പ്രതിപക്ഷ വിമർശനത്തിന് നൽകി, ‘ഹൃദയം’ കൊണ്ടൊരു മാസ് മറുപടി ! !

കാള പെറ്റു എന്ന കേട്ട മാത്രയില്‍ കയറെടുത്തവരെല്ലാം’ ചമ്മിപോയ ദിവസമാണ് മെയ് 9.

വാടകക്കെടുത്ത പൊലീസിന്റെ ഹെലികോപ്റ്റര്‍, ‘പിടയ്ക്കുന്ന’ ഹൃദയവുമായി പറന്ന ദിവസമാണിത്.

കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കു വേണ്ടി, തിരുവനന്തപുരത്ത് നിന്നായിരുന്നു ഈ കന്നിയാത്ര.

ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന ഒരു ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെയ്ത മഹാസേവന മാണിത്.

കേരളത്തിലെ പ്രതിപക്ഷം കണ്ണു തുറന്ന് കാണേണ്ട കാഴ്ച കൂടിയാണിത്. പ്രതിപക്ഷ എതിര്‍പ്പ് മുഖവിലക്കെടുത്ത് ഹെലികോപ്ടര്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍, ഈ സേവനം ഒരിക്കലും നടക്കില്ലായിരുന്നു.

ഒരു കുടുംബത്തിന്റെ പ്രതീക്ഷക്കാണ് ഇവിടെ സര്‍ക്കാര്‍ തണലായിരിക്കുന്നത്.

തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 49 വയസ്സുള്ള സ്ത്രീയുടെ ഹൃദയമാണ്, കൊച്ചിയിലുള്ള രോഗിക്ക് വേണ്ടി മാറ്റി വയ്ക്കുന്നത്.

വൈകിയാല്‍ അപകടം സംഭവിക്കുമായിരുന്ന ജീവനാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

പണത്തിനും പദവികള്‍ക്കും എത്രയോ മീതെയാണ് മനുഷ്യ ജീവന്‍. കേവലമായ രാഷ്ട്രീയ നേട്ടത്തിനായി ജീവകാരുണ്യ പദ്ധതികള്‍ക്ക് പാരവയ്ക്കുന്നത് ആരായാലും, അത് ദ്രോഹപരമായ നിലപാടാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, യു.ഡി.എഫ് നേതാക്കളും ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാണ് ഇനിയെങ്കിലും പ്രവര്‍ത്തിക്കേണ്ടത്.

ഏത് സര്‍ക്കാറുകളായാലും തെറ്റായ നയങ്ങളെ എതിര്‍ക്കുക തന്നെ വേണം. അതു പക്ഷേ, കാര്യങ്ങള്‍ പഠിച്ചിട്ടാവണം. എതിര്‍പ്പ് മാത്രമാണ് പ്രതിപക്ഷത്തിന്റെ കടമ എന്ന ബോധ്യമാണ്, ആദ്യം തിരുത്തപ്പെടേണ്ടത്.

സംസ്ഥാന പൊലീസിനു വേണ്ടി 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നത്.പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹംസ് കമ്പനിയില്‍ നിന്നുള്ളതാണിത്.

സ്വന്തമായി ഹെലികോപ്റ്റര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന, റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. 11 സീറ്റുള്ളതാണ് ഈ ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍.

തിരുവനന്തപുരം വിമാനതാവളത്തിലാണ് നിലവില്‍ ഹെലികോപ്ടര്‍ സൂക്ഷിച്ച് വരുന്നത്.

ചില അടിയന്തര സാഹചര്യത്തില്‍ പ്രത്യേകമായി അതിവേഗതയില്‍ എത്തേണ്ടൊരു ഘട്ടമുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ സംസ്ഥാനത്തിന്റെ കയ്യില്‍ ഹെലികോപ്ടറുള്ളത് നല്ലത് തന്നെയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പ്രധാനമായും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.

വന്‍ ധൂര്‍ത്ത് എന്നാണ്, ഹെലികോപ്ടര്‍ ഇടപാടിനെ പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നത്. ശക്തമായ പ്രതിഷേധവും ആരോപണങ്ങളും അവര്‍ ഉയര്‍ത്തുകയുണ്ടായി. മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയുമാണ് പ്രതിപക്ഷം ടാര്‍ഗറ്റ് ചെയ്തിരുന്നത്. ചാനലുകളിലെ അന്തി ചര്‍ച്ചകളിലും പ്രതിപക്ഷം ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ഇടപാട് സംബന്ധമായി നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്. എല്ലാറ്റിലും പ്രതിക്കൂട്ടില്‍ പിണറായിയും ലോക് നാഥ് ബഹ്റയും മാത്രമായിരുന്നു.

എന്നാല്‍ ഈ പ്രതിഷേധങ്ങളൊന്നും സര്‍ക്കാര്‍ മുഖവിലക്കെടുത്തിരുന്നില്ല. ഒടുവില്‍, മറ്റു വിഷയങ്ങളെ പോലെ ഇതും ചായകോപ്പയിലെ കൊടുങ്കാറ്റായാണിപ്പോള്‍ മാറിയിരിക്കുന്നത്.ഇടപാട് തടസ്സപ്പെടുത്താന്‍ കഴിഞ്ഞില്ലന്ന് മാത്രമല്ല, ആകെ നാണം കെട്ട അവസ്ഥയിലാണ് പ്രതിപക്ഷം.

ഹെലികോപ്ടറിന്റെ ആദ്യ യാത്ര തന്നെ ഹൃദയവുമായുള്ള പറക്കലാകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ക്രമസമാധാന രംഗത്ത് മാത്രമല്ല, കാരുണ്യ മേഖലയിലും സൂപ്പര്‍ ഹീറോയാണിപ്പോള്‍ ഈ ഹെലികോപ്റ്റര്‍.


Express View

Top