രാഷ്ട്രീയ കേരളം രാജ്യ അഭിമാനം, മാതൃകയാക്കി മറ്റു സംസ്ഥാനങ്ങൾ

കൊറോണ വൈറസിന്റെ രാജ്യത്തെ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുകയാണിപ്പോള്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍.

ഇവിടെ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേരാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്.മാര്‍ച്ച് 31 വരെ മാത്രം ഏഴുപേരാണ് മരിച്ചത്. മൂന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അനവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിനായി കേരള മോഡല്‍ തിരച്ചിലാണ് വിവിധ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നടത്തി വരുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത 2000 ത്തോളം പേരില്‍ നിന്നും വൈറസ് പടര്‍ന്നാല്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.രാജ്യത്തെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.

മാര്‍ച്ച് 19ന് അവസാനിച്ച മതസമ്മേളനത്തില്‍ 280 വിദേശികളാണ് പങ്കെടുത്തിരുന്നത്. വൈറസ് പടര്‍ന്നത് ഇവരില്‍ നിന്നാണെന്നാണ് സൂചന.പുറത്ത് വരുന്ന റിപ്പാര്‍ട്ടുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ചങ്കിടിപ്പിക്കുന്നതാണ്. കൈവിട്ടു പോയാല്‍ വലിയ വിലയാണ് രാജ്യം കൊടുക്കേണ്ടി വരിക. പുതിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ചില സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരേണ്ടതുണ്ട് എന്ന നിലപാടിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. കേരളത്തില്‍ പോത്തന്‍കോട് പഞ്ചായത്തില്‍ മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ക്വാറന്റൈയിനാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തിലാണ് ഈ മുന്‍ കരുതല്‍.

മഹാരാഷ്ട്രക്ക് തൊട്ടുപിന്നാലെ കൊറോണ കേസുകള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് രോഗി എത്തിയതും കേരളത്തിലാണ്. എന്നാല്‍ ഇവരെ ചികിത്സിച്ച് രോഗം ബേധമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.

കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ പൂര്‍ണ്ണ സംതൃപ്തിയിലാണ്. കേരള മാതൃക പിന്തുടരാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചികിത്സയുടെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണം നല്‍കുന്ന കാര്യത്തിലും പുനരധിവാസത്തിലും കേരളം തന്നെയാണ് രാജ്യത്തെ നമ്പര്‍ വണ്‍.

ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട മരണങ്ങള്‍ പോലും, അനുബന്ധ അസുഖങ്ങള്‍ മൂലമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഇതിനിടെ, ഇറ്റലിയില്‍ നിന്നും വന്ന 5അംഗ കുടുംബത്തിന്റെ രോഗം ഭേദമാക്കി ഡിസ്ചാര്‍ജ് ചെയ്ത സംഭവവും കേരളത്തിന് നേട്ടമായിട്ടുണ്ട്. ഇതില്‍ 88 കാരിയും 93 കാരനും ഉള്‍പ്പെടുന്നുണ്ട്. പ്രായമായവരെയും ഭേദമാക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ഇതുവഴി കേരളം ലോകത്തിന് നല്‍കിയിരിക്കുന്നത്.

ഇതിനു പുറമെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ബ്രിട്ടീഷ് പൗരനും രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. വിദേശത്തായിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇയാളെയും കേരളം രക്ഷപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആ അവസ്ഥയിലേക്ക് പോയ സംസ്ഥാനം കൂടിയാണ് കേരളം.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മുന്നില്‍ നിന്നും നയിക്കുകയാണ് ദൈവത്തിന്റെ ഈ സ്വന്തം നാടിപ്പോള്‍ ചെയ്യുന്നത്.

മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ശ്രദ്ധിച്ചാല്‍ തന്നെ കേരള മാതൃക ആര്‍ക്കും വ്യക്തമാകും.

കൊറോണ രോഗികളുടെ റൂട്ട് മാപ്പ് ആദ്യം ഉണ്ടാക്കി ഇടപഴുകിയവരെ ക്വാറന്റൈന്‍ ചെയ്തത് കൊച്ചിയിലാണ്.വിജയകരമായി പരീക്ഷിച്ച മാതൃകയാണിത്.

