ഡൽഹി നിസാമുദ്ദീൻ ‘സംഭവത്തിൽ’ ഉത്തരവാദി കേന്ദ്ര സർക്കാർ തന്നെ !

കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണ്, വര്‍ഗ്ഗീയ വൈറസ്. വീട്ടില്‍ അടച്ചിട്ടിരുന്നാല്‍ കൊറോണയില്‍ നിന്നും നമുക്ക് രക്ഷപ്പെടാം, എന്നാല്‍, വര്‍ഗ്ഗീയ വൈറസ് വ്യാപിച്ചാല്‍ അതിനുപോലും സാധിക്കുകയില്ല. വാതില്‍ ചവിട്ടി പൊളിച്ചാണ് ഈ വൈറസ് അകത്ത് കയറി ആക്രമിക്കുക.

ഇക്കാര്യം വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗോസ്വാമിമാരും സോഷ്യല്‍ മീഡിയകളിലെ ദുഷ്ട മനസ്സുകളും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഗുജറാത്തും, ഡല്‍ഹിയുമെല്ലാം പൊള്ളുന്ന ഓര്‍മ്മകളായി ഇപ്പോഴും നമ്മുടെ മുന്നിലുണ്ടെന്നതും ആരും മറന്നു പോകരുത്.

ഇതെല്ലാം ശരിക്കും ബോധ്യമുള്ളത് കൊണ്ടു തന്നെയാണ് മുഖ്യമന്ത്രി, രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലന്ന് വ്യക്തമാക്കിയിരിക്കുന്നത്.

മതം നോക്കി ബാധിക്കുന്ന ഒന്നല്ല കൊറോണ വൈറസ് എന്ന ബോധം വര്‍ഗ്ഗീയ വൈറസ് പടര്‍ത്തുന്നവര്‍ക്കും ഉണ്ടാവേണ്ടതാണ്.

ഞങ്ങള്‍ ഒരിക്കലും നിസാമുദ്ദീനിലെ മര്‍ക്കസ് സ്ഥാപനത്തിന്റെ നിലപാടുകളെ അംഗീകരിക്കുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതല്‍ തന്നെ ആളുകള്‍ കൂടുന്നതിന് ഡല്‍ഹിയില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇതാണ് മര്‍ക്കസ് അധികൃതര്‍ ലംഘിച്ചിരിക്കുന്നത്. മഹാമാരിയെ ഭയന്ന് സൗദി, ഉംറ പോലും വേണ്ടന്ന് വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അവര്‍ മക്കത്തെയും മദീനത്തെയും പുണ്യ പളളികള്‍ അടച്ചുപൂട്ടുക വരെ ചെയ്തു കഴിഞ്ഞു. ഇവിടെയാണ് നിസാമുദ്ദീനിലെ മര്‍ക്കസ് ഭാരവാഹികള്‍ക്ക് വീഴ്ച പറ്റിയിരിക്കുന്നത്. എത്ര വര്‍ഷത്തെ തയ്യാറെടുപ്പാണെങ്കില്‍ പോലും ഈ സമ്മേളനം അവരും മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.

ലോകം നേരിടുന്ന പ്രത്യേക സാഹചര്യം മനസ്സിലാക്കിയിട്ടും, രാജ്യത്തെ നിയന്ത്രണങ്ങള്‍ അറിഞ്ഞിട്ടും മര്‍ക്കസില്‍ തബ് ലീഗ് സമ്മേളനം നടത്തിയത് തെറ്റ് തന്നെയാണ്. ആ തെറ്റിന് പക്ഷേ, മുസ്ലീം സമുദായത്തെ ആകെ പ്രതിക്കൂട്ടിലാക്കുന്നതും ശരിയായ നടപടിയല്ല. പ്രമുഖ മുസ്ലിം നേതാക്കള്‍ ആരും തന്നെ മര്‍ക്കസ് നിലപാടിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ലന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. അതേസമയം, പലരും പരസ്യമായി തളളിപ്പറയുകയാണ് ചെയ്തിരിക്കുന്നത്. ഡോ.എം.കെ മുനീറും, എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറുമെല്ലാം ഇതേ നിലപാട് സ്വീകരിച്ചവരാണ്. പക്വമായ നിലപാടാണിത്.

