സ്പ്രിംക്ലർ വിവാദവും തിരിച്ചടിച്ചു . . . യു.ഡി.എഫ് വലിയ പ്രതിരോധത്തിൽ

മിന്നാരം എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലാണിപ്പോള്‍ നമ്മുടെ രമേശ് ചെന്നിത്തല.

ചെയ്യുന്നതെല്ലാം വലിയ വിഡ്ഢിത്തരത്തിലും തിരിച്ചടിയിലുമാണ് കലാശിക്കുന്നത്. ഉള്ള പ്രതിപക്ഷ നേതൃസ്ഥാനം പോലും പോകുമോയെന്ന സംശയത്താലാണ് ഈ പരാക്രമമെല്ലാം. എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് തന്നെ വഞ്ചിക്കുമോ എന്ന ഭയമാണ് രമേശ് ചെന്നിത്തലയെ നയിക്കുന്നത്. സിനിമയില്‍, ഭാര്യയെ സംശയിച്ച് ജഗതിയുടെ കഥാപാത്രം കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് സമാനമായ പരാക്രമങ്ങളാണ് ഘടകകക്ഷികള്‍ക്ക് മുന്നില്‍ കഴിവ് തെളിയിക്കാന്‍ ചെന്നിത്തല നടത്തിയിരിക്കുന്നത്.

ഒടുവില്‍ സിനിമയിലെ പോലെ ‘ആ നിലവിളിക്കുന്ന ശബ്ദമിടൂ’ എന്ന് പറഞ്ഞ് ആംബുലന്‍സില്‍ ഓടി കയറേണ്ട അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷ നേതാവ് ചെന്നെത്തി നില്‍ക്കുന്നത്.

സ്പ്രിംക്ലറില്‍ ചെന്നിത്തല ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉന്നയിച്ച 5 കാര്യങ്ങളിലും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

കരാര്‍ റദ്ദാക്കണം, ഡേറ്റ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, നഷ്ടപരിഹാര തുക മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും പക്കല്‍ നിന്നും വ്യക്തിപരമായി ഈടാക്കണം, വിവരശേഖരണം അടിയന്തരമായി നിര്‍ത്തിവയ്ക്കണം, സി.ബി.ഐ അന്വേഷിക്കണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ചെന്നിത്തല ഉന്നയിച്ചിരുന്നത്. ഈ അഞ്ച് കാര്യങ്ങളിലും ഇടക്കാല വിധിയില്‍ കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത്. യു.ഡി.എഫിനൊപ്പം സ്പ്രിംക്ലർ കരാറിനെതിരെ കോടതിയെ സമീപിച്ച മറ്റൊരു പാര്‍ട്ടി ബി.ജെ.പിയാണ്. വിജിലന്‍സ് അന്വേഷണമാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതും കോടതി നിരാകരിച്ചിരിക്കുകയാണ്.

ഇപ്പോള്‍ കരാറുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പോലും ഇവരാരും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളതല്ല. ചെന്നിത്തലയുടെ പ്രയര്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യവും വ്യക്തമാകും. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഈ ഡേറ്റ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ ഡേറ്റ തിരിച്ചു നല്‍കണം. ഇനി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അനുവാദം ഉണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞ കോടതി, കരാറുമായി സര്‍ക്കാറിന് മുന്നോട്ട് പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഇടക്കാല വിധിയില്‍ തന്നെ കനത്ത പ്രഹരം ലഭിച്ച സ്ഥിതിക്ക് ഇനി അന്തിമ വിധി എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ ചെന്നിത്തല വിഭാഗത്തിന് തന്നെ വലിയ ആശങ്കയാണുള്ളത്. ഒരു സ്റ്റേയെങ്കിലും കിട്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പ്രതീക്ഷിച്ചിരുന്നത്. ഈ സംഭവത്തില്‍, കൊറോണക്കാലത്തും വിവാദമുണ്ടാക്കിയ മാധ്യമങ്ങളാണ് ഇളഭ്യരായ മറ്റൊരു വിഭാഗം. ജാള്യത മറച്ച് വയ്ക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കാന്‍ പോലും ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയുണ്ടായി.എന്നാല്‍ ഇടക്കാല ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നതോടെ ചെന്നിത്തലയ്‌ക്കൊപ്പം ഇക്കൂട്ടരുടെയും കഥകള്‍ പൊളിയുകയാണുണ്ടായത്.

