ചുവപ്പ് കോട്ടയിൽ കൊറോണക്ക് പൂട്ട്, ഇതും ഇടത്- വലത് വ്യത്യാസമാണ്

കൊറോണയല്ല, ഏത് തരം വൈറസിനെയും പ്രതിരോധിക്കാന്‍ മനുഷ്യനു കഴിയും. അതിന് ആദ്യം വേണ്ടത് ത്യാഗം സഹിക്കാനുള്ള മനസ്സാണ്.പിന്നെ വേണ്ടത് അനുസരണ ശീലവുമാണ്.

കടുത്ത നടപടികള്‍, ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണെന്ന തിരിച്ചറിവും ജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.

ഒറ്റപ്പെട്ട ചില കോവിഡ് ബാധിതര്‍ അനുസരണക്കേട് കാട്ടിയിട്ട് പോലും വൈറസിനു മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്ത കേരളം, ഇപ്പോള്‍ ലോക മാതൃകയായിരിക്കുകയാണ്.

കേരളത്തില്‍ കോവിഡ് വ്യാപനം അവസാനിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വരുന്നത്.

ലോക സാമ്പത്തിക ശക്തികളായ അമേരിക്കയ്ക്കും ബ്രിട്ടനും, ഇറ്റലിക്കും ഒന്നും കഴിയാത്ത കാര്യമാണ് ഈ കൊച്ചു കേരളത്തിന് കഴിഞ്ഞിരിക്കുന്നത്.

പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും ശ്രദ്ധേയം.

ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്.

ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാര്‍ഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗമുക്തമായി. ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവര്‍ വഴി 2 ബന്ധുക്കള്‍ക്കും മാര്‍ച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി. പിന്നീട് വിദേശത്തുനിന്നെത്തിയ നൂറുകണക്കിനു പേര്‍ക്കും അവര്‍ വഴി കേരളത്തിലെ 99 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതാണ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയിരിക്കുന്നത്.

ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ വലിയ തോതില്‍
കുറഞ്ഞിരിക്കുന്നത്.

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള മൂന്നാംവരവാണ് ഇനി വെല്ലുവിളിയായുള്ളത്. ഈ വെല്ലുവിളിയേയും അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കേരളം.

കോവിഡിനെതിരായ കേരളത്തിന്റെ പ്രധാന നേട്ടങ്ങള്‍ ഇതാണ്

1. ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍, പുറത്തുനിന്നെത്തിയത് 254 രോഗികളാണ്.എന്നാല്‍ പകര്‍ന്നതാകട്ടെ 91 പേരിലേക്ക് മാത്രമാണ്.

2. ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ പുതുതായി ആര്‍ക്കും രോഗം പകര്‍ന്നുനല്‍കിയിട്ടില്ലെന്നതും ഓര്‍ക്കണം.

3. കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായി ഇതുവരെ തെളിവിവുകളൊന്നും തന്നെ ലഭിച്ചിട്ടുമില്ല.

4. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മരണനിരക്കും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.

കോവിഡ് മരണനിരക്ക് ലോകത്ത് 5.75ശതമാനമാണ്. ഇന്ത്യയില്‍ ഇത് 2.83 ശതമാനമാണ്. കേരളത്തിലാവട്ടെ മരണനിരക്ക് 0.58ശതമാനം മാത്രവുമാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനവും ജനങ്ങളുടെ സഹകരണവുമാണ് കേരളത്തിന്റെ ഈ നേട്ടത്തിന് കാരണം.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഒരു വിഭാഗം അനുസരണക്കേട് കാട്ടിയതിനാണ് മഹാരാഷ്ട്ര ഇപ്പോള്‍ അനുഭവിക്കുന്നത്. ധാരാവി എന്ന ചേരിയുള്‍പ്പെടെ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായിട്ടില്ല. രോഗവ്യാപനം വര്‍ദ്ധിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്ന നടപടിയാണിത്.

രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ എന്ത് പ്രത്യാഘാതമുണ്ടായാലും അത് രാജ്യമാകെ പ്രതിഫലിക്കും.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെയും സ്ഥിതി ഗുരുതരമാണ്. ഫലപ്രദമായി വൈറസ് വ്യാപനം തടഞ്ഞാല്‍ പോലും ഡല്‍ഹിയില്‍ മാത്രം 15 ലക്ഷം പേര്‍ക്ക് കൊറോണ ബാധിക്കുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ അഞ്ച് ലക്ഷത്തോളം പേരെയാണ് വൈറസ് ബാധിക്കുക എന്നാണ് വിലയിരുത്തല്‍.