വിദേശ പ്രതിനിധികളടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നായി 8000ത്തിലധികം പ്രതിനിധികളാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ കൊറോണ വൈറസ് ബാധയേറ്റ് 10 പേര്‍ ഇതിനകം തന്നെ മരിച്ചു കഴിഞ്ഞിട്ടുണ്ട്. രോഗബാധയേറ്റിരിക്കുന്നത് 400 ഓളം പേര്‍ക്കാണ്.ഇവരില്‍ മിക്കവരും നാട്ടിലേക്കാണ് മടങ്ങിയിരിക്കുന്നത്.824 വിദേശികളും വിവിധ സംസ്ഥാനങ്ങളിലായിട്ടുണ്ട്. ഇവരെ മുഴുവന്‍ കണ്ടെത്താനായി യുദ്ധകാല അടിസ്ഥാനത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്. സമൂഹ വ്യാപനം നടന്നോ എന്ന ആശങ്കയും കേന്ദ്ര സര്‍ക്കാറിനുണ്ട്.

ഇത്തരമൊരു സാഹചര്യം രാജ്യത്ത് ഉണ്ടാക്കിയതിന്റെ പ്രധാന ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാറിനു തന്നെയാണുള്ളത്.

രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും, പൊലീസും, എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന്, ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇനി മറുപടി പറയേണ്ടത്.

ഡല്‍ഹിയില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് അമിത് ഷായാണ്, രാജ്യത്തെ വിമാനത്താവളങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്.

വൈറസ് ബാധിതരായ സമ്മേളന പ്രതിനിധികള്‍ വിമാനമിറങ്ങിയപ്പോള്‍ അവിടെ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്തെടുക്കുകയായിരുന്നു ? ഫിബ്രുവരി ഒന്നു മുതല്‍ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വിദേശികളുടെ കണക്കുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നതാണ്. മാര്‍ച്ച് 6 ന് വിദേശത്ത് നിന്നും വരുന്ന ഇന്ത്യാക്കാരുടെ വിവരങ്ങളും നല്‍കപ്പെട്ടതാണ്.

കൊറോണയെ നേരിടാന്‍ ഈ കണക്കൊക്കെ വെച്ച് എന്താണ് ചെയ്തിരിക്കുന്നത് ? എന്ത് നിരീക്ഷണമാണ് വിമാനത്താവളങ്ങളില്‍ നടത്തിയിരിക്കുന്നത്.

70 രാജ്യങ്ങളില്‍ നിന്നായി 2000 ത്തോളം വിദേശ പ്രതിനിധികള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്.ഇതില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വന്നവരുമുണ്ട്.ഇവരില്‍ നിന്നായിരിക്കും വൈറസ് ബാധ പടര്‍ന്നതെന്നാണ് സംശയം.

ഇതില്‍ വിദേശികളായ 800 ഓളം പേരെ വൈകിയാണെങ്കിലും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. വിസ ചട്ടങ്ങളുടെ ലംഘനം ആരോപിച്ചാണ് ഈ നടപടി. ടൂറിസ്റ്റ് വിസയില്‍ വന്ന് ഇവര്‍ മത പ്രചരണം നടത്തുകയായിരുന്നു വെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.

ടൂറിസ്റ്റുകള്‍ എവിടെ നിന്നു വരുന്നു ? എന്തിനു വരുന്നു ? എവിടേക്ക് പോകുന്നു? എന്നൊക്കെ മനസ്സിലാക്കുന്നതില്‍ ഇന്റലിജന്‍സിന് പറ്റിയിരിക്കുന്നത് ഗുരുതര വീഴ്ചയാണ്.

കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികളെ പരിശോധനക്ക് വിധേയമാക്കാതിരുന്നതും വലിയ പിഴവ് തന്നെയാണ്.

ആ പിഴവിനാണ് രാജ്യം ഇപ്പോള്‍ വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നത്.

നിസാമുദ്ദീനിലെ മര്‍ക്കസ് സമ്മേളന നഗരി പ്രവര്‍ത്തിക്കുന്നത് തന്നെ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നാണ്.

വിദേശികള്‍ ഉള്‍പ്പെടെ വന്നതും 8000ത്തോളം പേര്‍ സംഘടിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു നടപടിയും ഡല്‍ഹി പൊലീസ് സ്വീകരിച്ചിട്ടില്ല.

