കേരള പൊലീസിനെ കണ്ടു പഠിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശം

പൊലീസിങ്ങിലും കേരള മോഡല്‍ കണ്ടു പഠിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

ലോക്ക് ഡൗണ്‍ ലംഘിച്ച്, ഡല്‍ഹിക്ക് പുറമെ, മുംബൈയിലും കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം.

പായിപ്പാടെ കുടിയേറ്റ തൊഴിലാളി പ്രതിഷേധത്തെ കേരള സര്‍ക്കാര്‍ നേരിട്ട രീതിയും കേന്ദ്രം, സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

പായിപ്പാട്ടെ പ്രതിഷേധത്തിനു ശേഷം കുടിയേറ്റ തൊഴിലാളികളെ നിശബ്ദരാക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.

ഐ.പി.എസ് ഉദ്യോഗസ്ഥരെ കളത്തിലിറക്കിയാണ് പൊലീസ് ഇവിടെ കളം പിടിച്ചിരുന്നത്. കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിച്ചായിരുന്നു പൊലീസിന്റെ ഇടപെടല്‍. എസ്പിമാര്‍ മുതല്‍ ഐജിമാര്‍ വരെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ നേരിട്ടാണ് എത്തിയിരുന്നത്.

തങ്ങളുടെ നാടിനേക്കാള്‍ സുരക്ഷിതം, കേരളമാണെന്ന ബോധം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കാന്‍, ഈ ഇടപെടല്‍ വഴി സാര്‍ക്കാരിന് സാധിച്ചിരുന്നു.

തൊഴിലാളികളുടെ ഭക്ഷണത്തിനും മറ്റുമായി, പ്രത്യേക സംവിധാനം തന്നെയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമസ കാര്യത്തിലും,മറ്റു സൗകര്യങ്ങളുടെ കാര്യത്തിലും, പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കമ്യൂണിറ്റി കിച്ചനിലൂടെയുള്ള ഭക്ഷണം വേണ്ടാത്തവര്‍ക്ക് അരിയും അവര്‍ ആവശ്യപ്പെട്ട മറ്റു സാധനങ്ങളും സൗജന്യമായാണ് നല്‍കിയിരിക്കുന്നത്.

വീടുകളുമായി ബന്ധപ്പെടാന്‍ കഴിയാത്തതാണ് അതിഥി തൊഴിലാളികള്‍ നേരിട്ട മറ്റൊരു പ്രധാന പ്രശ്‌നം. മൊബൈല്‍ റീചാര്‍ജ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കി, ഇതിനും സര്‍ക്കാര്‍ പരിഹാരം കണ്ടിട്ടുണ്ട്.

പൊലീസ് നിരീക്ഷണവും അതിഥി തൊഴിലാളി മേഖലയില്‍ ശക്തമാണ്. തികച്ചും സൗഹൃദപരമായ ഇടപെടലാണ് ഇവിടങ്ങളിലെല്ലാം കേരള പൊലീസ് നടത്തിവരുന്നത്.

സ്‌നേഹം കൊണ്ട് അതിഥി തൊഴിലാളികളെ കീഴടക്കിയ ഈ കേരള മാതൃകയാണ്, സംസ്ഥാനങ്ങളോട് പരീക്ഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളി മേഖലകളില്‍ കേരള പൊലീസ് ഇടപെട്ട രീതി പരീക്ഷിക്കാനാണ്, മഹാരാഷ്ട്ര പൊലീസും നിലവില്‍ ആലോചിക്കുന്നത്.

സംഘടിച്ച തൊഴിലാളികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത സംഭവത്തില്‍ മന്ത്രിമാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത്, വലിയ പിഴവ് സംഭവിച്ചതായാണ്, ഉദ്ധവ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

രാജ്യത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള സംസ്ഥാനമെന്ന നിലയില്‍, വലിയ സുരക്ഷാ പിഴവാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചിരിക്കുന്നത്.