അടിയന്തര സാഹചര്യങ്ങളില്‍ അസാധാരണമായി സ്വീകരിക്കേണ്ടി വന്ന നടപടിയാണ് സ്പ്രിംക്ലർ കരാര്‍. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍, കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷനും, അത് വിശകലനം ചെയ്യാനുള്ള ക്ലൗഡ് സോഫ്റ്റ് വെയറും ഐടി വകുപ്പ് സംഭാവനയായി സ്വീകരിച്ചു എന്നതാണ് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഈ സ്പ്രിംക്ലർ ഇടപാട്. കൊലയാളി വൈറസിനെ പ്രതിരോധിക്കാന്‍ ഈ സംവിധാനം നാടിന് അനിവാര്യമാണ്.

അഭിപ്രായ ഭിന്നത മാറ്റി വച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. ഇതാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും മന: പൂര്‍വ്വം മറന്നിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ സ്പ്രിംക്ലർ കമ്പനിക്ക് വലിയ പബ്ലിസിറ്റി ലഭിക്കാന്‍ മാത്രമാണ് ഈ വിവാദങ്ങളെല്ലാം കാരണമായിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍, കോടതി വിധി സര്‍ക്കാരിനും കൂടുതല്‍ കരുത്താകും.

രാഷ്ട്രീയപരമായി വലിയ നേട്ടം ഇടതുപക്ഷ സര്‍ക്കാറിനും, കോട്ടം പ്രതിപക്ഷത്തിനുമാണ് കിട്ടിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ കോടതിയെ സമീപിച്ചത് അബദ്ധമായി പോയെന്ന അഭിപ്രായം യു.ഡി.എഫിലും നിലവില്‍ ശക്തമാണ്.

മനുഷ്യന്റെ ജീവനാണ് നീതിപീഠങ്ങളും പ്രഥമ പരിഗണന നല്‍കുക എന്ന യാഥാര്‍ത്ഥ്യം, ഓര്‍ക്കാതെ പോയതിന്റെ പരിണിത ഫലമാണിത്.

മിന്നാരം സിനിമയിലെ ‘അണ്ടിപോയ അണ്ണാന്റെ’ അവസ്ഥയിലാണിപ്പോള്‍ ചെന്നിത്തല. പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം ശക്തിയോടെ, അദ്ദേഹത്തിന് തന്നെ തിരിച്ചടിക്കുകയാണ് ചെയ്യുന്നത്.

2021 ലെ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടാണ് ഈ ശ്രമങ്ങളെല്ലാം ചെന്നിത്തല നടത്തിയിരിക്കുന്നത്. എല്ലാം തന്നെ തവിട് പൊടിയായും മാറിക്കഴിഞ്ഞു.

വി.എസ് ഇരുന്ന കസേരയുടെ ‘പവറാണ് ‘ചെന്നിത്തലയായിട്ട് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്.

‘കേട്ടപാതി കേള്‍ക്കാത്ത പാതി’ ചെന്നിത്തലയുടെ വാദം ഏറ്റെടുത്ത, യു.ഡി.എഫ് ഘടകകക്ഷികളും ഇപ്പോള്‍ ശരിക്കും വെട്ടിലായി കഴിഞ്ഞു.

ചെന്നിത്തലയേക്കാള്‍ ഇവര്‍ക്ക് ഇപ്പോഴും സ്വീകാര്യന്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്. ചെന്നിത്തലക്ക് കിട്ടിയ പ്രഹരത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന മറ്റൊരു വിഭാഗം കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗമാണ്. കൊറോണക്കാലം കഴിഞ്ഞാല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റാനാണ് ‘എ’ വിഭാഗം അണിയറയില്‍ ചരട് വലിക്കുന്നത്. ഉള്ള സീറ്റുകള്‍ പോലും ചെന്നിത്തല നയിച്ചാല്‍ ഉണ്ടാവില്ലന്ന മുന്നറിയിപ്പാണ് ഘടക കക്ഷികള്‍ക്കും അവര്‍ നല്‍കിയിരിക്കുന്നത്.

Express View

Top