കുറ്റകരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കെല്ലാം എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തയ്യാറാവേണ്ടത്.

മാര്‍ച്ച് 20നാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യ സ്വദേശിക്ക് തെലങ്കാനയില്‍ വച്ച് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. അപ്പോള്‍ തന്നെ ഗൗരവമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മര്‍ക്കസിലെത്തിയത് തന്നെ മാര്‍ച്ച് 26ന് ആണ്. എന്നിട്ടും നടപടി ഉണ്ടായില്ല.27 ന് ഹരിയാനയിലും ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി.

28 ന് വീണ്ടും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മര്‍ക്കസിലെത്തുകയുണ്ടായി. പഴയ അവസ്ഥ തന്നെയാണ് അപ്പോഴും ഉണ്ടായിരുന്നത്.

‘തങ്ങള്‍ ഇത്ര പേര്‍ ഇവിടെ ഉണ്ടെന്നും മാറാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട്’ മര്‍ക്കസ് ഭാരവാഹികള്‍ മാര്‍ച്ച് 24നും 25നും അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ട് പോലും നടപടി ഉണ്ടായിട്ടില്ല. ഈ കത്തിന്റെ കോപ്പികളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. 23 ന് മര്‍ക്കസ് ഭാരവാഹികളോട് ഒഴിയാന്‍ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി പൊലീസ് ഒരു വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ കാണാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നാണ് ഇതിന് മര്‍ക്കസ് ഭാരവാഹികള്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഇതില്‍ ആര് പറയുന്നത് ശരിയായാലും കള്ളമായാലും ഒഴിപ്പിക്കല്‍ നടന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒടുവില്‍ ഏപ്രില്‍ ഒന്നിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തന്നെ, പുലര്‍ച്ചെ 2 മണിക്ക് മര്‍ക്കസിലെത്തിയാണ് ആളുകളെ ഒഴിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തിരിക്കുന്നത്. വളരെ നേരത്തെ ആവേണ്ടിയിരുന്ന നടപടിയാണിത്.

തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത, വിദേശികള്‍ അടക്കമുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണിപ്പോഴുള്ളത്. ജനങ്ങളുടെ ചങ്കിടിപ്പേറ്റുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. യുദ്ധകാല അടിസ്ഥാനത്തിലാണ്, കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഇവരെ കണ്ടെത്താന്‍ പരക്കം പായുന്നത്.

നിസാമുദ്ദീന്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമല്ല കെജരിവാള്‍ സര്‍ക്കാറിനും വലിയ വീഴ്ചയാണ് പറ്റിയിരിക്കുന്നത്.

കേരളത്തില്‍, മത നേതാക്കളുടെ യോഗം വിളിച്ച് കൂട്ടി മുഖ്യമന്ത്രിയാണ് കൂട്ടം കൂടുന്നതിന്റെ അപകടം ബോധ്യപ്പെടുത്തിയിരുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശം മത നേതാക്കളെ കൊണ്ട് അംഗീകരിപ്പിച്ചതാണ് കേരളത്തിന്റെ വിജയം. ഇത്തരം മുന്‍ കരുതല്‍ നടപടി ഡല്‍ഹിയില്‍ സ്വീകരിക്കാതിരുന്നതാണ് തിരിച്ചടിയായത്. ഒരു മതവും മനുഷ്യരെ മരണത്തിന് വിട്ടുകൊടുക്കുകയില്ലന്ന യാഥാര്‍ത്ഥ്യം ഭരണകൂടമെങ്കിലും മനസ്സിലാക്കണമായിരുന്നു.

മര്‍ക്കസ് സംഭവം മുന്‍നിര്‍ത്തി മുസ്ലീം സമുദായത്തിനെതിരെ തിരിഞ്ഞവര്‍ മറ്റു ചില കാര്യങ്ങള്‍ കൂടി പരിശോധിക്കുന്നതും നല്ലതായിരിക്കും.

ഡല്‍ഹിയിലെ തന്നെ ഒരു ഗുരുദ്വാരയില്‍ നിന്നും 400 ഓളം പേരെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്. ഇതും സമാനമായ സാഹചര്യം തന്നെയാണ്.