200 ദിവസമെടുത്താകും വൈറസിന്റെ വ്യാപനമെന്നും ഐ.എസ്.എം.ആറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് കൂടി മുഖവിലക്കെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ നിയന്ത്രണം നീട്ടുന്നതും രോഗവ്യാപനം യാഥാര്‍ത്ഥ്യമായതിനാലാണ്.

നിയന്ത്രണം വിട്ടാല്‍ ഡല്‍ഹിയില്‍ ഒരു കോടി പേരിലേക്കും മുംബൈയില്‍ നാല്‍പത് ലക്ഷത്തോളം പേര്‍ക്കും വൈറസ് ബാധയേല്‍ക്കും.

വിദേശത്ത് നിന്നും വന്നവരെ എല്ലാം ക്വാറന്റൈന്‍ ചെയ്യുന്നതില്‍ വന്ന വീഴ്ചയാണ് ഇന്ത്യയെ ഈ അവസ്ഥയിലേക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

കോവിഡ് 19 ബാധിച്ചവരില്‍ പകുതി പേരെ പോലും വിമാനതാവളങ്ങളിലെ പരിശോധന വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പനി പോലുള്ള ലക്ഷണങ്ങള്‍ ഇവരില്‍ ഇല്ലാത്തതിനാല്‍ തെര്‍മല്‍ സ്‌ക്രീനിങ്ങു വഴിയുള്ള വിമാനതാവളങ്ങളിലെ പരിശോധനയും വേണ്ടത്ര ഫലപ്രദമായിരുന്നില്ല.

വേണ്ടത്ര സമയവും മുന്നറിയിപ്പും കിട്ടിയിട്ടു പോലും, സാമാന്യ ബുദ്ധിയില്‍ നടപ്പാക്കേണ്ട കരുതല്‍ നടപടിയാണ്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നത്. വിമാന താവളങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍, ഇക്കാര്യത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെതു മാത്രമാണ്.

കേന്ദ്ര നിദ്ദേശമില്ലാതെ വിദേശികള്‍ ഉള്‍പ്പെടെ വിദേശത്ത് നിന്നും വരുന്നവരെ ക്വാറന്റൈന്‍ ചെയ്യുക എന്നത് ഒരു സംസ്ഥാനത്തിനും സാധ്യമായ കാര്യമല്ല.

ഇതിന്റെ പരിണിത ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ഈ വീഴ്ചക്ക് കാലം മോദി സര്‍ക്കാറിന് ഒരിക്കലും മാപ്പു നല്‍കുകയില്ല.

പരിമിതികള്‍ക്കിടയിലും ഫലപ്രദമായി കൊലയാളി വൈറസിനെ കേരളത്തിന് ചെറുക്കാന്‍ കഴിയുന്നത് ഇടത് പക്ഷ സര്‍ക്കാരിന് ഉള്‍ക്കാഴ്ച്ച ഉള്ളത് കൊണ്ടു മാത്രമാണ്.

വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും കാഴ്ചപ്പാടുകളുടെ വ്യത്യാസം കൂടിയാണ് ഇവിടെ പ്രകടമാകുന്നത്.

എണ്ണയിട്ട യന്ത്രം പോലെ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് കേരളം അതിജീവിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി പ്രത്യേക വാര്‍ റൂം തന്നെ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി മുതല്‍ സര്‍ക്കാര്‍ സംവിധാനം മുഴവന്‍ പൂര്‍ണ്ണ സമയവും ഇവിടെ പ്രവര്‍ത്തന സജജമാണ്.

ക്വാറന്റൈന്‍ മുതല്‍ ഭക്ഷണ കാര്യത്തില്‍ വരെ ഈ ജാഗ്രത വ്യക്തമാണ്. കോവിഡ് രോഗികളെയും പ്രവാസികളെയും എല്ലാം ചേര്‍ത്ത് നിര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി സ്വീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും മുഖ്യമന്ത്രി നേരിട്ട് നല്‍കുന്ന വിശദീകരണം തന്നെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.

ലോകമാകെ കോവിഡിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് കേരളത്തിന്റെ ഈ പ്രതിരോധമെന്നതും നാം ഓര്‍ക്കണം.

അതു കൊണ്ട് തന്നെയാണ് ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളും കേരളത്തെ ഇപ്പോള്‍ അത്ഭുതത്തോടെ നോക്കി കാണുന്നത്.


Express View

Top