മൂന്നാഴ്ച രാജ്യം അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും വിശന്നിരിക്കേണ്ടി വരില്ലന്ന് പ്രഖ്യാപിച്ചതും കേരളമാണ്.കമ്യൂണിറ്റി കിച്ചണ്‍ പദ്ധതി ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റാണ്.

കൊറോണയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നിനാണ് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യവും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നത്.

ഇതുപോലെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളും ഇപ്പോള്‍ നീങ്ങുന്നത്.ഡല്‍ഹിയും തെലങ്കാനയും കുടിയേറ്റ തൊഴിലാളികള്‍ക്കിപ്പോള്‍ അഭയമൊരുക്കിയതും കേരളത്തിന്റെ ഈ മാതൃകയുടെ ചുവട് പിടിച്ചാണ്.

തമിഴ്നാട് 3280 കോടിയുടെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഓരോ റേഷന്‍കാര്‍ഡിനും 1000 രൂപയും സൗജന്യ അരിയും സാധനങ്ങളും. അസംഘടിത തൊഴിലാളികള്‍ക്ക് 15 കിലോ അരിയും. അമ്മ ക്യാന്റീനുകള്‍വഴി ഭക്ഷണവും തമിഴകം നല്‍കും.

പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നിര്‍മാണത്തൊഴിലാളികള്‍ക്കും 3000 രൂപയും ദിവസക്കൂലിക്കാര്‍ക്ക് റേഷന്‍കിറ്റുമാണ് നല്‍കുന്നത്.

ഡല്‍ഹിയില്‍ രാത്രിപാര്‍പ്പിടങ്ങളും, നാല് ലക്ഷം പേര്‍ക്ക് സൗജന്യ ഭക്ഷണവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡിഷ കോവിഡ് ചികിത്സയ്ക്ക് രണ്ട് ആശുപത്രികളാണ് തുറക്കുന്നത്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നാല് മാസത്തെ ശമ്പളവും മുന്‍കൂര്‍ നല്‍കും.

ഉത്തര്‍പ്രദേശില്‍ രജിസ്ട്രേഷനുള്ള നിര്‍മാണതൊഴിലാളികള്‍ക്ക് 1000 രൂപയാണ് നല്‍കുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരുമാസത്തെ സൗജന്യറേഷനുമുണ്ട്. വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷനും നല്‍കും.

ഗുജറാത്തില്‍ റേഷന്‍കാര്‍ഡുള്ള 60 ലക്ഷം കുടുംബങ്ങള്‍ക്ക് 3.5 കിലോ ഗോതമ്പ്, 1.5 കിലോ അരി, ഒരോ കിലോ പയറുവര്‍ഗം, എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവയാണ് നല്‍കുന്നത്.

തെലങ്കാനയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് 500 രൂപയും 12 കിലോ അരിയും, അന്നപൂര്‍ണ ക്യാന്റീനുകള്‍വഴി സൗജന്യഭക്ഷണവും നല്‍കും

മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത 12 ലക്ഷം തൊഴിലാളികള്‍ക്ക് ബാങ്കിലൂടെ സഹായമെത്തിക്കല്‍ പരിഗണനയിലാണുള്ളത്.

രാജസ്ഥാനില്‍ 2,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 78 ലക്ഷം പേര്‍ക്ക് രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കും. 36 ലക്ഷം കുടുംബങ്ങള്‍ക്ക് 1,000 രൂപ വീതം സഹായവും നല്‍കും.

ഹരിയാനയില്‍ ഏപ്രിലിലെ റേഷന്‍ സൗജന്യമാണ്. മുഖ്യമന്ത്രി ‘പരിവാര്‍ സമൃദ്ധി’ യോജനയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി 4,000 രൂപയാണ് സഹായധനം.

ആന്ധ്രപ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് റേഷന്‍ വീട്ടില്‍ എത്തിച്ച് നല്‍കും. 2.5 ലക്ഷം സന്നദ്ധപ്രവര്‍ത്തകരുടെ ശൃംഖല ഇതിനായി മാത്രം രൂപീകരിച്ചിട്ടുണ്ട്.

കേരളം കാട്ടിയ വഴിയിലൂടെയാണ് രാജ്യവും ഇപ്പോള്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതികളെല്ലാം.


Express View

Top