കേരള മോഡലിന്റെ പ്രതിഫലനങ്ങൾ ബംഗാളിലും, വെട്ടിലായത് മമതയും ! !

കേരളത്തെപ്പോലെ 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

ബംഗാള്‍ ‘കടുവ’എന്നറിയപ്പെടുന്ന മമത ബാനര്‍ജിയുടെ സ്വന്തം തട്ടകമാണിത്.

തുടര്‍ച്ചയായ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും, അധികാരത്തിലേറുക എന്നത് മാത്രമാണ് മമതയുടെ ലക്ഷ്യം.

ഇത്തവണ പിഴച്ചാല്‍ പിന്നെ ഒരിക്കലും ബംഗാള്‍ ഭരണം കണി കാണാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് കഴിയുകയില്ല.

1977 മുതല്‍ 2011 വരെ നീണ്ട് നിന്ന ചുവപ്പ് ഭരണത്തിന് പരിസമാപ്തി കുറിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളില്‍ അധികാരത്തില്‍ വന്നിരുന്നത്.

ഇതിനു ശേഷം അനവധി സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പാര്‍ട്ടി ഓഫീസുകള്‍ കയ്യേറ്റം ചെയ്യപ്പെടുകയുമുണ്ടായി.

ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ കൂടി, പിന്തുണ നേടാനായതാണ് മമതക്ക് തുടര്‍ന്നും പിടിവള്ളിയായിരുന്നത്.

കേന്ദ്ര സര്‍ക്കാറിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച്, കാവി രാഷ്ട്രീയത്തിനെതിരായ നിലപാടും മമത ആവര്‍ത്തിക്കുകയുണ്ടായി. ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കില്‍ ഭിന്നിപ്പുണ്ടാക്കിയാണ് മമത, ബംഗാളില്‍ ജൈത്രയാത്ര നടത്തിയിരുന്നത്.

എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മമതയ്ക്ക് അത്ര അനുകൂലമല്ല. ബംഗാള്‍ കടുവയെ, വൈറസ് വീഴ്ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബംഗാളിലാണെന്നാണ്, കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.

ബംഗാളില്‍ മമത സര്‍ക്കാര്‍ രോഗവ്യാപനം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരങ്ങളില്‍ കൃത്രിമം കാണിക്കുന്നതായാണ് പ്രധാന ആരോപണം. കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനിലും കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന കണക്കിലും പ്രകടമായ വ്യത്യാസമാണുള്ളത്.

കൊവിഡ് രോഗികള്‍ 744 എന്നാണ് ഏപ്രില്‍ 31ലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. അതേ ദിവസം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത് 931 എന്നായിരുന്നു. ഈ ദിവസം മാത്രം 187 രോഗികളുടെ വ്യത്യാസമാണുള്ളത്. 72 മരണങ്ങള്‍ മറ്റു രോഗങ്ങള്‍ കാരണമാണെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. മേയ് ഒന്ന്, രണ്ട് തീയതികളിലെ മെഡിക്കല്‍ ബുള്ളറ്റിനിലാകട്ടെ, രോഗികളുടെയും മരിച്ചവരുടെയും വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മമത ഭരണകൂടം സുതാര്യതയും, സ്ഥിരതയും, പുലര്‍ത്തിയിട്ടില്ലെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

ബംഗാളിലെ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും കൂടുതലാണെന്നാണ്
കേന്ദ്രസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും ഉയര്‍ന്ന മരണനിരക്ക്, കുറഞ്ഞ പരിശോധനയുടെയും, ദുര്‍ബലമായ നിരീക്ഷണത്തിന്റെയും, ട്രാക്കിംഗിന്റെയും ഫലമാണെന്നാണ് കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്രയെ പോലെ കോവിഡ് ഏറ്റവും അധികം പടരുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. പല കണക്കുകളും ബംഗാള്‍ സര്‍ക്കാര്‍ തന്നെ ഹൈഡ് ചെയ്ത് വയ്ക്കുന്നതായി, ആരോഗ്യപ്രവര്‍ത്തകരും നേരത്തെ ആരോപിച്ചിരുന്നു. ജനവികാരം ഭയന്നാണ് മമത ഒളിച്ച് കളി നടത്തുന്നതെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്. ഇതിന്റെ പരിണിത ഫലമാണ് വൈറസ് വ്യാപനം.

