലാളികളാണ് പ്രവാസികളില്‍ ഭൂരിപക്ഷവും. ഇവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ജീവിതം നരകതുല്യമായാണ് മാറുക. ക്വാറന്റൈനില്‍ കഴിയല്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടും പ്രായോഗികമല്ല. ക്യാമ്പിലുള്ള മറ്റുള്ളവര്‍ക്കും കോവിഡ് പകരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയാളികളുടെ മരണങ്ങളും ഇവിടെ നിന്നും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന ഫ്‌ളാറ്റില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാലും ക്വാറന്റൈനുള്ള സംവിധാനവും ഗള്‍ഫില്‍ നിലവിലില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ പൊതുജനാരോഗ്യ സംവിധാനം തീര്‍ത്തും ദുര്‍ബലമാണ്. പ്രവാസികള്‍ക്ക് മതിയായ ചികിത്സയൊരുക്കാനുള്ള സംവിധാനം അവിടങ്ങളിലില്ല. അവിടുത്തെ തദ്ദേശീയരായ പൗരന്‍മാരുടെ ചികിത്സക്കാണ് രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. കേരളം ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് നല്‍കിയ പ്രഥമ പരിഗണന, ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ഒരിക്കലും ലഭിക്കുകയില്ല. നമ്മുടെ നാടും മറ്റ് രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും അതാണ്.

കേരളത്തില്‍ അന്യസംസ്ഥന തൊഴിലാളികള്‍ക്ക് പോലും വലിയ പരിഗണനയാണ് കോവിഡ് കാലത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കാണുമ്പോഴാണ് ഗള്‍ഫ് രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍ ഇവിടെ എത്താന്‍ കൊതിച്ച് പോകുന്നത്.

സോഷ്യല്‍ മീഡിയയിലൂടെവരുന്ന സഹായ അഭ്യര്‍ഥനകളില്‍ പോലും, കൈയയച്ച് സംഭാവന നല്‍കുന്ന പ്രവാസികള്‍, ഇപ്പോള്‍ തങ്ങളുടെ ദുരിതം വിവരിച്ച് സഹായം തേടുന്ന കാഴ്ച, ഏറെ ഹൃദയഭേദകമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡര്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ അടക്കമുള്ളവര്‍ ഇപ്പോഴാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. തങ്ങളുടെ സ്വാധീനം, പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യപരിരക്ഷ ലഭ്യമാക്കാനും നാട്ടിലേക്ക് വരാന്‍ സന്നദ്ധരായവരെ, തിരികെ എത്തിക്കാനുമാണ് അവര്‍ ഉപയോഗപ്പെടുത്തേണ്ടത്.

പ്രവാസി ഇന്ത്യക്കാരെ തിരികെഎത്തിക്കാനാവില്ലെന്ന, കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ന്യായവാദങ്ങളും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിമാന സര്‍വീസുകള്‍ നിലച്ച മാര്‍ച്ച് 24 മുതല്‍, പൂര്‍ണ ലോക്ക്ഡൗണിലുള്ള ഇന്ത്യയില്‍ നിന്നും 20473 വിദേശികളെയാണ് പ്രത്യേക വിമാനങ്ങള്‍ വഴി അവരുടെ രാജ്യങ്ങളിലെത്തിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ തന്നെ ഇത് വ്യക്തവുമാണ്.

അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പൗരന്‍മാരെ കൊണ്ടുപോകാന്‍ നിരവധി വിമാന സര്‍വീസുകളാണ് ഇന്ത്യയിലേക്കു നടത്തിയിരിക്കുന്നത്.

വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍വീസ് നടത്താത്ത എയര്‍ ഇന്ത്യ, വിദേശികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സര്‍വീസുവരെ നടത്തുകയുണ്ടായി. ഏപ്രില്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളിലാണ് ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്‍മാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ലണ്ടനിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തിയിരുന്നത്. അവിടെ നിന്ന് കാനഡ സ്വന്തം വിമാനത്തില്‍ പൗരന്‍മാരെ നാട്ടിലെത്തിക്കുകയും ചെയ്തു. ജര്‍മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരെ തിരികെയെത്തിക്കാനും എയര്‍ ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്.

കോവിഡ് അമേരിക്കയില്‍ മരണം വിതയ്ക്കുമ്പോഴും, അമേരിക്കയുടെ യുനൈറ്റഡ് എയര്‍ലെയിന്‍സ്, ഇന്ത്യയില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ 87 സര്‍വീസുകളാണ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ ആറു വരെ 44000 പൗരന്‍മാരെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിച്ചതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 17ന് ജര്‍മനിയില്‍ കോവിഡ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ രണ്ടു ലക്ഷത്തോളം ജര്‍മന്‍ പൗരന്‍മാരാണ് മറ്റുരാജ്യങ്ങളിലുണ്ടായിരുന്നത്. നാനൂറോളം വിമാന സര്‍വീസുകള്‍ വഴി ഒന്നര ലക്ഷത്തോളം പേരെയാണ് ജര്‍മനി നാട്ടിലെത്തിച്ചിരിക്കുന്നത്. ജര്‍മന്‍ വിദേശകാര്യ മന്ത്രാലയവും സ്വകാര്യ ടൂര്‍ഓപ്പറേറ്റര്‍മാരുമായും ചേര്‍ന്നാണ് പൗരന്‍മാരെ നാട്ടിലെത്തിക്കല്‍ യജ്ഞം തുടരുന്നത്. അടുത്ത ദിവസങ്ങളില്‍ ബംഗ്ലൂരില്‍ നിന്നും 1300 ജപ്പാന്‍ പൗരന്‍മാരാണ് നാട്ടിലേക്ക് മടങ്ങാന്‍ പോകുന്നത്.

ഇന്ത്യയിലെ 3000ത്തിലേറെ പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാന്‍ 19 വിമാനങ്ങള്‍ ബ്രിട്ടന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ കുടുങ്ങിയ 900 പൗരന്‍മാരെ മടക്കികൊണ്ടുപോകാന്‍ അഹമ്മദാബാദില്‍ നിന്നും മൂന്ന് പ്രത്യേക സര്‍വീസുകളും ബ്രിട്ടീഷ് എയര്‍വേസ് നടത്തുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തുര്‍ക്കി തിരികെയെത്തിച്ചത് 3614 പൗരന്‍മാരെയാണ്. ലോകരാജ്യങ്ങളെല്ലാം ഇത്തരത്തില്‍ സ്വന്തം പൗരന്‍മാരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തി ജാഗ്രത പാലിക്കുമ്പോള്‍ ഇന്ത്യ അവരെ കൈവിടുന്നത് ഏറെ വേദനാജനകമാണ്.

കേരള സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റ മനസോടെ വിദേശങ്ങളില്‍ ദുരിതത്തിലായ പ്രവാസികളെ മടക്കിയെത്തിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തിന്റെ മക്കളാണെന്ന കാര്യം നീതിപീഠങ്ങളും ഒരിക്കലും
മറന്ന് പോകരുത്.

Express View

Top