കൂട്ടം കൂടുന്നതിന് നിയന്ത്രണവും സമ്പര്‍ക്ക വിലക്കും ഉള്ളപ്പോള്‍ തന്നെയാണ് മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യക്കും ബി.ജെ.പി വലിയ സ്വീകരണം നല്‍കിയിരുന്നത്.

കൊറോണ ബാധിച്ച ഗായികയുമായി ഇടപെട്ട, ബി.ജെ.പി എം.പി ദുഷ്യന്ത് സിങ്ങിന്റെ നടപടിയെ തുടര്‍ന്ന് 90 ഓളം എം.പിമാര്‍ക്കാണ് ക്വാറന്റേനില്‍ പോകേണ്ടി വന്നിരുന്നത്.

കൊറോണക്കാലത്ത്, കൂട്ടം ആര് കൂടിയാലും, അത് എവിടെ തന്നെയായാലും വൈറസിനാണ് ഗുണകരമാകുക. ജാതിയും മതവും ദേശവും ഒന്നും ഇല്ലാത്ത ഈ കൊലയാളി വൈറസിന് ഒറ്റ ലക്ഷ്യമേയൊള്ളൂ, അത് മനുഷ്യരെ അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണ്.

കൊറോണ വൈറസിനെ നേരിടുന്നതില്‍, കേന്ദ്ര സര്‍ക്കാറിന് തുടക്കം തന്നെ പിഴക്കുകയാണുണ്ടായത്. ചൈനയില്‍ പൊട്ടി പുറപ്പെട്ട ഈ വൈറസിനെ കണ്ടെത്താന്‍ തുടക്കത്തില്‍ സ്വീകരിച്ച പ്രതിരോധത്തിലാണ് പാളിച്ച പറ്റിയിരിക്കുന്നത്.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കി ക്വാറന്റേന്‍ ചെയ്യണമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ചൈനയെയും രോഗം പടര്‍ന്ന മറ്റിടങ്ങളിലെ യാത്രക്കാരെയും നോട്ടമിട്ടപ്പോള്‍ ഗള്‍ഫിനെയാണ് കേന്ദ്ര സര്‍ക്കാര്‍ മറന്ന് പോയത്.

ആദ്യഘട്ടത്തില്‍ വന്ന ഈ പിഴവാണ് രാജ്യത്ത് രോഗം കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്.

മിക്ക വിമാനത്താവളങ്ങളില്‍ നടന്ന പരിശോധനകളിലും വലിയ വീഴ്ചയാണുണ്ടായത്.നിസാമുദ്ദീനിലെ മര്‍ക്കസില്‍ രോഗ ബാധിതര്‍ എത്തിയതും ഈ വീഴ്ച മൂലം തന്നെയാണ്.

കള്ളക്കടത്ത് പിടിക്കാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയാണ്, വിമാനത്താവളത്തില്‍ വൈറസ് വാഹകരെ കണ്ടെത്താന്‍ ഇല്ലാതിരുന്നത്.

ആരോഗ്യ പ്രവര്‍ത്തകരെ കാണാതെ യാത്രക്കാര്‍ പുറത്ത് കടക്കുന്ന സാഹചര്യം ഉണ്ടാക്കരുതായിരുന്നു.

കേരളത്തില്‍ പോലും, കൊറോണ ബാധിച്ച ഇറ്റലി കുടുംബം, കേന്ദ്ര സുരക്ഷാ സേനയുടെ മുന്നിലൂടെയാണ് വിമാനത്താവളത്തില്‍ നിന്നും നെഞ്ച് വിരിച്ച് പുറത്ത് കടന്നിരുന്നത്. അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ കാര്യം എന്തായിരിക്കുമെന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ.

കേന്ദ്ര സര്‍ക്കാരിന് പറ്റിയ ഈ വലിയ പിഴവ്, നിസാമുദ്ദീനിലെ മര്‍ക്കസിനെ പ്രതിക്കൂട്ടിലാക്കിയത് കൊണ്ടു മാത്രം ഇല്ലാതാകുന്നതല്ല. വര്‍ഗ്ഗീയ വൈറസ് പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യവും ഇനി ഓര്‍ത്തുകൊള്ളണം.


Express View

Top