സ്വന്തം സംസ്ഥാനത്ത് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ ബംഗാളികളുടെ കാര്യത്തിലും, മമതയ്ക്ക് ഇതുവരെ കാര്യമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. മമത സര്‍ക്കാറിനെ ബംഗാളി തൊഴിലാളികള്‍ ഗോബാക്ക് വിളിക്കുന്ന വീഡിയോകളും ഇപ്പോള്‍ വ്യാപകമാണ്. ലക്ഷക്കണക്കിന് ബംഗാളികളാണ് പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. അതി ദയനീയമാണ് ഇവരുടെ അവസ്ഥ. കേരളത്തില്‍ ലഭിച്ച പരിഗണന, മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലന്നാണ് ബംഗാളി തൊഴിലാളികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര സര്‍ക്കാറുമായി കലഹിച്ചത് കൊണ്ട് മാത്രം വോട്ട് ബാങ്ക് ഉറപ്പിക്കാമെന്ന, മമതയുടെ കണക്ക് കൂട്ടലുകളാണ് ഇതോടെ ഇനി തെറ്റാന്‍ പോകുന്നത്.

പശ്ചിമ ബംഗാളില്‍ ജനങ്ങള്‍ ശരിക്കും രോഷാകുലരാണ്. സര്‍ക്കാറിന്റെ പരാജയമാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് മാധ്യമങ്ങളും വിലയിരുത്തുന്നത്.

വൈകാരികമായ ഈ പ്രതിഷേധങ്ങളില്‍, എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മമത ഭരണകൂടം. ഈ അവസരം പ്രതിപക്ഷ പാര്‍ട്ടികളും ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്.

കോവിഡിനെ തുരത്താന്‍ കേരളം സ്വീകരിച്ച നടപടികളാണ് ബംഗാളിലെ സി.പി.എം ആയുധമാക്കുന്നത്.

ഇടതുപക്ഷ സര്‍ക്കാറിനുള്ള ഉള്‍ക്കാഴ്ചയും പ്രവര്‍ത്തന മികവും, ബംഗാളില്‍ ഇപ്പോള്‍ തന്നെ സജീവ ചര്‍ച്ചയാണ്.

മഹാമാരിക്കെതിരെ ചുവപ്പ് തീര്‍ക്കുന്ന പ്രതിരോധകോട്ട കണ്ട് പഠിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗാളില്‍ ഇടതുപക്ഷ ഭരണമായിരുന്നെങ്കില്‍, പ്രതിരോധം ഫലപ്രദമായി നടപ്പാക്കുമായിരുന്നു, എന്ന സന്ദേശമാണ് സി.പി.എം നല്‍കുന്നത്.

ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വന്ന, കേരളത്തെ സംബന്ധിച്ച വാര്‍ത്തകളും ബംഗാളില്‍ പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ ഇതു സംബന്ധമായി പ്രത്യേക കാമ്പയിന്‍ തന്നെയാണ് നിലവില്‍ നടന്നു വരുന്നത്.

റഷ്യ ടുഡേയില്‍, കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം ഉയര്‍ത്തുന്ന പ്രതിരോധത്തെ കുറിച്ച്, പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇതിന്റെ മൊഴിപകര്‍പ്പും ബംഗാളില്‍ വ്യാപകമാണ്.

ബംഗാളികള്‍ ഉള്‍പ്പെടെയുള്ള അതിഥി തൊഴിലാളികളുടെ കേരളത്തിലെ അനുഭവങ്ങളും, സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. തൊഴിലാളികളില്‍ ചിലര്‍ തന്നെയാണ് തങ്ങള്‍ക്ക് കേരളത്തില്‍ ലഭിച്ച പരിഗണന വിശദീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതും ബംഗാളിലെ ഇടതുപക്ഷത്തെ സംബന്ധിച്ച് ഇപ്പോള്‍ ഗുണകരമായിരിക്കുകയാണ്.

ഏത് സാഹചര്യത്തിലും അധികാരത്തില്‍ വരാന്‍ മിടുക്കിയായ, മമതയാണ് ഇവിടെയെല്ലാം പ്രതിരോധത്തിലാകുന്നത്.

ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടിലും, രാജ്യത്തെ ഏറ്റവും വലിയ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ബംഗാളിലാണ്. മെയ് 6 വരെ 9.89 ശതമാനമാണ് മരണനിരക്ക്.1344 രോഗികളില്‍ 133 പേരാണ് മരിച്ചിരിക്കുന്നത്. ഇവിടെ പരിശോധന കാര്യമായി നടന്നാല്‍ രോഗികളുടെ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്.ഇവിടെ 0.59 ശതമാനം മാത്രമാണ് മരണ നിരക്ക്.502 രോഗികളാണ് കേരളത്തില്‍ മെയ് 6 ലെ കണക്ക് പ്രകാരം അവശേഷിക്കുന്നത്. മഹാരാഷ്ട്രയില്‍ 15,525 രോഗികളും 617 മരണവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗ വ്യാപനം കുടുതലാണ്.

വൈറസ് വ്യാപനത്തോടൊപ്പം പട്ടിണിയും, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന, വലിയ പ്രതിസന്ധിയാണ്.

കേരള മോഡല്‍ കമ്മ്യൂണിറ്റി കിച്ചണും സൗജന്യ പദ്ധതികളുമൊന്നും ഇവിടങ്ങളിലൊന്നും തന്നെ ഇല്ല. ഇതാകട്ടെ ബംഗാള്‍ സര്‍ക്കാറിനിപ്പോള്‍ വലിയ ‘പാര’യും ആയിട്ടുണ്ട്.

ബംഗാളി തൊഴിലാളികള്‍ തന്നെയാണ് കമ്മ്യൂണിറ്റി കിച്ചനും, സൗജന്യ കിറ്റും, കേരള സര്‍ക്കാറിന്റെ പരിഗണനയുമെല്ലാം വിവരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ ഏറ്റെടുത്ത് വൈറലാക്കുന്നതാകട്ടെ സി.പി.എം പ്രവര്‍ത്തകരുമാണ്.

ഈ പ്രചരണത്തെ പ്രതിരോധിക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് പോലും ഫലപ്രദമായി കഴിയുന്നില്ല.

കേരളം നല്‍കുന്നത് ബംഗാള്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് നല്‍കുന്നില്ല, എന്ന ചോദ്യം സജീവമാക്കി നിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്.

ബി.ജെ.പിയും വൈറസ് പ്രതിരോധക്കാര്യത്തില്‍, മമത സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി രംഗത്തുണ്ട്.

2021ല്‍ നിയമസഭയിലും അട്ടിമറി വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

കോവിഡില്‍ മമതയുടെ പരാജയമല്ലാതെ,കേന്ദ്രം നടപ്പാക്കിയ മറ്റൊന്നും തന്നെ ബി.ജെ.പിക്കും ചൂണ്ടിക്കാട്ടാനില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിലെ രോഗ വ്യാപനമാണ് അവരെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

അതേസമയം സി.പി.എം തന്ത്രപരമായി , കോവിഡിലെ കേരള മോഡല്‍ ചൂണ്ടിക്കാട്ടിയാണ് ബംഗാളിന്റെ മനസ്സിനെ ഉലയ്ക്കുന്നത്.ഇവിടെയും കേരള മുഖ്യമന്ത്രി പിണറായിയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുമെല്ലാം സൂപ്പര്‍ ഹീറോകളാണ്.

കേരളത്തിലെ ചുവപ്പിന്റെ തണല്‍ കൂടി പ്രയോജനപ്പെടുത്തുന്ന രാഷ്ട്രീയമാണ്, ബംഗാളിലും ഇടതുപക്ഷം ഇപ്പോള്‍ പയറ്റി കൊണ്ടിരിക്കുന്നത്.

ബി.ജെ.പിയോടും ആര്‍.എസ്.എസിനോടുമുള്ള മമതയുടെ എതിര്‍പ്പ് നാടകമാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.

വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന മമതക്ക് 2021-ല്‍ പിഴക്കുക തന്നെ ചെയ്യുമെന്നാണ് ചെമ്പട കരുതുന്നത്.

കാവി രാഷ്ട്രീയത്തിന്റെ നമ്പര്‍ വണ്‍ ശത്രു,അന്നും ഇന്നും, ചുവപ്പ് രാഷ്ട്രീയവും, കമ്മ്യൂണിസ്റ്റുകളും മാത്രമാണെന്നാണ്, സി.പി.എം ഓര്‍മ്മിപ്പിക്കുന്നത്.

കോവിഡിനെതിരായ പോരാട്ടം കഴിഞ്ഞാല്‍, രാഷ്ട്രീയ വൈറസുകള്‍ക്കെതിരായ പോരാട്ടത്തിനാണ് ഇനി വംഗനാട്ടില്‍ കളമൊരുങ്ങുക .


Express View

Top