കേരളത്തിലെ സൗകര്യം മറ്റെവിടെ ? അതിഥി തൊഴിലാളികൾ തിരിച്ചറിയുക

ണിയില്ല, നയാ പൈസയുമില്ല, എങ്കിലും അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഹാപ്പിയാണ്. ഈ ലോക് ഡൗണ്‍ കാലത്തും അവര്‍ക്ക് ഭക്ഷണമുണ്ട്. വെള്ളമുണ്ട് നാടിന്റെ കരുതലുമുണ്ട്.

സ്വന്തം നാട്ടിലെ കാര്യങ്ങള്‍ ഓര്‍ത്ത് മാത്രമാണ് അവര്‍ക്കിപ്പോള്‍ ആശങ്കയുള്ളത്.

വീട്ടില്‍ എല്ലാവരും പട്ടിണിയിലാകും, അതുകൊണ്ട് എങ്ങനെയും മടങ്ങണമെന്ന നിലപാടാണ് പലര്‍ക്കുമുള്ളത്. ബീഹാറിലെ ദനാപുര്‍ സ്വദേശി അജിന്ത ഇതിന്റെ പ്രതീകമാണ്. ട്രെയിനുകള്‍ ഓര്‍ക്കാപ്പുറത്ത് റദ്ദാക്കിയതാണ് ഇവര്‍ക്കെല്ലാം തിരിച്ചടിയായിരിക്കുന്നത്.

സംസ്ഥാനത്ത് 4603 ക്യാമ്പുകളിലായി 1,44, 145 അതിഥി തൊഴിലാളികളാണ് ഉള്ളത്.ഇവര്‍ക്കെല്ലാം ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ സര്‍ക്കാര്‍ തന്നെയാണ് നേരിട്ട് ഉറപ്പു വരുത്തിയത്. മുഴുവന്‍ ക്യാംപുകളിലും ആരോഗ്യ പ്രവര്‍ത്തകരും ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്.ഐസൊലേഷന്‍ മുറികളും സജജമാണ്.

തങ്ങളുടെ നാട്ടില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത സൗകര്യങ്ങളാണ് ഇതെന്നാണ് അതിഥി തൊഴിലാളികള്‍ പറയുന്നത്.

യുപി, ബീഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.

ഉറ്റവര്‍ക്ക് സ്വന്തം നാട്ടില്‍ അന്നം ലഭിക്കില്ലന്ന ആശങ്കയാണ് അജിന്തയെ പോലുള്ളവരെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ സ്ഥിതി അതല്ല, അവിടെ ഭക്ഷണമടക്കം കിട്ടാതെ വലഞ്ഞാണ് അതിഥി തൊഴിലാളികള്‍ സ്ഥലം വിടുന്നത്.കൂട്ട പലായനമാണ് രാജ്യ തലസ്ഥാനത്ത് നിന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 300ഉം 400ഉം കിലോമീറ്റര്‍ നടന്നു വരെ ജനക്കൂട്ടം യാത്രയാവുകയാണ്. ഇത്തരമൊരു സാഹസത്തിന് തുനിഞ്ഞിറങ്ങിയ ഒരു യുവാവ് ഹൃദയസ്തംഭനം മൂലം മരിക്കുന്ന സാഹചര്യവുമുണ്ടായി.

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തില്‍ പേടിക്കേണ്ട ഘട്ടത്തില്‍ തന്നെ, ആയിരങ്ങള്‍ സംഘടിച്ചിറങ്ങിയത്, വലിയ രോഗഭീതിയാണ് രാജ്യത്തിപ്പോള്‍ പടര്‍ത്തിയിരിക്കുന്നത്.

പല വിദേശ മാധ്യമങ്ങളും ഈ പലായനത്തെ കൊറോണ ഭയന്നുള്ള പലായനമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്കും, ഭവന രഹിതര്‍ക്കും, ആവശ്യമായ സഹായം ചെയ്തില്ലങ്കില്‍ മഹാമാരിയുടെ സമൂഹ വ്യാപനം തടയാന്‍ പറ്റാത്ത സാഹചര്യമാണുണ്ടാകുക. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല.

താന്‍ ഭയപ്പെട്ടത് സംഭവിച്ചു തുടങ്ങിയെന്നാണ് യെച്ചൂരി ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്.

പതിനായിരങ്ങള്‍ നിരത്തിലിറങ്ങിയതോടെ, 1000 ബസുകള്‍ ഡല്‍ഹിയിലേക്ക് അയക്കാന്‍ യു.പി സര്‍ക്കാരും നിര്‍ബന്ധിതരായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗ്ഗം തന്നെയാണിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലേയ്ക്കയച്ച ബസുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിപ്പേരാണ് വഴിയാധാരമായി നില്‍ക്കുന്നത്.

കൊറോണ രോഗത്തിന്റെ ഭീകരതയോ സാമുഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയോ അല്ല, വിശക്കുന്ന വയര്‍ മാത്രമാണ് അതിഥി തൊഴിലാളികളെ പലായനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലെ വലിയ പിഴവുകള്‍ വ്യക്തമാക്കുന്നതാണ് ഈ കരളലിയിക്കുന്ന കാഴ്ചകള്‍. പലായനം ചെയ്യുന്നവരില്‍ വൃദ്ധരും, രോഗികളും, സ്ത്രീകളും, കുട്ടികളുമെല്ലാമുണ്ട്.

വിഭജനകാലത്തെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പാലായനമാണിത്.

ഇന്ത്യയില്‍ ഏതാണ്ട് 15 കോടി ആളുകള്‍ സ്വന്തം ജന്മസ്ഥലം വിട്ട് പട്ടണങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം പണിയെടുക്കാന്‍ പോകുന്നവരാണ്. പൊടുന്നനെ രാജ്യം മുഴുവന്‍ അടച്ചുപൂട്ടുമ്പോള്‍ ഇവര്‍ക്ക് പണിയില്ലാതാകുന്നു. ഇവര്‍ എങ്ങനെ നാട്ടിലേയ്ക്ക് തിരിച്ചുപോകുമെന്നത് വലിയൊരു ചോദ്യം തന്നെയാണ്. പ്രത്യേകിച്ച് ലോക് ഡൗണ്‍ എത്ര നാള്‍ നീളുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍. ഇതിന് ഉത്തരം കണ്ടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

അതിഥി തൊഴിലാളികള്‍ക്ക് നഗരങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ ബസോ ട്രെയിനോ മുന്‍പ് തന്നെ ഏര്‍പ്പാട് ചെയ്യാത്തതാണ് തിരിച്ചടിയായത്. കൂട്ടംകൂട്ടമായി സ്വന്തം നാടുകളിലേയ്ക്ക് പാലായനം ചെയ്യുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ പോലും അധികൃതര്‍ എത്തിച്ച് നല്‍കിയിരുന്നില്ല.

ഇവിടെയാണ് കേരളം രാജ്യത്തിന് തന്നെ മാതൃകയാകുന്നത്. അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണവും ചികിത്സയും സുരക്ഷിത താവളവും ഒരുക്കേണ്ട ചുമതലയെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നത്, മുഖ്യമന്ത്രി തന്നെയാണ്. ഇവരുടെ കാര്യം തൊട്ട് തെരുവു മൃഗങ്ങളുടെ കാര്യത്തില്‍ വരെ മനുഷ്യസാധ്യമായ പരമാവധി കരുതലാണ് കേരളാ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.


Express View

Top