കോവിഡ് 19; അവിവേകം കാട്ടിയാൽ കർശന നടപടിക്ക് സർക്കാർ നിർദ്ദേശം

കൊറോണ വൈറസ് ബാധയേറ്റവരോടുള്ള സമൂഹത്തിന്റെ സമീപനം തന്നെ ഉടന്‍ മാറേണ്ടതുണ്ട്.

‘ഇന്ന് ഞാന്‍, നാളെ നീ’ എന്ന മുന്നറിയിപ്പ് കൊറോണയുടെ കാര്യത്തിലും എല്ലാവരും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഇവിടെ കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്ന കല്ലേറ് നാടിനെ തന്നെ ലജജിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ കര്‍ശന്ന നടപടിയുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്.

തണ്ണിത്തോടുള്ള വിദ്യാര്‍ഥിനിയുടെ വീടിനു നേരെയാണ് ഒരു വിഭാഗം ആക്രമണം നടത്തിയിരിക്കുന്നത്.

കോയമ്പത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ആയിരുന്നു ആക്രമണം. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യവും ഇവിടെയുണ്ടായി. ഇതുകൊണ്ടും കലിയടങ്ങാത്ത ദുഷ്ട മനസ്സുകള്‍ കുട്ടിയുടെ അച്ഛന് നേരെ പിന്നീട് വധഭീഷണിയും ഉയര്‍ത്തുകയുണ്ടായി.

ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും, പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം അക്രമികള്‍ക്കെതിരെ രംഗത്തുവരണമെന്നുമാണ്, മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരെയും ഉയരണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

വിദേശത്ത് നിന്നും വരുന്നവരെ മഹാന്‍മാരായി വാഴ്ത്തിയ ഒരു വിഭാഗത്തിന് ഒറ്റയടിക്കാണ് അവരിപ്പോള്‍ ദ്രോഹികളായി മാറിയിരിക്കുന്നത്. മുന്‍പ് കുഷ്ഠ രോഗം വന്നപ്പോള്‍ അകറ്റി നിര്‍ത്തിയതിലും ഭീകരമാണ് പ്രവാസികളോടുള്ള ഈ അവഗണന.

സാമൂഹിക അകലം പാലിക്കുക, എന്നാല്‍ മനസ്സിന്റെ അകലം കുറയ്ക്കുക എന്നതല്ലെന്ന് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.ഇന്ന് കോവിഡ് ബാധിതരെ അപമാനിക്കുന്നവര്‍ക്ക് നാളെ ഈ അവസ്ഥ വരില്ലന്ന് ഡോക്ടര്‍മാര്‍ക്ക് പോലും ഒരിക്കലും ഉറപ്പിച്ചു പറയാന്‍ കഴിയുകയില്ല. പിന്നെ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് ?

കോവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന, ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. സ്വന്തം ജീവന്‍ പണയം വച്ചാണ് ഇവരെല്ലാം രോഗബാധിതരെ ചികിത്സിക്കുന്നത്. എന്നാല്‍ പലയിടത്തും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങള്‍ പോലും വലിയ അവഗണനയാണ് നേരിട്ട് വരുന്നത്.

ഇവരുടെ കുട്ടികളെ പോലും മറ്റു കുട്ടികള്‍ അകറ്റി നിര്‍ത്തുന്ന സാഹചര്യവും പലയിടത്തുമുണ്ട്.പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവര്‍ത്തികളല്ല ഇത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റമുണ്ടായാല്‍ ഇന്ത്യന്‍ എപിഡമിക് ഡിസീസ് ആക്ട് പ്രകാരം നടപടി എടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു ജോലി ചെയ്യുന്ന ഡോക്ടറോട് വാടകവീട് ഒഴിഞ്ഞുകൊടുക്കാന്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഭരണകൂടം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, റസിഡന്റസ് അസോസിയേഷനുകള്‍, പൊതുസമൂഹം എന്നീ ഏതെങ്കിലും ഇടങ്ങളില്‍ നിന്ന്,
ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ലോകാരോഗ്യ സംഘടന തന്നെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

രോഗത്തിനെതിരെ കൂട്ടായ പ്രതിരോധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ഓരോ പൗരനും പങ്കാളികളാകേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ രാത്രി, പകല്‍ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ സുഹാസും അറിയിച്ചിരിക്കുന്നത്. ഡോക്ടറെ പുറത്താക്കാനുള്ള റെസിഡന്‍സ് അസോസിയേഷന്റെ നിലപാടിനെതിരെ രൂക്ഷമായാണ് കളക്ടര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കളക്ടര്‍മാര്‍ക്കും സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നമ്മുടെ എല്ലാം, ജീവന്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവരുടെ കുടുംബത്തെ സഹായിക്കേണ്ട ചുമതല നമ്മുക്കെല്ലാവര്‍ക്കും ഒരുപോലെയുണ്ട്. ഏതാനും ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഭരണകൂടം മാത്രമല്ല, രാഷ്ട്രിയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഉടന്‍ തയ്യാറാവേണ്ടതുണ്ട്.

Express View

Top