ലോക് ഡാണ്‍ കഴിയുമെന്ന പ്രതീക്ഷ തെറ്റിയതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചിരുന്നത്. ബാന്ദ്രയിലെ റെയില്‍വെ സ്റ്റേഷന്‍ സമീപത്ത് ആയിരങ്ങള്‍ സംഘടിക്കുകയായിരുന്നു. ഭക്ഷണമില്ലെന്നും പട്ടണിയാണെന്നും തൊഴിലാളികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ക്ഷുഭിതരായ തൊഴിലാളികളെ പിരിച്ച് വിടുന്നതിനായാണ് പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നിരുന്നത്.

പ്രത്യേക തീവണ്ടികളില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സാധിക്കാതിരുന്നിടത്താണ്
പിഴച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ നോണ്‍ സ്റ്റോപ്പ് തീവണ്ടികള്‍ ഏര്‍പ്പെടുത്തണമെന്ന് കേരളവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനും എതിരായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയതും, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങാന്‍ ശ്രമിച്ചതും ഇതേ നിലപാടില്‍ പ്രകോപിതരായായിരുന്നു. മുംബൈയിലേയ്ക്ക് കൂടി ഈ തീ പടര്‍ന്നതോടെ, കാര്യങ്ങള്‍ കേന്ദ്രത്തിന്റെയും കൈവിട്ട് പോയി എന്നതാണ് യാഥാര്‍ത്ഥ്യം.

പൊതുഗതാഗത തടസ്സം ലോക് ഡൗണ്‍ കഴിയും വരെ തുടരാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതുവരെ തീവണ്ടി സര്‍വ്വീസ് ഉണ്ടാവില്ലന്ന് റെയില്‍വെയും അറിയിച്ചിട്ടുണ്ട്.

ഈ ഘട്ടത്തില്‍,നടന്‍ കമല്‍ ഹാസന്റെ പ്രതികരണവും ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

കുടിയേറ്റ പ്രശ്‌നത്തെ ടൈം ബോംബായാണ് കമല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കൈ വിട്ടാല്‍ ഇത് കൊറോണയേക്കാള്‍ ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

‘ആദ്യം ദില്ലി , ഇപ്പോള്‍ മുംബൈ,… കോവിഡിനേക്കാള്‍ വലിയ പ്രതിസന്ധിയാകും മുന്‍പ് അത് നിര്‍വീര്യമാക്കപ്പെടേണ്ടതുണ്ടെന്നും കമല്‍ വ്യക്തമാക്കുകയുണ്ടായി.

ഏറ്റവും താഴെത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ‘ബാല്‍ക്കണി സര്‍ക്കാര്‍’ ശ്രദ്ധിക്കണമെന്ന പരിഹാസവും കമലിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് കുടിയേറ്റത്തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കണമായിരുന്നുവെന്നാണ് പൊതുവായി ഉയര്‍ന്നുവന്നിരിക്കുന്ന വിമര്‍ശനം. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച പറ്റിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനാണ്.

അതേ സമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ തൊഴിലാളികളുടെ വിഷയം ഗുരുതരമാണെന്ന റിപ്പോര്‍ട്ട്, കേന്ദ്ര ഐ.ബിയും ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളില്‍, ജില്ലാ പൊലീസ് ചീഫുമാരോട് നേരിട്ട് രംഗത്തിറങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് നിര്‍ദേശം.

എന്നാല്‍ ഈ നിര്‍ദേശം, ഇവിടങ്ങളിലെ പൊലീസിനാണിപ്പോള്‍ വലിയ തലവേദനയായിരിക്കുന്നത്.


കേരളം കുടിയേറ്റ തൊഴിലാളികളോട് കാണിക്കുന്ന പരിഗണനയാണ് മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളും ആവശ്യപ്പെട്ട് വരുന്നത്. ഇതാണ് അവിടങ്ങളിലെ പൊലീസിനെ കുഴക്കുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇനി സംസ്ഥാന സര്‍ക്കാറുകളാണ്. പൊലീസിന്റെ ഇടപെടലിനൊപ്പം സഹായങ്ങള്‍ കൂടി തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം സ്ഥിതി നിയന്ത്രണം വിട്ടു പോകുമെന്നാണ് അവരുടേയും മുന്നറിയിപ്പ്.

Staff Reporter

Top